Connect with us

Editors Pick

ഹിറാ ഗുഹ വിളിക്കുന്നു

സഊദിയുടെ പരിവര്‍ത്തന പദ്ധതിയായ 'വിഷന്‍ 2030' ന്റെ ഭാഗമായാണ് പുണ്യ ഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ വലിയ അഭിലാഷമായ ഹിറാ സന്ദര്‍ശനത്തിനുള്ള പാതയുടെ നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

മക്ക | ഹിറാ ഗുഹ വിളിക്കുന്നു. ഇതുവഴി സഞ്ചരിച്ചാല്‍ അനായാസേന ഇനി ചരിത്രമുറങ്ങുന്ന
ഹിറയിലെത്താം. ഹിറാ ഗുഹയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിമുതല്‍ പുതിയ നടപ്പാതയിലൂടെ സഞ്ചരിക്കാം.

പാതയുടെ ഇരുവശത്തും വിശ്രമത്തിനായി ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ജബല്‍ നൂര്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ഹിറാ ഗുഹയെക്കുറിച്ചുള്ള വിശദീകരണങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ വഴികളിലുടനീളം വൈദ്യുതി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ രാത്രിയിലും സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ ഹിറയിലെത്താന്‍ കഴിയും. മലമുകളിലേക്കുള്ള റോഡിന്റെ ശുചിത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളാണ് ഹിറാ ഗുഹയിലെത്താന്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഹിറാ ഗുഹയിലെത്താനുള്ള ബുദ്ധിമുട്ട് തന്നെ ഇതോടെ ഇല്ലാതായി.

വിശുദ്ധ കഅ്ബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ ജബലുന്നൂര്‍ ഡിസ്ട്രിക്റ്റില്‍ സ്ഥിതിചെയ്യുന്ന പര്‍വതത്തിന് 640 മീറ്റര്‍ (2,100 അടി) ഉയരവും ഹിറാ ഗുഹക്ക് നാല് മുഴം നീളവും 1.75 മുഴം വീതിയുമാണുള്ളത്. ജബലുന്നൂറിലെ ഗുഹയില്‍ മുഹമ്മദ് നബി (സ) തങ്ങള്‍ വിശുദ്ധ റമസാന്‍ മാസത്തില്‍ ഇബാദത്തില്‍ കഴിഞ്ഞിരുന്ന സമയത്താണ് ജിബ്രീല്‍ (അ) മുഖേന വിശുദ്ധ ഖുര്‍ആന്റെ ദിവ്യ സന്ദേശം ഇറങ്ങിയത്.

‘വായിക്കുക’ എന്ന ‘ഇഖ്‌റഅ്’ എന്ന് തുടങ്ങുന്ന വാചകമായിരുന്നു ആദ്യമായി ഭൂമിയിലേക്ക് ഇറങ്ങിയ സന്ദേശം. മുസ്‌ലിംകള്‍ വളരെ ആദരവോടെയാണ് ഈ പ്രദേശത്തെ കാണുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങാന്‍ ഭാഗ്യം ലഭിച്ച ഹിറാ ഗുഹ നിലകൊള്ളുന്ന ജബല്‍ നൂര്‍ പര്‍വതം ‘പ്രകാശം പരത്തുന്ന പര്‍വതം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ നിന്ന് മസ്ജിദുല്‍ ഹറം വളരെ വ്യക്തമായി കാണാനും കഴിയും.

മക്ക ഗവര്‍ണറേറ്റ്, സാംസ്‌കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം, മക്ക മുന്‍സിപ്പാലിറ്റി, ഗസ്റ്റ്‌സ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം, ജനറല്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ മക്കയിലെ റോയല്‍ കമ്മീഷനാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സഊദിയുടെ പരിവര്‍ത്തന പദ്ധതിയായ ‘വിഷന്‍ 2030’ ന്റെ ഭാഗമായാണ് പുണ്യ ഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ വലിയ അഭിലാഷമായ ഹിറാ സന്ദര്‍ശനത്തിനുള്ള പാതയുടെ നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. ഹിറാ ഗുഹയിലേക്കുള്ള നടപ്പാതയുടെ ആദ്യഘട്ടം 2023 ഡിസംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

Latest