Connect with us

National

ഔറംഗസീബിന്റെ ഖബര്‍ പൊളിക്കുമെന്ന് ഹിന്ദുത്വ വാദികളുടെ ഭീഷണി

ബാബരി മസ്ജിദിനുണ്ടായ അതേ വിധി സംഭവിക്കുന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും

Published

|

Last Updated

മുംബൈ |  മുഗള്‍ ഭരണാധിപരില്‍ വിദ്യാസമ്പന്നനായിരുന്ന ചക്രവര്‍ത്തി ഔറംഗസീബിന്റെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഖബറിടം തകര്‍ക്കുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ വാദികളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും രംഗത്ത്. ഔറംഗസീബിന്റെ ഖബര്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ 1992 ബാബരി മസ്ജിദിനുണ്ടായ അതേ വിധി തന്നെ സംഭവിക്കുമെന്നാണ് ഭീഷണി.

ഈ ആവശ്യമുന്നയിച്ച് ഇന്ന് നാഗ്പൂര്‍ ജില്ലാ കലക്ടറുടെ ഓഫിസിന് മുന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കാതെ തുടരുകയാണെങ്കില്‍ ഔറംഗസീബിന്റെ ഖബര്‍ തകര്‍ക്കുമെന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി.

ഖുല്‍ദാബാദിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ തഹസില്‍ദാര്‍മാരുടെയും ജില്ലാ കലക്ടര്‍മാരുടെയും ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധങ്ങള്‍ നടത്തുമെന്ന് വി എച്ച് പി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ശിവസേനയിലെ മന്ത്രി സഞ്ജയ് ഷിര്‍സാത്ത് വി എച്ച് പിയുടെയും ബജ്‌റംഗ്ദളിന്റെയും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. ‘ഒരു ക്രൂര ഭരണാധികാരിയുടെ ഖബര്‍ സംരക്ഷിക്കേണ്ട ആവശ്യമെന്താണ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍, എന്‍ സി പി (എസ് പി) നേതാവ് ജിതേന്ദ്ര അവാദ് ഈ നിലപാടിനെ വിമര്‍ശിച്ചു.

ഔറംഗസീബിനെ പ്രശംസിച്ച സമാജ് വാദി പാര്‍ട്ടി എം എല്‍ എ അബു ആസ്മിക്കെതിരെ പൊതുജന വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ മാസം 26 വരെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡും ചെയ്തിരിക്കുകയാണ്. ഔറംഗസീബിനെ ക്രൂരനോ, സ്വേച്ഛാധിപതിയോ, അസഹിഷ്ണുതയുള്ളവനോ ആയ ഭരണാധികാരിയായി താന്‍ കാണുന്നില്ലെന്ന് പറഞ്ഞതിനാണ് അബു ആസ്മി നടപടി നേരിട്ടത്.

ലളിത ജീവതത്തിനുടമയായ ഔറംഗസീബ് ചക്രവര്‍ത്തിയുടെ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും തൊപ്പി തുന്നിയുമാണ് ജീവിച്ചിരുന്നത്. സൂഫി ജീവിതം തിരഞ്ഞെടുത്ത അദ്ദേഹം നിത്യവും പ്രാര്‍ഥനയിലായിരുന്നു. ദയാലുവും വിശാലഹൃദയനുമായിരുന്നെങ്കിലും ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ക്രൂരനായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ചരിത്രകാരില്‍ പലരും ഇതേ ചരിത്രം പകര്‍ത്തിയെഴുതി. ഇതാണ് മതസൗഹാര്‍ദം പുലര്‍ത്തിയിരുന്ന ഔറംഗസീബിനെ മതഭ്രാന്തനാക്കി പ്രചരിപ്പിക്കപ്പെട്ടത്.