National
ഭാര്യക്ക് സുഖമില്ല, മകന്‍ വിദേശത്താണ്; ജാമ്യാപേക്ഷയുമായി സിസോദിയ ഡല്‍ഹി കോടതിയില്‍
മകന്‍ വിദേശത്താണ്.അതിനാല്‍ ഭാര്യയെ നോക്കേണ്ടത് സിസോദിയയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ന്യൂഡല്‍ഹി| ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യക്ക് അസുഖമാണെന്നും അവരെ പരിപാലിക്കാന്‍ ആരുമില്ലെന്നും കാണിച്ച് ജാമ്യാപേക്ഷയുമായി ഡല്‍ഹി കോടതിയെ സമീപിച്ചു. മകന്‍ വിദേശത്താണ് പഠിക്കുന്നതെന്നും അതിനാല്‍ ഭാര്യയെ നോക്കേണ്ടത് സിസോദിയയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ വ്യക്തമാക്കി
ഡല്‍ഹി എക്സൈസ് പോളിസി കേസില്‍ സിബിഐയുമായി സഹകരിച്ചുവെന്നും അന്വേഷണങ്ങളിലൊന്നും കുറ്റകരമായ വസ്തുതകള്‍ കണ്ടെത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. കൂടാതെ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ സിസോദിയയെ വെറുതെ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തടസ്സപ്പെടുത്താമെന്നും സിബിഐ വാദിച്ചു. കൂടാതെ മനീഷ് സിസോദിയ കൈകാര്യം ചെയ്ത 18 പോര്‍ട്ട്ഫോളിയോകളിലെ എല്ലാ വിവരങ്ങളും തന്റെ പക്കലുണ്ടെന്ന് സിബിഐയുടെ അഭിഭാഷകന്‍ പറഞ്ഞു. സിസോദിയ ഉപയോഗിച്ച ഒന്നിലധികം ഫോണുകളും ചില നിര്‍ണായക ഫയലുകളും പോലും അദ്ദേഹം നശിപ്പിച്ചതായും ആരോപിച്ചു.
മുന്‍ ഉപമുഖ്യമന്ത്രി ഇടയ്ക്കിടെ ഫോണ്‍ മാറ്റുന്നത് നല്ല നടപടിയല്ലെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വം ചെയ്തതാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് 60 ദിവസമുണ്ടെന്നും മനീഷ് സിസോദിയ പുറത്തു വന്നാല്‍ അന്വേഷണത്തില്‍ ഗുരുതരമായ വിട്ടുവീഴ്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.