Connect with us

National

മസ്ജിദുകള്‍ കെട്ടിമറച്ചുള്ള ഹോളി ആഘോഷം: അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

തീവ്ര ഹിന്ദു വിഭാഗങ്ങളും പോലീസും മുസ്ലിം വിദ്വേഷം പരത്താനുള്ള ഉപകരണമായി ഹോളിയെ ഉപയോഗിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഹോളി ആഘോഷത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മസ്ജിദുകള്‍ കെട്ടിമറച്ച നടപടിയെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. തീവ്ര ഹിന്ദു വിഭാഗങ്ങളും പോലീസും മുസ്ലിം വിദ്വേഷം പരത്താനുള്ള ഉപകരണമായി ഹോളിയെ ഉപയോഗിക്കുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഹോളി ആഘോഷിക്കുമ്പോള്‍ നിറങ്ങള്‍ ശരീരത്ത് വീഴാതിരിക്കണമെന്നുണ്ടെങ്കില്‍ മുസ്ലിംകള്‍ വീടിനുള്ളില്‍ ഇരിക്കണമെന്ന സംഭലിലെ സീനിയര്‍ പോലീസ് ഓഫീസര്‍ അനുജ് കുമാര്‍ ചൗധരിയുടെ പ്രസ്താവന വര്‍ഗീയമാണ്. ഹോളി ആഘോഷങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ മുസ്ലിം പുരുഷന്‍മാര്‍ ടാര്‍പോളിന്‍ കൊണ്ടുള്ള ഹിജാബ് ധരിക്കണമെന്നാണ് ബി ജെ പി നേതാവ് രഘുരാജ് സിംഗ് പറഞ്ഞത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത അനുജ് കുമാര്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യണമെന്നും മുഖ്യമന്ത്രിയും രഘുരാജ് സിംഗും മാപ്പ് പറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹത്തെ പല തട്ടിലാക്കാനുള്ള ബി ജെ പി- ആര്‍ എസ് എസ് ശ്രമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ശക്തമായി നിലകൊണ്ടിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ കര്‍ഷക സമരം ഇതിനുദാഹരണമാണ്. മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ എല്ലാ ജാതി മത വിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ സമരത്തിനെത്തി. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആര്‍ എസ് എസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഭരണഘടനയും നിയമവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നീതിന്യായ വ്യവസ്ഥക്കാണെന്നിരിക്കെ ന്യൂനപക്ഷ വിദ്വേഷം ആളിക്കത്തിക്കുന്ന യു പി പോലീസിനും മുഖ്യമന്ത്രിക്കും ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെടുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Latest