National
എച്ച്എംപിവി മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു; രണ്ട് കുട്ടികള്‍ക്ക് വൈറസ് ബാധ
കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍.
മുംബൈ|മഹാരാഷ്ട്രയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് വയസുകാരനും 13 വയസുകാരിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ ബെംഗളുരുവില്‍ രണ്ടും, ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധികളുള്ളവര്‍ പൊതു നിര്‍ദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍. എച്ച്എംപിവി 2001ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും ഇതിനായി പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല.