യാത്രാനുഭവം
സബീദിലെ ചരിത്ര സ്മാരകങ്ങൾ
ഹുദൈദ ഗവർണറേറ്റ് യമനിലെ ഒരു ടൂറിസം ഡെസ്റ്റിനേഷൻ കൂടിയാണ്. ഇരുപത്താറ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രവിശ്യ ഒട്ടേറെ ജല താഴ് വരകൾ കൊണ്ട് സമൃദ്ധമാണ്. വാദി മൂർ, വാദി സർദൂദ്, വാദി സിഹാം, വാദി റുമാഹ്, വാദിനഖ്‌ല തുടങ്ങിയ താഴ്‌വരകളിൽ നിന്നും ഒഴുകുന്ന പുഴകൾ ചെങ്കടലിലാണ് ചെന്നു ചേരുന്നത്. പുഴയോരങ്ങളിൽ വളരുന്ന ഹരിതാഭമായ കൃഷിത്തോട്ടങ്ങൾ നല്ല കാഴ്ചയാണ്. നാല് ഭാഗങ്ങളിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന അനേകം ഹിൽസ്‌റ്റേഷനുകളും ഹുദൈദയിലുണ്ട്. ചെങ്കടലിൽ, അധികം ദൂരത്തല്ലാതെ നാൽപ്പതോളം ചെറുതും വലുതുമായ മനോഹര ദ്വീപുകളും ടൂറിസം മേഖലയിൽ ഹുദൈദയുടെ പ്രതീക്ഷയാണ്.
ഹുദൈദയിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ചില മഖാമുകൾ സിയാറത്ത് ചെയ്യാനും ജീവിച്ചിരിക്കുന്ന ഒട്ടേറെ പണ്ഡിതരെ സന്ദർശിക്കാനും ഞങ്ങൾക്ക് അവസരമുണ്ടായി. ശാഫിഈ കർമശാസ്ത്രത്തിലെ ആധുനിക മസ്അലകൾ ക്രോഡീകരിച്ച്, “അത്തഖ്രീറാത്തുസ്സദീദ:’ എന്ന ഗ്രന്ഥം തയ്യാറാക്കിയ ഹസൻ ബിൻ അഹ്്മദ് അൽകാഫ് എന്ന പണ്ഡിതന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജൽസ ഏറെ ഉപകാരപ്രദമായിരുന്നു. ശാഫിഈ കർമശാസ്ത്രത്തിൽ ബെസ്റ്റ് സെല്ലറായ ഒരു ഗ്രന്ഥത്തിന്റെ രചയിതാവിനെ നേരിട്ടനുഭവിക്കാൻ കഴിഞ്ഞ അസുലഭ മുഹൂർത്തമായിരുന്നു അത്. വളരെ വിനയാന്വിതമായ അദ്ദേഹത്തിന്റെ സംസാരം ആരെയും ആകർഷിക്കുന്നതായിരുന്നു. പിന്നീട്, വെയിൽ ചൂടാകുന്നതിന് മുമ്പ് ചെങ്കടൽ കാഴ്ചകൾ കാണാനായി ഞങ്ങൾ താമസ സ്ഥലത്ത് നിന്നും ഇറങ്ങി. ശാന്തമായ മണൽപരപ്പിലൂടെ അൽപ്പം നടന്നു. ദൂരെ, ഒട്ടകങ്ങളെ കെട്ടിയിട്ട ചെറിയ കുടിലുകൾ, അങ്ങിങ്ങായി കുറ്റിച്ചെടികൾ, ഇരു ഭാഗങ്ങളിലും കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന മണൽത്തിട്ടകൾ അറബിക്കഥകളിലെ ചില ചിത്രങ്ങളാണ് മനസ്സിലേക്ക് ഓടി വന്നത്. സമുദ്രത്തിന് സമാന്തരമായി സബീദിലേക്ക് പോകുന്ന റോഡിലേക്ക് ഞങ്ങൾ കയറി. റോഡിൽ വാഹനങ്ങൾ തീരെ കുറവാണ്. ആട്ടിടയന്മാർ ആട്ടിൻകൂട്ടങ്ങളുമായി എങ്ങോട്ടോ പോകുന്നത് കണ്ടു. റോഡ് മുറിച്ച് കടന്ന് അൽപ്പം കൂടി മുന്നോട്ട് നടന്നാൽ കടൽ കാണാം. കടപ്പുറം വിജനമാണ്. കൂട്ടത്തിൽ പലരും ചെങ്കടലിലിറങ്ങി കുളിച്ചു. തീരത്ത് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകൾക്ക് മുകളിൽ കയറി നിന്നാൽ ചെങ്കടലിന്റെ കാഴ്ചകൾ കുടുതൽ ആസ്വാദ്യകരമാകും. ഓർമയുടെ ആൽബങ്ങളിൽ ഒട്ടിച്ചുവെക്കാനായി അവിടെ നിന്നും ഏതാനും ഫോട്ടോകളെടുത്തു.
