Connect with us

National

എച്ച്എംപിവി വൈറസ്: കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധന ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് എച്ച്എംപിവി വൈറസ് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തല്‍.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധന ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു. ബോധവല്‍ക്കരണവും, നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുലായി കൈകള്‍ സോപ്പിട്ട് കഴുകുക, രോഗലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക, ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധികളുള്ളവര്‍ പൊതു നിര്‍ദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രവും കടക്കും.

നിലവില്‍ രാജ്യത്ത് എച്ച് എം പിവി വൈറസ്സ്ഥിരീകരിച്ചവരുടെ എണ്ണ 8 ആയി. മഹാരാഷ്ട്രയില്‍ 7, 13 വയസ് പ്രായമുളള കുട്ടികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

നേരത്തെ ബെംഗളുരുവില്‍ രണ്ടും, ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. എച്ച്എംപിവി 2001ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും ഇതിനായി പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല.

 

 

Latest