Connect with us

National

ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകി; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍

ആകാശ് എയര്‍ലൈന്‍സിലേക്കാണ് ബെംഗളുരു സ്വദേശി വ്യാജ സന്ദേശം അയച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി|ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍. ആകാശ് എയര്‍ലൈന്‍സിലേക്കാണ് ബെംഗളുരു സ്വദേശി വ്യാജ സന്ദേശം അയച്ചത്. ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് വൈകുന്നേരം മലാഡിലെ എയര്‍ലൈനിന്റെ കോള്‍ സെന്ററിലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്.

വൈകുന്നേരം 6.40ന് മുംബൈയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഫ്ലൈറ്റ് നമ്പര്‍ ക്യുപി 1376 വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം. 167 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പെടെ ബന്ധപ്പെട്ടവരെ എയര്‍ലൈന്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് മുംബൈയിലെ എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.

ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് പോലീസ് എന്നിവര്‍ സംഭവസ്ഥലത്തെത്തിയത്. മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിക്കുകയും യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫോണ്‍ കോള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ വൈകിയെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ യുവാവിനെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമയം വൈകിയതിനാല്‍ ഭാര്യയ്ക്ക് വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കാന്‍ യുവാവ് തീരുമാനിച്ചതെന്നാണ് പോലീസിന് നല്‍കിയ മൊഴി.

 

 

 

 

Latest