ഇനി സബീദിലേക്കാണ് പോകേണ്ടത്. ഹുദൈദയിൽ നിന്നും നൂറ് കിലോമീറ്റർ യാത്ര ചെയ്താൽ സബീദിലെത്താം. “മദീനത്തുൽ ഉലമ’ എന്നറിയപ്പെടുന്ന യമനിലെ ആദ്യത്തെ ഇസ്്ലാമിക നഗരമാണ് സബീദ്. ഹിജ്‌റ 203 മുതൽ 409 വരെ യമനിൽ നിലനിന്നിരുന്ന സിയാദിയ്യ ഭരണകൂടത്തിന്റെ സ്ഥാപകനായിരുന്ന അലി മുഹമ്മദ് ബിൻ സിയാദാണ് സബീദ് പട്ടണം സ്ഥാപിച്ചത്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ തന്നെ സബീദിന് പ്രവിശാലമായ ചുറ്റുമതിൽ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി നാല് കവാടങ്ങളുമുണ്ട്. ബാബു സിഹാം, ബാബു ഖുർതുബ്, ബാബു ശബാരിഖ്, ബാബു നഖ്ൽ എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്.
ചരിത്രവും നാഗരികവുമായ ശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ഈ പട്ടണം 1993ൽ വേൾഡ് ഹ്യൂമൺ ഹെറിറ്റേജ് സെന്ററായി യുനസ്‌കോ പ്രഖ്യാപിക്കുകയും 1998ൽ ലോക ചരിത്ര പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സബീദിലെ വളരെ പുരാതനമായ ഒരു പള്ളിയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. “ജാമിഉൽ അശാഇർ’ എന്നാണതിന്റെ പേര്. ഹിജ്‌റ എട്ടാം വർഷം അഥവാ, തിരുനബി (സ) യുടെ കാലത്ത് തന്നെ നിർമിച്ച പള്ളിയാണിത്. സ്വഹാബിവര്യൻ അബൂ മൂസൽ അശ്അരി (റ)ന്റെ നേതൃത്വത്തിൽ അശാഇറ ഗോത്രമാണ് ഇതിന്റെ നിർമാണം നടത്തിയത്. തിരുനബി(സ)യുടെ പ്രവാചകത്വ പദവി കേട്ടറിഞ്ഞ് യമനിൽ നിന്നും ഒരു സംഘം തിരുനബി (സ) യുടെ സവിധത്തിൽ വന്ന സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. യമനിലെ ഇസ്്ലാമിക പ്രബോധനത്തിനായി അബൂമൂസൽ അശ്അരി (റ)യെയും മുആദ് ബിൻ ജബൽ (റ)നെയും തിരുനബി(സ) അവരോടൊപ്പം പറഞ്ഞയച്ചു. അബൂമൂസൽ അശ്അരി (റ) സബീദിലേക്കാണ് പ്രബോധനത്തിനായി എത്തിയത്. അവിടെ ആദ്യമായി നിർമിച്ച പള്ളിയാണിത്. പല തവണകളിലായി പുനർ നിർമാണം നടത്തിയിട്ടുണ്ടെങ്കിലും പഴമയുടെ പ്രൗഢി പൂർണമായും നിലനിർത്തിയിട്ടുണ്ട്.
