Connect with us

Articles

ചരിത്രം തിരുത്തിയ കത്ത്

ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന് സംഭവിക്കുന്ന മൂല്യച്യുതി പ്രശ്നവത്കരിക്കുന്ന കുറിപ്പ്, പ്രാദേശികമായും അത്തരം സംസ്‌കാരം നാമ്പെടുക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

|

Last Updated

1970 ജൂണ്‍ മാസം 12. അന്ന് പുറത്തിറങ്ങിയ സുന്നി ടൈംസില്‍ ചില സന്നിഗ്ധാവസ്ഥകള്‍ക്ക് വിരാമമുണ്ടാക്കുന്ന ഒരു വിഭവമുണ്ടായിരുന്നു. സുന്നി സമൂഹത്തിന്റെ സ്വത്വം പ്രകാശിപ്പിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു നിലമായി സങ്കല്‍പ്പിച്ചാല്‍ അതിനെ ഉഴുതുമറിക്കുന്ന ഇനമായിരുന്നു സുന്നി ടൈംസ് അന്നേദിവസം വായനക്കാര്‍ക്ക് കാത്തുവെച്ചത്. അതും ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ കത്ത്. അത് പിന്നീട് വര്‍ഷങ്ങളോളം ചൂടേറിയ ചര്‍ച്ചക്ക് വിധേയമായി. എതിര്‍ത്തും അനുകൂലിച്ചും സുന്നി ടൈംസിന്റെ ലക്കങ്ങള്‍ പലകുറി കേവലം മുന്നൂറ്റിച്ചില്വാനം വാക്കുകളുള്ള ആ കത്ത് ഇതിവൃത്തമാക്കി ചര്‍വിതചര്‍വണം ചെയ്തു.

കൊടുവള്ളി സിറാജുല്‍ ഹുദാ അറബിക് കോളജില്‍ മതവിദ്യക്കൊപ്പം ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്ന ഇസ്മാഈല്‍ വഫയെന്ന വിദ്യാര്‍ഥി സുന്നി ടൈംസിന്റെ ജനശബ്ദം പംക്തിയില്‍ എഴുതിയ കുറിപ്പാണ് ഒരര്‍ഥത്തില്‍ പ്രസ്ഥാന പിറവിയിലേക്ക് നയിച്ച വലിയ ചര്‍ച്ചകള്‍ക്കുള്ള അഗ്‌നിസ്ഫുലിംഗമായത്. ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന് സംഭവിക്കുന്ന മൂല്യച്യുതി പ്രശ്നവത്കരിക്കുന്ന കുറിപ്പ്, പ്രാദേശികമായും അത്തരം സംസ്‌കാരം നാമ്പെടുക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരുണത്തിലാണ് യുക്തിവാദ, നിരീശ്വര, നിര്‍മത, രാഷ്ട്രീയ, അര്‍ധ ഇസ്‌ലാമിക സംഘടനകളില്‍ നിന്നെല്ലാം വ്യത്യസ്തമായ പരിശുദ്ധ ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആശയങ്ങളും തനതായ രൂപത്തില്‍ പ്രചരിപ്പിക്കാനും ഉപദേശിക്കാനുമുതകുന്ന ഒരു വിദ്യാര്‍ഥി സംഘടനയുടെ ആവശ്യം നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ഗ്രാമത്തിലുമുള്ള കോളജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ദര്‍സ്, മദ്‌റസാ മുതഅല്ലിമീങ്ങളും ഒത്തുചേര്‍ന്ന് പൊതുരംഗത്തിറങ്ങണം, പ്രാരംഭ പ്രവര്‍ത്തനത്തിനായി ഓരോ റെയ്ഞ്ചില്‍ നിന്ന് ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്ത് ഒരു കേന്ദ്ര കമ്മിറ്റി രൂപവത്കരിക്കണം, അങ്ങനെ കേരള മുസ്‌ലിംകള്‍ക്ക് ആത്മീയവും ഭൗതികവുമായ പുരോഗതി കൈവരുത്താന്‍ അനവരതം പരിശ്രമിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു കീഴ്ഘടകമായി നമുക്ക് രംഗത്തിറങ്ങണമെന്നുമൊക്കെ പറയുന്ന കുറിപ്പിന്റെ അവസാന ഭാഗമാണ് സംഘടനയുടെ പേര് പറയുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുതഅല്ലിമീന്‍ എന്നായിരിക്കട്ടെ അതിന്റെ നാമധേയം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

