Connect with us

Ongoing News

ഹോക്കി ലോകകപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം സ്‌പെയിനിനെതിരെ

ഇന്ന് ഉച്ചക്ക് ഒന്നിന് ആദ്യ മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിന് ആതിഥേയരായ ഇന്ത്യ സ്പെയിനുമായി ഏറ്റുമുട്ടും.

Published

|

Last Updated

ഭുവനേശ്വര്‍ | ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയം, റൂര്‍ക്കല ബിര്‍സാ മുണ്ട സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഈമാസം 29 വരെയാണ് ടൂര്‍ണമെന്റ്. നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം ഉള്‍പ്പെടെ 16 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഹോക്കി ലോകകപ്പിന് തുടര്‍ച്ചയായി രണ്ടാംതവണ ഇന്ത്യ ആതിഥേയരാകുന്നു എന്നത് സവിശേഷത. ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഇന്നലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്നിരുന്നു.

ഇന്ന് ഉച്ചക്ക് ഒന്നിന് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് മണിക്ക് ആസ്‌ത്രേലിയ-ഫ്രാന്‍സ്, അഞ്ചിന് ഇംഗ്ലണ്ട്-വെയ്ല്‍സ് മത്സരങ്ങള്‍ നടക്കും. രാത്രി ഏഴിന് ആതിഥേയരായ ഇന്ത്യ സ്പെയിനുമായി ഏറ്റുമുട്ടും.

ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ നേരെ ക്വാര്‍ട്ടറിലെത്തും. നാലു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നേരിട്ട് ഏറ്റുമുട്ടി ക്വാര്‍ട്ടറിലെത്താം. ഫൈനല്‍ ഉള്‍പ്പെടെ 24 കളികള്‍ നടക്കുന്നത് ഭുവനേശ്വറിലാണ്. റൂര്‍ക്കലയില്‍ 20 കളികളും.

ഇന്നുമുതല്‍ എല്ലാ ദിവസവും നാല് കളിയാണുള്ളത്. 24നും 25നും ക്വാര്‍ട്ടറും 27ന് സെമിയും 29ന് കലാശക്കളിയും നടക്കും. നാലുതവണ ജേതാക്കളായ പാക്കിസ്ഥാന് ഇത്തവണ യോഗ്യത നേടാനായില്ല. 2018ല്‍ ഭുവനേശ്വറിലായിരുന്നു അവസാന ലോകകപ്പ് നടന്നത്.

 

---- facebook comment plugin here -----

Latest