Connect with us

Articles

സമന്വയ സംസ്‌കാരത്തിന്റെ ചരിത്രകാരന്‍

സ്വാതന്ത്ര്യ സമര കാലത്തും ഐക്യകേരള രൂപവത്കരണ സമയത്തും നിറഞ്ഞു നില്‍ക്കുകയും അക്കാലത്തെ അനുഭവങ്ങളെ നേരിട്ട് കാണുകയും നേരിടുകയും ചെയ്ത ഒരാളെന്ന നിലക്ക് എം ജി എസ് പല മേഖലയിലും അവസാന വാക്കായിരുന്നു. അഭിപ്രായങ്ങള്‍ ഭയത്തിനിടമില്ലാതെ പറയുന്നതില്‍ എം ജി എസ് എല്ലാ കാലത്തും മാതൃകയായിരുന്നു.

Published

|

Last Updated

ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രകാരനായ പ്രൊഫ. എം ജി എസ് നാരായണന്റെ വിയോഗം ഏവര്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപനകാലത്തെ അടിത്തറയിടുന്ന പ്രവര്‍ത്തനത്തിനൊപ്പം അക്കാദമിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ചരിത്രകാരനായി വളരാന്‍ പ്രൊഫ. എം ജി എസ് നാരായണന് കഴിഞ്ഞു. 1937ല്‍ സ്ഥാപിതമായ കേരള സര്‍വകലാശാലയുടെ പഠന കേന്ദ്രമായിരുന്ന കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജിൽ ചരിത്ര പഠന വിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരന്‍ എം ജി എസ് നാരായണനായിരുന്നു. കോഴിക്കോട് സര്‍വകലാശാല ആരംഭിച്ചപ്പോള്‍ കേരള സര്‍വകലാശാലക്കു കീഴിലായിരുന്ന ചരിത്ര പഠന കേന്ദ്രം കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗമായി മാറി. ഈ വിഭാഗത്തിന്റെ അടിത്തറയിട്ടതും അന്താരാഷ്ട്ര തലത്തിലെ മികച്ച ചരിത്ര ഗവേഷണ കേന്ദ്രമാക്കിയതും പ്രൊഫ. എം ജി എസ് നാരായണനായിരുന്നു.

പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയെ പോലുള്ള പണ്ഡിതന്‍മാരുടെ കീഴില്‍ ഗവേഷണം നടത്തിയ എം ജി എസ് നാരായണന്‍ കേരള ചരിത്രധാരണ വിപുലപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. കേരള ചരിത്രം ആദ്യമായി ഒരു അക്കാദമിക പഠന വിഷയമാക്കി വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയത് എം ജി എസ് നാരായണന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സര്‍വകലാശാലയിലെ ചരിത്ര വിഭാഗമാണ്.

ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സ്, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് എന്നിവയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ എം ജി എസിന് സാധിച്ചു. ഈ സമിതികളിലേക്ക് പുതിയ ഗവേഷകരെ ആകര്‍ഷിക്കാന്‍ എം ജി എസ് ചെയ്ത സേവനം മികച്ചതായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം യു ജി സി സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ്, അന്താരാഷ്ട്ര ചരിത്ര സമ്മേളനങ്ങള്‍ തുടങ്ങി ഒരു പുതിയ ചരിത്ര ഗവേഷണ കാലഘട്ടത്തിന് തുടക്കമിടാന്‍ പ്രൊഫ. എം ജി എസ് നാരായണന്‍ കാരണക്കാരനായി.
ഇന്ത്യയിലെ മുന്‍നിര ചരിത്ര ഗവേഷകന്മാരുമായി ചേര്‍ന്ന് ശാസ്ത്രീയ ചരിത്ര രചന വളര്‍ത്തിയെടുക്കാന്‍ പ്രൊഫ. എം ജി എസ് നാരായണന്‍ ശ്രമിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മേധാവിയായി പ്രവര്‍ത്തിച്ച എം ജി എസ് നാരായണന്‍ ശാസ്ത്രീയ ചരിത്രരചനക്കാണ് നിലകൊണ്ടത്. എം ജി എസ് എന്ന ചരിത്രകാരന്‍ എല്ലാ ഗവേഷകരുടെയും ചരിത്ര വിദ്യാര്‍ഥികളുടെയും ഗുരുവാണ്. ചരിത്ര ഗവേഷണ രംഗത്തും മറ്റ് അക്കാദമിക മേഖലയിലും ഇത്രത്തോളം ആദരവ് പിടിച്ചു പറ്റിയ മറ്റൊരു ചരിത്രകാരനെ കേരളത്തില്‍ കാണാന്‍ കഴിയില്ല.

