Connect with us

National

ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 ചരിത്രം; ഒരിക്കലും പുനഃസ്ഥാപിക്കില്ല: അമിത് ഷാ

ഇന്ത്യയുടെയും ജമ്മു കശ്മീരിൻ്റെയും ചരിത്രം എഴുതുമ്പോഴെല്ലാം, 2014 നും 2024 നും ഇടയിലുള്ള കാലഘട്ടം സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കില്ലെന്നും അത് ചരിത്രമായി മാറിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത്ഷാ ജമ്മു കശ്മീരിൽ എത്തിയത്.

2014 വരെ ജമ്മു കശ്മീരിൽ വിഘടനവാദത്തിൻ്റെയും ഭീകരവാദത്തിൻ്റെയും നിഴലുണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് വന്ന പലരും ജമ്മു കാശ്മീരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും സർക്കാരുകൾ പ്രീണന നയം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യയുടെയും ജമ്മു കശ്മീരിൻ്റെയും ചരിത്രം എഴുതുമ്പോഴെല്ലാം, 2014 നും 2024 നും ഇടയിലുള്ള കാലഘട്ടം സുവർണ ലിപികളാൽ എഴുതപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 ൻ്റെ മറവിൽ വിഘടനവാദികളുടെയും ഹുറിയത്ത് പോലുള്ള സംഘടനകളുടെയും ആവശ്യങ്ങൾക്ക് സർക്കാറുകൾ തലകുനിക്കുന്നത് ഞങ്ങൾ കണ്ടു. ഈ 10 വർഷക്കാലം, ആർട്ടിക്കിൾ 370 ഉം ജമ്മു കാശ്മീരിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക പദവി നൽകുന്ന 35-എയും ഭരണഘടനയുടെ ഭാഗമല്ലാതായെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 ചരിത്രമായി മാറിയിരിക്കുന്നു. അത് ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. ഒരിക്കലും തിരിച്ചുവരാൻ ഞങ്ങൾ അനുവദിക്കുകയുമില്ല. കാരണം കശ്മീരിൽ യുവാക്കളെ തോക്കുകളും കല്ലുകളും ഏൽപ്പിക്കുന്നതിലേക്ക് നയിച്ചത് ആർട്ടിക്കിൾ 370 ആണെന്നും അമിത്ഷാ പറഞ്ഞു. 2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സംസ്ഥാനത്തിൻ്റെ വികസനത്തിന് ഉത്തേജനം നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019ൽ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കുന്ന നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനമുണ്ട്. 2014 ന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ അറിയാം.

സെപ്തംബർ 18 നും ഒക്ടോബർ 1 നും ഇടയിൽ മൂന്ന് ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ 8 ന് നടക്കും.

---- facebook comment plugin here -----

Latest