National
ഹോളി ആഘോഷം: ജുമുഅ നിസ്‌കാരം വീട്ടിലാക്കണമെന്ന് യോഗിയും
സംഭല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ പരാമർശത്തിന് പിന്നാലെയാണ് യോഗിയും ഇതേ വാദമുന്നയിച്ചത്

ലഖ്നൗ | ഹോളി ആഘോഷവും റമസാനിലെ വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന ഈ മാസം 14ന് മുസ്ലിംകൾ ജുമുഅ നിസ്‌കാരം വീട്ടിൽ നടത്തണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സംബന്ധിച്ച് സംഭല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ വിവാദ പ്രസ്താവന തന്നെയാണ് യോഗിയും ആവര്‍ത്തിച്ചത്. ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വരുന്നുള്ളൂവെന്നും നിസ്‌കാരം വൈകിപ്പിക്കാമെന്നും വെള്ളിയാഴ്ച പ്രാര്‍ഥന കൃത്യസമയത്ത് നടത്തണമെന്നുള്ളവര്‍ക്ക് വീട്ടില്‍ തന്നെ അത് ചെയ്യാമെന്നും യോഗി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യവെ യോഗിയുടെ വിവാദ പരാമര്‍ശങ്ങൾ.
ഉത്സവ വേളകളില്‍ നമ്മള്‍ പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും ജുമുഅ നിസ്‌കാരം നടത്താറുണ്ട്. ഹോളി ദിനത്തിൽ നിസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധമില്ലെന്നും യോഗി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം നിസ്‌കാരം നടത്താന്‍ ചില ഇമാമുകൾ തീരുമാനിച്ചതിനെ പ്രശംസിച്ച യോഗി മതനേതാക്കളോട് നന്ദി പറയുകയും ചെയ്തു.
ഹോളിയും ജുമുഅ നിസ്കാരവും ഒരുമിച്ച് വരുന്നതിനാല്‍ സാമുദായിക ഐക്യം ഉറപ്പാക്കാന്‍ സംഭല്‍ കോട് വാലി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ചേർന്ന സമാധാന സമിതി യോഗത്തിൽ സംഭല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അനുജ് ചൗധരിയും ഇതേ പരാമർശം തന്നെയായിരുന്നു നടത്തിയിരുന്നത്. ‘നിറങ്ങളുടെ ഉത്സവം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. അതേസമയം വെള്ളിയാഴ്ച നിസ്‌കാരം ഒരു വര്‍ഷത്തില്‍ 52 തവണ വരുന്നു. അതിനാല്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് പോകുമ്പോള്‍ അവരുടെ മേല്‍ നിറങ്ങള്‍ വീഴുന്നത് മുസ്ലിം സഹോദരങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കില്‍ തെരുവുകളിലെ ഹോളി ആഘോഷങ്ങള്‍ ശമിക്കുന്നത് വരെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ ഞാന്‍ ഉപദേശിക്കുന്നു,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംഭല്‍ ഡി എസ് പിയുടെ പ്രസ്താവനയില്‍ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷവും മുസ്ലിം മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് യോഗിയും ഇതേ പരാമർശം ആവര്‍ത്തിച്ചത്.