സ്വാതന്ത്ര്യ സമര കാലത്തും ഐക്യകേരള രൂപവത്കരണ സമയത്തും നിറഞ്ഞു നില്‍ക്കുകയും അക്കാലത്തെ അനുഭവങ്ങളെ നേരിട്ട് കാണുകയും നേരിടുകയും ചെയ്ത ഒരാളെന്ന നിലക്ക് എം ജി എസ് പല മേഖലയിലും അവസാന വാക്കായിരുന്നു. അഭിപ്രായങ്ങള്‍ ഭയത്തിനിടമില്ലാതെ പറയുന്നതില്‍ എം ജി എസ് എല്ലാ കാലത്തും മാതൃകയായിരുന്നു.
ഡോ. കെ പി ഗോവിന്ദ മേനോന്റെ മകനായിരുന്ന എം ജി എസിന്റെ കുട്ടിക്കാലം കേരളത്തിലെ സ്വാതന്ത്ര്യ സമര കാലം കൂടിയായിരുന്നു. ആനി ബസന്റുമായി സൗഹൃദമുണ്ടായിരുന്ന കെ വി അച്യുതമേനോന്റെ ചെറുമകനായിരുന്നു എം ജി എസ്. ഇതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം അനുഭവങ്ങളില്‍ നിന്നും നേര്‍ക്കാഴ്ചകളില്‍ നിന്നും ഓര്‍മിച്ചു പറയാന്‍ എം ജി എസിന് കഴിയുമായിരുന്നു. ആധുനിക ചരിത്രം പഠിക്കുന്ന യുവ ഗവേഷകര്‍ക്ക് ഒരു പ്രധാന ഉറവിടം കൂടിയായി മാറുവാന്‍ എം ജി എസിന് സാധിച്ചു.

സാധാരണ മനുഷ്യര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംശയ നിവാരണത്തിനായി സമീപിക്കാവുന്ന ഒരാളെന്ന നിലക്ക് എം ജി എസ് എല്ലാവർക്കും ശാസ്ത്രീയ പാതയില്‍ ചരിത്രാന്വേഷണം നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അങ്ങനെയുള്ള എത്രയോ പേര്‍ എം ജി എസിന്റെ വസതിയിലെ നിത്യ സന്ദര്‍ശകരുമായിരുന്നു.
കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര പഠന വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്ത കാലത്താണ് ഞാന്‍ എം ജി എസിനെ കൂടുതല്‍ അടുത്തറിയുന്നത്. പഠന വിഭാഗത്തിന്റെ പ്രാരംഭ കാലത്തെ രേഖകള്‍ അടുക്കിയെടുത്ത് ശാസ്ത്രീയമായി സംരക്ഷിക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തന്നത് എം ജി എസായിരുന്നു. 1960കളിലും 70കളിലും എം ജി എസും സഹപ്രവര്‍ത്തകരും ശേഖരിച്ച ചരിത്ര രേഖകള്‍, സമ്മേളന നടത്തിപ്പിന്റെ തെളിവുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ എം ജി എസിന്റെ നിര്‍ദേശത്താലാണ് പുനക്രമീകരിച്ച് സംരക്ഷിച്ചത്.

ഇതിനൊപ്പമാണ് തന്റെ ജീവിത കാലത്തുണ്ടായ വിലപിടിച്ച സമ്പാദ്യമായ ആയിരത്തോളം ചരിത്ര പുസ്തകങ്ങളും രേഖകളും ചരിത്ര വിഭാഗത്തില്‍ സംരക്ഷിക്കാന്‍ നല്‍കാമെന്ന് എം ജി എസ് പറഞ്ഞത്. ഇവയെല്ലാം അന്വേഷകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ലൈബ്രറിയുടെ തുടക്കവും വളര്‍ച്ചയും എം ജി എസിലൂടെയായിരുന്നു.

ഈ രംഗത്തേക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്ത് പ്രവേശിച്ച ഞങ്ങള്‍ക്ക് മികച്ച മാതൃകയാകാന്‍ എം ജി എസിനായി. കേരളത്തിന്റെ സാമൂഹിക ജീവിതം വിവിധ സംസ്‌കാരങ്ങളുടെ സമന്വയത്തിലൂടെ ഉണ്ടായി വന്നതാണെന്ന എം ജി എസിന്റെ വാദം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. “കള്‍ച്ചറല്‍ സിംബയോസിസ് ഇന്‍ കേരള’, “റീ ഇന്റര്‍പ്രിട്ടേഷന്‍സ് ഇന്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി’, “പെരുമാള്‍സ് ഓഫ് കേരള’ എന്നീ പുസ്തകങ്ങള്‍ ഈ നിലപാടിനെ അടിസ്ഥാനമാക്കിയാണ് എം ജി എസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ നിലപാടുകള്‍ എം ജി എസ് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത ഗവേഷകരിലൂടെ ഇന്നും സജീവമായി നിലനില്‍ക്കുകയും ചെയ്യുന്നതായി കാണാം. എം ജി എസ് എന്ന ശബ്ദം ശാസ്ത്രീയ ചരിത്രരചനാ ലോകത്ത് അജയ്യമായി നിലനില്‍ക്കുമെന്നതിന് സംശയമില്ല.

(സീനിയര്‍ പ്രൊഫസര്‍, ചരിത്ര വിഭാഗം, കോഴിക്കോട് സര്‍വകലാശാല)