Ongoing News
തന്റെ റെക്കോര്‍ഡ് അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടില്ല; ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഉസൈന്‍ ബോള്‍ട്ട്
'ആ റെക്കോര്‍ഡുകള്‍ ഒരുപാട് കാലം നിലനില്‍ക്കും. കുറെ വര്‍ഷം കൂടി അതുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.'
ന്യൂഡല്‍ഹി | ഒളിംപിക്‌സില്‍ താന്‍ കുറിച്ച റെക്കോഡുകള്‍ അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകത്തെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് ടെലിഫോണില്‍ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ബോള്‍ട്ടിന്റെ പ്രതികരണം. അടുത്ത മാസം നടക്കുന്ന ഐ സി സി ടി20 ലോകകപ്പിന്റെ അംബാസഡറെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ബോള്‍ട്ട് പി ടി ഐക്ക് അഭിമുഖം നല്‍കിയത്.
‘എന്റെ റെക്കോര്‍ഡ് അടുത്തൊന്നും തകര്‍ക്കപ്പെടുമെന്ന് കരുതുന്നില്ല. അത് ഒരുപാട് കാലം നിലനില്‍ക്കും. കുറെ വര്‍ഷം കൂടി ആ റെക്കോര്‍ഡുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.’- തുടര്‍ച്ചയായ മൂന്ന് ഒളിംപിക്‌സുകളിലെ 100, 200 മീറ്ററുകളില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ബോള്‍ട്ട് പറഞ്ഞു. അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്ന തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
2009ല്‍ ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് നൂറ് മീറ്ററില്‍ കുറിച്ച 9.58 സെക്കന്‍ഡിന്റെയും 200 മീറ്ററില്‍ സ്ഥാപിച്ച 19.19 സെക്കന്‍ഡിന്റെയും റെക്കോര്‍ഡ് ഇതുവരെ ആര്‍ക്കും മറികടക്കാനായിട്ടില്ല. 100 മീറ്ററില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ മില്ലര്‍, കെന്‍ഡല്‍ വില്യംസ് എന്നിവരുള്‍പ്പെടെ അഞ്ച് സ്പ്രിന്റര്‍മാര്‍ക്ക് മാത്രമാണ് ഈ സീസണില്‍ 10 സെക്കന്‍ഡിനടുത്ത സമയം കുറിക്കാനായത്. 9.93 സെക്കന്‍ഡാണ് ഇരുവരും ഓടിയെത്തിയ മികച്ച സമയം. 200 മീറ്ററില്‍ അമേരിക്കയുടെ തന്നെ കെന്നത്ത് ബെഡ്‌നാരേക് സ്ഥാപിച്ച 19.67 സെക്കന്‍ഡാണ് സീസണിലെ കൂടിയ വേഗം.