ഹിജ്‌റ 832ൽ രാജ്യം ഭരിച്ചിരുന്ന നാസർ അഹ്്മദ് റസൂലിയുടെ ഭരണ സങ്കേതമായ “ദാറുന്നാസിരിൽ കബീർ’ സബീദിലെ പുരാതന സ്മാരകങ്ങളിലൊന്നാണ്. കൂടാതെ, സിയാദി, നജാഹി ഭരണകൂടങ്ങളുടെ കൊട്ടാര സൗധങ്ങളും കോട്ടകളും ഓർമയായി ഇന്നും സബീദിൽ സംരക്ഷിച്ച് വെച്ചിട്ടുണ്ട്. അയ്യൂബി ഭരണകൂടത്തിന്റെ അവസാന കാലഘട്ടത്തിൽ സ്ഥാപിച്ച യമനിലെ ആദ്യത്തെ വൈജ്ഞാനിക കേന്ദ്രവും സബീദിലാണ്. അൽ മദ്‌റസതുൽ മഅസിയ്യ എന്നാണിതിന്റെ പേര്. പിന്നീട് ഇതിനെ മാതൃകയാക്കി ഒട്ടനവധി പഠനകേന്ദ്രങ്ങളും പള്ളികളും സബീദിൽ ഉയർന്ന് വന്നിട്ടുണ്ട്. ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബഗ്ദാദ്, ഡമസ്‌കസ്, കൈറോ തുടങ്ങിയ വൈജ്ഞാനിക നഗരങ്ങളെപ്പോലെ സബീദും ഇസ്്ലാമിന്റെ വൈജ്ഞാനിക സാംസ്‌കാരിക പട്ടണമായി ഉയർന്നു.
പുരാതനമായ ഒട്ടേറെ പള്ളികളും കഴിഞ്ഞ കാലങ്ങളിൽ ഭരണം നടത്തിയവരുടെ രാജകൊട്ടാരങ്ങളും കോട്ടകളും കണ്ട് മടങ്ങുന്നതിന് മുമ്പ് വിശാലമായ ഖബർസ്ഥാന് മുമ്പിൽ ഞങ്ങളുടെ വാഹനം നിർത്തി. ഏകദേശം തരീമിലെ സമ്പൽ മഖ്ബറയുടെ മാതൃകയിൽ അനേകം ഖബറുകൾ. സബീദിൽ ജീവിച്ച നിരവധി പണ്ഡിത പ്രതിഭകളാണ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ലോകപ്രശസ്തരായ ചില പണ്ഡിതരും സാഹിത്യകാരന്മാരും അവരുടെ കൂട്ടത്തിലുണ്ട്. വാഹനത്തിൽ നിന്നിറങ്ങി ഞങ്ങൾ നേരെ ചെന്നത് ശാഫിഈ കർമശാസ്ത്രത്തിലെ അതുല്യ പണ്ഡിത പ്രതിഭയായിരുന്ന, ഹിജ്‌റ 837 ൽ വഫാത്തായ ഇമാം ഇബ്‌നു മുഖ്്രി തങ്ങളുടെ ഖബറിനരികിലേക്കാണ്.
ഇസ്മാഈൽ ബിൻ അബീബക്കർ എന്നാണ് അദ്ദേഹത്തിന്റെ പൂർണ നാമം. അക്കാലത്ത് യമനിൽ നിലനിന്നിരുന്ന റസൂലിയ്യ ഭരണകൂടത്തിന്റെ കീഴിലായിരുന്ന സബീദിലെ ഭരണാധിപനായിരുന്ന ഇസ്മാഈൽ ബിൻ അബ്ബാസിന് ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു ഇമാം ഇബ്‌നു മുഖ് രി. അതുകൊണ്ട് തന്നെ തന്റെ വിജ്ഞാന പ്രചാരണത്തിനും ഗ്രന്ഥ രചനകൾക്കും അദ്ദേഹത്തിന് ഭരണതലത്തിൽ നിന്ന് തന്നെ എല്ലാ പിന്തുണയും ലഭിച്ചു. ഇർശാദുൽ ഗാവീ ഇലാ മസാലികിൽ ഹാവീ, റൗളുത്വാലിബ്, ഉൻവാനു ശറഫിൽ വാഫി, ദീവാനു ഇബ്‌നു മുഖരി, നള്മു ദിമാഉൽ ഹജ്ജ് തുടങ്ങി ഒട്ടനേകം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പണ്ഡിത ലോകത്ത് പ്രശസ്തരായ പലരും ഇബ്‌നു മുഖ്്രി തങ്ങളുടെ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളെഴുതിയിട്ടുമുണ്ട്.
