Connect with us

From the print

ഇസ്റാഈൽ ആക്രമണം കടുപ്പിച്ച് ഹിസ്ബുല്ല

തെല്‍അവീവില്‍ അടിയന്തരാവസ്ഥ • 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 115 ഫലസ്തീനികൾ

Published

|

Last Updated

തെൽഅവീവ് | ഇസ്റാഈലിനു നേരെ റോക്കറ്റാക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. തെൽഅവീവിലെ ഗ്ലിലോത്ത് സൈനിക താവളവും ഹൈഫയിലെ സ്റ്റെല്ല മേരീസ് നാവിക താവളവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തെൽ അവീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കൻ ഗസ്സയിലെ ഉപരോധവും ലബനാനിനും ഗസ്സക്കും നേരെയുള്ള ആക്രമണവും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുല്ല പ്രത്യാക്രമണം കടുപ്പിച്ചത്. വടക്കൻ ഇസ്റാഈലിന് പുറമെ മധ്യ ഇസ്റാഈലിലേക്കും വൻ റോക്കറ്റാക്രമണം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി സ്ഥിതി ചെയ്യുന്ന സീസെറ നഗരത്തിന് സമീപം മിസൈല്‍ പതിച്ചതിന്റെ ദൃശ്യങ്ങൾ ഹിസ്ബുല്ല പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായി ശക്തി കൂടിയ മധ്യദൂര മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം.

തെൽഅവീവിലെ നിരിത്ത് പ്രദേശത്ത് ബോംബാക്രമണം നടത്തിയായിരുന്നു പ്രത്യാക്രമണം തുടങ്ങിയത്. മിസൈല്‍ വര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതോടെ ധാരാളം യാത്രക്കാര്‍ കുടുങ്ങി. നിരവധി കെട്ടിടങ്ങളും കാറുകളും ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപോര്‍ട്ട്.

ഇസ്റാഈലുമായുള്ള പോരാട്ടത്തില്‍ തങ്ങള്‍ യുദ്ധതന്ത്രം മാറ്റുന്നതായി കഴിഞ്ഞയാഴ്ച ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ശേഷി എന്താണെന്ന് ഇസ്റാഈലിനെ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ തുടക്കമാണ് മധ്യ റേഞ്ച് മിസൈലുകളുടെ ഉപയോഗം. മിസൈല്‍ വര്‍ഷിച്ച് മിനുട്ടുകള്‍ക്കകം തന്നെ ഹൈഫയിലും തെല്‍ അവീവിലും അപകട സൈറണുകള്‍ മുഴങ്ങി. തുടര്‍ച്ചയായ ബോംബിംഗ് നടത്തിയിട്ടും ഹിസ്ബുല്ലയുടെ ആക്രമണ ശേഷി തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്നലത്തെ മിസൈല്‍ ആക്രമണം തെളിയിക്കുന്നത്.
അതിനിടെ വടക്കൻ ഗസ്സയിൽ ഇസ്റാഈൽ സൈനിക ഉപരോധത്തെ തുടർന്ന് 650 പേർക്ക് ജീവഹാനി നേരിട്ടു. ബൈത് ലാഹിയയിൽ നടത്തിയ ഡ്രോണാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തേക്ക് ഇന്നലെയും രക്ഷാപ്രവർത്തകരെ കടത്തിവിട്ടില്ല. മേഖലയിലേക്കുള്ള യു എൻ സഹായവും തടഞ്ഞുവെച്ചിരിക്കുകയാണ്.
തെക്കൻ ബെയ്റൂത്തിലെ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തിൽ നാല് കുട്ടികളടക്കം 18 പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജബലിയയിലെ സ്കൂളിന് നേരെയുള്ള ഇസ്റാഈൽ ആക്രമണത്തിൽ പത്ത് പേരും ലബനാനിലെ റഫീഖ് ഹരീരി യൂനിവേഴ്സിറ്റി ആശുപത്രിക്കടുത്ത് നടത്തിയ ബോംബാക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടു. 60 പേർക്ക് പരുക്കേറ്റു.

കഴിഞ്ഞ 48 മണിക്കൂറിനിടെ 115 ഫലസ്തീനികൾ കൊല്ലപ്പെടുകയും 487 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 42,718 പേരാണ് കൊല്ലപ്പെട്ടത്. 100,282 പേർക്ക് പരുക്കേറ്റു.

Latest