Kerala
നിയമന കോഴ: ഒടുവിൽ പരാതിക്കാരൻ ഹാജരായി, ഒന്നും ഓർമയില്ലെന്ന് മൊഴി
ഹരിദാസനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
തിരുവനന്തപുരം | നിയമന കോഴ കേസിലെ പരാതിക്കാരൻ ദിവസങ്ങളുടെ അജ്ഞാതവാസത്തിന് ശേഷം പോലീസിന് മുമ്പാകെ ഹാജരായി. ഹരിദാസനാണ് ഇന്ന് കൻ്റോൺമെൻ്റ് പോലീസിന് മുന്നിൽ ഹാജരായത്. ഒന്നും ഓർമയില്ലെന്ന് ഹരിദാസൻ മൊഴി നല്‍കി.
ഹരിദാസനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ പറയുന്നത്. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. മൊഴിയെടുക്കാനായി പോലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല. ഇയാൾക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
നിയമന കോഴ തട്ടിപ്പ് കേസില്‍ പ്രധാന പ്രതി അഖില്‍ സജീവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാൾ ഉൾപ്പെട്ട സംഘം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നിയമന തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. കോട്ടയത്ത് വന്‍ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനെന്നു സംശ യിക്കുന്ന ബാസിത്തിന്റെ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ കണ്ടെടുക്കാനും പോലീസ് നടപടികള്‍ സ്വീകരിക്കും.
നിയമന തട്ടിപ്പ് കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കന്നത്. പരാതിക്കാരന്‍ ഹരിദാസില്‍ നിന്ന് 1.75 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയെന്നു നിയമന തട്ടിപ്പ് കേസിലെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.