അവസാനം, ഖബർസ്ഥാനിന്റെ ഒരറ്റത്തുള്ള മഖ്ബറക്കരികിൽ ഞങ്ങളെത്തി. പ്രശസ്ത ഭാഷാ പണ്ഡിതനും കവിയും തഫ്‌സീർ, ഫിഖ്ഹ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭനുമായ മജ്ദുദ്ദീൻ ഫൈറൂസാബാദിയാണ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. എ ഡി 1329ൽ ശീറാസിൽ ജനിച്ച അദ്ദേഹം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ), തഖിയുദ്ദീനു സുബ്കി(റ), ഇബ്‌നു ഉഖൈൽ(റ), ഇബ്‌നു നബാതതിൽ മിസ്രി(റ) തുടങ്ങിയ പ്രശസ്തരായ പണ്ഡിതരിൽ നിന്നാണ് വിജ്ഞാനം നുകർന്നത്. അറബ് ലോകത്ത് വളരെ പ്രസിദ്ധമായ “ഖാമൂസുൽ മുഹീത്വ്’ അടക്കം മുപ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. ഖാമൂസുൽ മുഹീത്വ് എന്ന ഗ്രന്ഥത്തിന് മുർതള സബീദി “താജുൽ അറൂസ്’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)ന്റെ ഇഹ്്യാ ഉലൂമുദ്ദീന്റെ വ്യാഖ്യാനമായ “ഇത്ഹാഫ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ മുർതള സബീദി ഇന്ത്യയിലെ ഉത്തർപ്രദേശിലെ ബിൽഗ്രാമിൽ ജനിച്ച പണ്ഡിതനാണ്. ഏറെക്കാലം സബീദിൽ ജീവിച്ച അദ്ദേഹം ഈജിപ്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
സൂര്യൻ ചെങ്കടലിൽ താഴ്ന്നു. ഇരുട്ട് പരന്ന് തുടങ്ങി. ഇനി മടക്കയാത്രക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. പുതിയ ഒട്ടേറെ അനുഭവങ്ങളാണ് ഹുദൈദയും സബീദും ഞങ്ങൾക്ക് സമ്മാനിച്ചത്. പുരാതന നഗരങ്ങളിലെ തിരുശേഷിപ്പുകൾ ചരിത്രത്തിന്റെ ഇന്നലെകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോയത്. ഓരോ കാലഘട്ടങ്ങളിലും കഴിഞ്ഞുപോയ ഭരണകൂടങ്ങൾ നിർമിച്ചുവെച്ച സൗധങ്ങൾ, ഇസ്്ലാമിന്റെ മുന്നേറ്റം സാധ്യമായതിന്റെ ശേഷിപ്പുകൾ, ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ജ്വലിക്കുന്ന അടയാളങ്ങൾ, സംസ്‌കാരങ്ങളുടെ ഈറ്റില്ലമായ കടൽത്തീരങ്ങൾ, തുറമുഖങ്ങൾ, ഓരോ യുഗങ്ങളിലും മൂകസാക്ഷിയായി ഉയർന്ന് നിൽക്കുന്ന പർവതങ്ങൾ, ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ, പ്രകൃതിയുടെ നയന മനോഹരമായ ഒട്ടേറെ കാഴ്ചകൾ എല്ലാം ഓർമയുടെ പുസ്തകത്തിൽ കോറിയിട്ട് സബീദിൽ നിന്നും ഞങ്ങൾ മടങ്ങി.