തുടര്‍ ലക്കങ്ങളില്‍ സംഘടന ആവശ്യമാണോ അല്ലയോ, പേര് എന്തായിരിക്കണം, ഘടനയും കര്‍മ പദ്ധതികളും എങ്ങനെയായിരിക്കണം, ആരാണ് രൂപവത്കരണത്തിന് നേതൃത്വം നല്‍കേണ്ടത്, ആരെയൊക്കെ സംഘടനയില്‍ അംഗങ്ങളാക്കാം തുടങ്ങിയ മൗലിക വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ജാമിഅ നൂരിയ്യ അറബിക് കോളജ്, ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്, മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, യുവ ബിരുദധാരികള്‍ തുടങ്ങി പ്രാസ്ഥാനിക നേതാക്കള്‍ വരെ ചര്‍ച്ചയില്‍ പങ്കെടുത്തു. എതിര്‍ത്തും കത്തുകള്‍ വന്നു. 1970 സെപ്തംബര്‍ 18ന് പ്രസിദ്ധീകരിച്ച ലക്കത്തില്‍ അലി ചെറുവാടി എഴുതിയ, എണ്ണത്തില്‍ വേണ്ട വണ്ണത്തില്‍ മതിയെന്ന കത്ത് അതിന് ഉദാഹരണമാണ്. സുന്നി ടൈംസ് ജനശബ്ദം പംക്തിയില്‍ ആവശ്യപ്പെടുന്ന തത്ത്വവും മുന്നില്‍ വെച്ച് ഒരുപാട് സംഘടനകള്‍ കേരളത്തില്‍ ഉടലെടുത്തിട്ടുണ്ട്. പക്ഷേ, അവയില്‍ നിന്നെല്ലാം ജീവിക്കുന്നത് മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്‍ മാത്രമാണ്. സംഘടനകള്‍ എണ്ണത്തില്‍ അധികരിപ്പിക്കാതെ വണ്ണം കൂട്ടുക.

കേരളത്തിലെ എല്ലാ മുസ്‌ലിം വിദ്യാര്‍ഥികളും മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷനില്‍ അംഗങ്ങളാകുക.’ ഈ പ്രതികരണം വ്യാപക ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതായിരുന്നു. വ്യതിചലന വിഭാഗങ്ങളുടെ വിദ്യാര്‍ഥി സംഘടനയെ പരാമര്‍ശിക്കാത്തതിലെ രോഷം നിരവധി പേര്‍ പ്രകടിപ്പിച്ചു. രാഷ്ട്രീയ കക്ഷിയുടെ വിദ്യാര്‍ഥി സംഘടനയുള്ളപ്പോള്‍ തന്നെയാണ് വ്യതിചലന വിഭാഗക്കാര്‍ സ്വന്തം വിദ്യാര്‍ഥി സംഘടന രൂപവത്കരിച്ചതും തങ്ങളുടെ ആശയവൃന്ദത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിച്ചതും. പക്ഷേ, ഇതിനെ ആരും എതിര്‍ത്തില്ല. സുന്നി സമൂഹം വിദ്യാര്‍ഥി സംഘടന എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ മുളയിലേ നുള്ളാനാണ് ഈ ശ്രമങ്ങളെന്നും വിമര്‍ശമുയര്‍ന്നു.

ചുരുക്കത്തില്‍, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ഘടകം ജാമിഅ നൂരിയ്യയില്‍ വെച്ച് രൂപവത്കരിക്കുന്നതിന് പല ചാലകശക്തികളില്‍ ഒന്നായിരുന്നു ഇസ്മാഈല്‍ വഫയുടെ കത്ത്. മത- ഭൗതിക വിദ്യാര്‍ഥികളെ ഒരുപോലെ ഉള്‍ക്കൊള്ളുന്ന സംഘടന എന്ന ആശയം അന്തരീക്ഷത്തില്‍ സജീവമായിരുന്ന ഘട്ടത്തിലാണ് അതിന് ഗതിവേഗം പകരുന്ന വിധത്തില്‍ വഫയുടെ കുറിപ്പ് പ്രകാശിതമാകുന്നത്. പില്‍ക്കാലത്ത്, സംഘടനയെ നയിക്കാനും വ്യവസ്ഥാപിത ചട്ടക്കൂട് നിര്‍മിക്കാനും ദേശീയതലത്തില്‍ പടര്‍ത്താനും സാധിച്ചതില്‍ അദ്ദേഹത്തിന്റെ ചടുലമായ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ട്.