International
ചരിത്രം പിറക്കുന്നു; ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി
193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്
ലണ്ടന്‍ | ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കും. ബ്രിട്ടന്‍ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് 43കാരനായ ഋഷി സുനകന്‍.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.
എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്
ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.