Eranakulam
വളയം പിടിക്കുന്നത് വെള്ളമടിച്ച്; 26 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍
പിടിയിലായവരില്‍ സ്‌കൂള്‍ ബസ്, കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും. ശിക്ഷയായി ഇംപോസിഷൻ
![](https://assets.sirajlive.com/2023/02/bus-drivers-embosition-897x538.gif)
കൊച്ചി/ തൃപ്പൂണിത്തുറ | കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലായി. ഇവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ട് പേര്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരുമാണ്. ഇന്നലെ രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പോലീസിൻ്റെ പിടിയിലായത്. ഇതില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരും ഉള്‍പെട്ടത് പോലീസിനെപ്പോലും അമ്പരിപ്പിച്ചു. നിയമലംഘനം നടത്തിയ 32 ബസ്സുകളും പോലീസ് പിടിച്ചെടുത്തു.
നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പോലീസ് സുരക്ഷിതമായി സ്‌കൂളുകളിലെത്തിച്ചു. സ്‌കൂള്‍ അധികൃതരില്‍ നിന്ന് പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ പോലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
നടപടികള്‍ക്ക് ശേഷം പിടികൂടിയ ഡ്രൈവര്‍മാരെ കൊണ്ട് 1,000 തവണ ഇനി ‘മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന്’ ഇമ്പോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.
ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെയും വാതിലുകള്‍ തുറന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെയും മദ്യപിച്ച് ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 614 സര്‍വീസ് ബസുകളാണ് പരിശോധിച്ചത്.
തൃപ്പൂണിത്തുറയില്‍ മാത്രം 16 ബസ്സ് ഡ്രൈവര്‍മാരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്.
പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച പരിശോധന രാവിലെ ഒമ്പത് വരെ നീണ്ടു. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ട് സംഘങ്ങളായിട്ടായിരുന്നു തൃപ്പൂണിത്തുറയില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡിലെത്തിച്ച് തുടര്‍ യാത്രാ സൗകര്യം ഒരുക്കി.
പിടിയിലായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേകം റിപോര്‍ട്ട് തയ്യാറാക്കി കെ എസ് ആര്‍ ടി സി അധികാരികള്‍ക്ക് അയക്കും. കൂടാതെ, പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാര്‍ അറിയിച്ചു.
വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരന്‍ ഐ പി എസ് അറയിച്ചു.
പരിശോധന ബസുകളില്‍ ഒതുങ്ങരുതെന്നാവശ്യം
കൊച്ചി | നിയമ ലംഘനങ്ങള്‍ തടയാന്‍ നടത്തുന്ന പോലീസ് പരിശോധന ബസുകളില്‍ മാത്രം ഒതുങ്ങരുതെന്ന് യാത്രക്കാരുടെ ആവശ്യം. മണിക്കൂറില്‍ ആയിരക്കണക്കിന് ചെറു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കൊച്ചി നഗരത്തില്‍ പലരും നിയമ വിരുദ്ധമായാണ് ഡ്രൈവിംഗ് നടത്തുന്നത്. ഇത്രയും ഡ്രൈവര്‍മാര്‍ മദ്യപിച്ചാണ് ബസുകള്‍ പോലും ഓടിക്കുന്നതെങ്കില്‍ കാര്‍, ബൈക്ക് ഓടിക്കുന്നവരിലും വ്യാപക പരിശോധന നടത്തണമെന്നാണ് ആവശ്യമുയരുന്നത്.