Connect with us

അതിഥി വായന

പോരാട്ട ഭൂമികയിലെ ചരിത്രസത്യങ്ങൾ

1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ -പി സുരേന്ദ്രൻ

Published

|

Last Updated

ജന്മദേശമായ പാപ്പിനിപ്പാറയിൽ നിന്ന് തുടങ്ങി 1921 ലെ മലബാർ സമരത്തിന്റെ പോരാട്ടഭൂമികകളായി മാറിയ ഏറനാടിന്റെയും വള്ളുവനാടിന്റെയും മലബാറിന്റെയും മുക്കുമൂലകളിലൂടെ ഒരെഴുത്തുകാരൻ നടത്തിയ ചരിത്രസത്യം തേടിയുള്ള സത്യാന്വേഷണങ്ങളുടെ ബൃഹത് സമാഹാരമാണ് 403 പേജുകളിൽ പരന്നുകിക്കുന്ന പി സുരേന്ദ്രന്റെ “1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ ” എന്ന പുസ്തകം.
കൊണ്ടാടപ്പെട്ടതും ചരിത്രത്തിൽ ഇടം കിട്ടാതെപോയതുമായ നിരവധി പോരാട്ടങ്ങളുടെയും അതിന്റെ ഇന്നും അവശേഷിക്കുന്ന നേർക്കാഴ്ചകളുടെയും ചിത്രങ്ങൾ സഹിതമാണ് ടെൽബ്രെയ്ൻ ബുക്സ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

നിരന്തരമായ യാത്രകളിൽ നിന്ന് ഊർജം സ്വീകരിച്ചുകൊണ്ട് കഥകളും നോവലുകളും യാത്രാവിവരണങ്ങളുമൊക്കെ രചിക്കുന്നതോടൊപ്പം ഫാസിസത്തിനെതിരെ എഴുത്തും വാക്കും ആയുധമാക്കി പ്രതിരോധം തീർക്കുന്ന ഒരു ആക്ടീവിസ്റ്റുകൂടിയായ പി സുരേന്ദ്രൻ തന്റെ തന്നെ ഏറ്റവും മികച്ച വർക്കായി കരുതുന്ന ഒരുപുസ്തകം കൂടിയാണിത്.
ഏറെ കോളിളക്കംസൃഷ്ടിച്ച മലബാർ സമരത്തിന് 100 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിലാണ് മലബാർ സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തെ വികലമാക്കിയും വക്രീകരിച്ചും അവതരിപ്പിച്ച് സംഘ് പരിവാരങ്ങളും അവരെ പിന്തുണക്കുന്ന മീഡിയകളും സജീവമായി നുണ പ്രചാരണം നടത്തുന്ന വർത്തമാനകാലത്ത് ഈ പുസ്തകം ചരിത്രത്തിന്റെ സത്യസന്ധമായ വായനയെ മുന്നോട്ടു വെക്കുന്നത്.

ബ്രിട്ടീഷുകാർ മലബാർ പ്രദേശത്ത് അവരുടെ മുഖ്യ എതിരാളികളായി കണക്കാക്കിയിരുന്നത് മാപ്പിള മുസ്്ലിംകളെയായിരുന്നു. കാരണം, ബ്രിട്ടീഷ് വാഴ്ചയേയും അവരുടെ പിന്തുണക്കാരായിരുന്ന നാട്ടുപ്രമാണി, ജന്മികൾക്കുമെതിരെ അവകാശബോധം ഉയർത്തിപ്പിടിച്ച് എതിർപ്പുകൾ ഉയർത്തിയിരുന്നതിൽ മുൻപന്തിയിൽ മാപ്പിളമാർ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഏറനാട്ടിലെ സമരാനുകൂലികൾക്കും സമരനായകർക്കുമെതിരെ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട ഭീകര മർദനമുറകളും അതിനെ പ്രതിരോധിക്കാൻ മാപ്പിള പോരാളികളും ജന്മി വിരോധികളും സ്വാതന്ത്ര്യദാഹികളുമായിരുന്ന ഹിന്ദു വിഭാഗത്തിൽ പെട്ടവരടക്കം നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പുകളുടെ ഏതാണ്ട് സമ്പൂർണമായ ചരിത്രവും ആ സമരത്തിൽ പോരാടി വീരമൃത്യു വരിച്ചവരുടെ പേരുകളും അവരുടെ പോരാട്ട ഭൂമിയുടെയും സംസ്കരിക്കപ്പെട്ട സ്ഥലങ്ങളുടെയുമൊക്കെ വിവരണങ്ങളോടൊപ്പം ലഭ്യമായ ചിത്രങ്ങളും കൊണ്ട് സമ്പന്നമാണീ പുസ്തകം.

1921 ലെ ഖിലാഫത്ത് പ്രക്ഷോഭത്തെക്കുറിച്ചെഴുതിയവരിൽ അധികം പേരും വലിയ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടില്ലാത്ത ചെറുകാവ് പഞ്ചായത്തിലെ പറവൂരിൽ നടന്ന ദളിത് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും ഈ കൃതിയിൽ എടുത്തുപറയുന്നത് പ്രത്യേകശ്രദ്ധ പതിയേണ്ട ഒന്നാണ്.
മാപ്പിളമാർ മതവിശ്വാസത്തിന്റെ പിൻബലത്തിൽ അന്യമതസ്ഥർക്കെതിരെ നടത്തിയ ജിഹാദി മോഡൽ അക്രമമായിരുന്നു മലബാർ കലാപം എന്ന് പ്രചരിപ്പിക്കുന്നവരുടെ വാദങ്ങളുടെ പൊള്ളത്തരത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം നിരവധി സന്ദർഭങ്ങളെ പലയിടത്തായി പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്.

പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം ഒരു മിത്തായി മാറിയ ഉണ്ണ്യേറിയുടെ സാഹസിക കഥ, പിൽക്കാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായി മാറിയ കുമ്പളത്ത് ഗോവിന്ദമേനോൻ നടത്തിയ പോരാട്ടം, സമരപാതയിൽ ഉറച്ചു നിന്ന് പോരാടിയതിന്റെ ഫലമായി 14 കൊല്ലം കഠിനശിക്ഷയേറ്റുവാങ്ങി ജയിലിൽ കിടക്കേണ്ടി വന്ന എം പി നാരായണമേനോൻ… എല്ലാം ചരിത്രസത്യം.

എന്നിട്ടും സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ഈ പോരാട്ട വീര്യത്തിൽ മായംകലർത്തി ഇത് നിർബന്ധിത മതംമാറ്റത്തിനു വേണ്ടി ഒരുവിഭാഗം വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും ആലി മുസ്്ലിയാരെപ്പോലുള്ളവരുടെയും നേതൃത്വത്തിൽ നടത്തിയ വർഗീയ ലഹളയായിരുന്നു എന്ന് ചിത്രീകരിക്കാൻ ഇന്ത്യയിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഫാസിസം കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

അങ്ങനെയൊരു പ്രചാരണം ഇന്ത്യൻ ഭരണകൂടം തന്നെ ഉയർത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ പ്രസക്തമാകുന്നത്.
തിയ്യന്മാർക്കും ആശാരിമാർക്കും തട്ടാൻന്മാർക്കും കൊല്ലൻന്മാർക്കുമെല്ലാം വിവാഹാഘോഷങ്ങൾക്ക് മുസൽമാന്മാരുടെ പങ്കാളിത്തം വേണ്ട ഒരു കാലമായിരുന്നു അന്നത്തെ സാമൂഹികാന്തരീക്ഷം എന്ന് പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പക്ഷേ, ഇത്രയധികം കൂട്ടക്കൊലകളും അക്രമസംഭവങ്ങളും ഈ പ്രദേശങ്ങളിലൊക്കെ അരങ്ങേറിയിട്ടും അന്നും 100 വർഷം തികയുന്ന സമയത്തും ആ മതസൗഹാർദങ്ങൾക്കൊന്നും ഇവിടങ്ങളിൽ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നത് ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന ഒന്നാണ്.

1939ൽ മരിച്ച ബ്രിട്ടീഷ് അനുകൂല ഉയർന്ന പോലീസുദ്യോഗസ്ഥനായിരുന്ന ആമു സാഹിബ് പുരോഗമന സ്വഭാവമുള്ളയാളും ദാനധർമിഷ്ഠനുമായിരുന്നു എന്നെഴുതുമ്പോഴും താൻ കണ്ടെടുത്ത ചരിത്രത്തോട് നീതി പുലർത്തുക മാത്രമാണ് എഴുത്തുകാരൻ.
അതുപോലെത്തന്നെയാണ് കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായ കെ പി കേശവമേനോനും ഒരു ഘട്ടത്തിൽ രാജാജിയും എം പി നാരായണമേനോനോട് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽമോചിതനാകാൻ ആവശ്യപ്പെട്ടിരുന്നു എന്ന പരാമർശവും. പക്ഷേ, എം പി നാരായണ മേനോൻ അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല സമരത്തിൽ ഉറച്ച് നിന്ന് 14 വർഷത്തെ കഠിനതടവ് ഏറ്റുവാങ്ങിയതും ചരിത്രം.

മേലാറ്റൂരിനും തുവ്വൂരിനും ഇടക്കുള്ള ഏപ്പിക്കാട് നടന്ന കൂട്ടക്കൊലയും അവിടെ നടന്ന ചെറുത്തുനിൽപ്പിൽ ധീരവനിതയായി പങ്കെടുത്ത ബീവിയും ആ കാലത്തെ വീടുകളിലെ ചുമരുകളിൽ പണിതിരുന്ന വെടിപ്പൊത്തുകളെ ഗറില്ലാസമരമാർഗമായി ഉപയോഗിച്ചിരുന്നതും വള്ളുവനാടൻ ഗ്രാമമായ വെള്ളിനേഴിയിൽ രൂപവത്കരിച്ച ഖിലാഫത്ത് ക്യാമ്പിൽ ആയിരത്തി ഒരുനൂറ് ഹിന്ദുവിഭാഗത്തിൽ പെട്ടവർ പങ്കെടുത്തതും ഒളപ്പമണ്ണമനയിൽ നിന്നും ഗറില്ലകൾക്കാവശ്യമായ ഭക്ഷണം എത്തിച്ചിരുന്നു എന്നുമൊക്കെ രേഖപ്പെടുത്തുന്ന “1921 പോരാളികൾവരച്ച ദേശഭൂപടങ്ങൾ ‘ തന്നെയാണ്. മലബാർ സമരത്തെ അതിന്റെ അന്തസ്സത്തയെ നൂറ് ശതമാനം മാനിച്ചുകൊണ്ട് മലയാളത്തിൽ പിറവികൊണ്ട ചരിത്രപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാം. പ്രസാധകർ ടെൽ ബ്രെയിൻ ബുക്സ്. വില 499 രൂപ.

Latest