Connect with us

ആത്മായനം

വിനയത്തിന്റെ ചിറക് വിരിച്ച തിരുനബി(സ)

സാന്ത്വന പ്രവർത്തനങ്ങളിലും പള്ളി നിർമാണ ഘട്ടങ്ങളിലും യാത്രാവേളകളിലും യുദ്ധരംഗത്തും സഹചരോടൊപ്പം വിയർക്കാനും മണ്ണുപുരളാനും തിരുനബിക്കൊട്ടും അമാന്തിച്ചു നിൽക്കേണ്ടി വന്നിട്ടില്ല. കുട്ടികളിലേക്കിറങ്ങി വന്ന് സലാം പറഞ്ഞു ഒപ്പം കളിച്ചു കാരുണ്യത്തിന്റെ ചിറകിൽ പൊതിഞ്ഞു. അടിമകളെ വില കുറച്ചു കാണാതെ അറിവും അന്നവും അഭിമാനവും നേതൃപദവിയും മൂല്യവും കൊടുത്ത് വിമോചനത്തിന്റെ അനന്ത വിഹായസ്സ് പണിതു. അഹങ്കാരത്തിന്റെ വേരുകൾ അനുചരരുടെ രക്തത്തിൽ നിന്നും പിഴുതെടുത്തെറിഞ്ഞു "ജാഹിലിയ്യത്തിന്റെ കരട് ബാക്കിയുണ്ടല്ലേ' എന്ന് ശാസിച്ച് തിരുത്തിച്ചു.

Published

|

Last Updated

പ്പയുടെ ഉമ്മറപ്പടിയിലെത്തി ഫാത്വിമാ ബീവി (റ) നീട്ടി വിളിച്ചു, ഉപ്പാ… ഉപ്പയെത്തിയപ്പോൾ കൈയിൽ കരുതിയ ഒരു തുണ്ട് റൊട്ടി ആ മകൾ ഉപ്പാക്ക് സ്നേഹത്തോടെ നീട്ടി
ഇതെന്താ ഫാത്വിമ…?

ഇത് ഞാൻ ചുട്ട റൊട്ടിയാണുപ്പാ അലിയോർക്കും (റ) മക്കൾക്കും കൊടുത്ത് ബാക്കിയായ എന്റെ ഓഹരി കഴിക്കാനിരിക്കെ ഉള്ള് നിറയെ ഉപ്പ…
ഒന്നും നോക്കിയില്ല നേരെയിങ്ങ് പോന്നു. അങ്ങേക്ക് കൂടി കഴിക്കാമല്ലോ.
അതെയോ, അങ്ങനെയെങ്കിൽ… മോളേ… ഇത് ഉപ്പാന്റെ വായിലേക്ക് മൂന്ന് ദിവസത്തിന് ശേഷം ആദ്യമായി വെക്കുന്ന ഭക്ഷണമാണ്.

ഗദ്ഗദത്തോടെ അനസ് (റ) രേഖപ്പെടുത്തിയതാണ് ഈ കണ്ണീർ ചിത്രം.
എത്രയധികം ദിനങ്ങളാണ് റസൂലിന്റെ ഭവനം വിശപ്പു തിന്നുറങ്ങിയത്. ഇബ്നു അബ്ബാസ് (റ) പലയിടത്തും അക്കാര്യം ഓർത്തിട്ടുണ്ട്. ആ വീട്ടിൽ വല്ലപ്പോഴും തിന്നാനുണ്ടായത് ഗോതമ്പ് റൊട്ടി മാത്രമായിരുന്നു. ഒരു ദിവസം ക്ഷമയോടെ വിശന്നിരിക്കുകയും പിറ്റേന്ന് നന്ദിപൂർവം ഭക്ഷണം കഴിക്കുകയുമായിരുന്നു റസൂലിന്റെ ഭവനത്തിലെ രീതി.

റസൂൽ (സ) ഈന്തപ്പന നാരിന്റെ കട്ടിലിൽ വിശ്രമിക്കുന്ന നേരത്താണ് ഉമർ (റ) കടന്നുവന്നത്. റസൂലിന്റെ തിരുമേനിയിൽ നിറയെ അടയാളങ്ങൾ കണ്ടപ്പോൾ ഉമർ (റ) ചോദിച്ചു “ഞങ്ങളൊക്കെ കിടക്കാൻ മടിക്കുന്ന കട്ടിലിലാണല്ലോ അങ്ങ് കിടക്കുന്നത്. റസൂലേ അങ്ങേക്കൊരു വിരിപ്പ് ഉപയോഗിച്ചൂടായിരുന്നോ?’

ഉമറേ, ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം, അത്യുഷ്ണമുള്ള ഒരു പകലിൽ സഞ്ചരിക്കുന്ന യാത്രികന്റെതു പോലെയാണ്. ചൂട് കൂടുതലായപ്പോൾ ഇത്തിരി ഒരു മരച്ചോലയിലിരുന്നു. ഇത്തിരി കഴിഞ്ഞാൽ യാത്ര തുടരും. ഈ സ്വൽപ്പ നേരത്തിന്റെ ബന്ധമേയുള്ളൂ ഞങ്ങൾക്കിടയിൽ.
സഹൃദയരേ,
തിരുനബി(സ) എന്താണിങ്ങനെ ക്ലിഷ്ടതയെ തിരഞ്ഞെടുത്തത്? സാമ്പത്തിക പരാധീനതയുടെ ഗതികേടു കൊണ്ടല്ല , ദാരിദ്ര്യ പാരവശ്യത്തിൽ ഞെരുങ്ങിപ്പോയതുകൊണ്ടേയല്ല,
വ റാവദത്ഹുൽ ജിബാലു ശുമ്മു മിൻ ദഹബിൻ… “ഈ മലകൾ താങ്കൾക്കായ് പൊന്നാക്കട്ടെ’ എന്ന് തിരുനബി (സ) യോട് ചോദിച്ച ജിബ്്രീലി (അ) നോട് വേണ്ടെന്ന് സ്നേഹപൂർവം നിരസിക്കുകയായിരുന്നു അവിടുന്ന്. സുഖാനന്ദങ്ങളുടെ പറുദീസയിൽ ആഡംബര ജീവിതം നടത്താൻ മാത്രമുള്ള സർവതും നബിക്കർഹതപ്പെട്ടിട്ടും റസൂൽ (സ) വിനയ ഭാവത്തിന്റെ ലളിത ജീവിതത്തെ പുൽകി.

ഖസ്വീദതുൽ ബുർദ 31, 32 വരികളിലൂടെ ഇമാം ബുസ്വൂരീ (റ) നമ്മുടെ ഹൃദയത്തിലേക്ക് പടർത്തുന്നത് തിരുനബി(സ)യുടെ വിനയ ജീവിതത്തിന്റെ ചില്ലയാണ്. റസൂൽ (സ) സോഷ്യൽ പിരമിഡിന്റെ കീഴ്തട്ടിൽ ജീവിച്ചു. അടിയാന്മാർ തിന്നുന്നത് പോലെ അവരുടുക്കുന്നത് പോലെ അവർ കിടക്കുന്നത് പോലെ അവർ ജീവിക്കുന്നത് പോലെ തന്നെയാണ് ഞാനുമാവുക എന്ന് മറ്റുള്ളവരെ പഠിപ്പിച്ചു. എന്നെ നിങ്ങളന്വേഷിക്കേണ്ടത് കീഴ്തട്ടു ജനതയോടൊപ്പമാണെന്ന് നിർദേശിച്ചു. എന്നോട് എന്റെ രക്ഷിതാവ് ഏഴ് കാര്യങ്ങൾ ഉണർത്തിയിട്ടുണ്ട് എന്ന് പറഞ്ഞ റസൂൽ (സ) ആദ്യമായി എണ്ണിയത് ദരിദ്രരെ ഇഷ്ടപ്പെടാനും അവരോട് അടുക്കാനും എന്നോട് നിർദേശിച്ചു എന്നായിരുന്നു.

അബൂമസ്ഊദ് (റ) പറയുന്നത് കേൾക്കൂ, രേഖപ്പെടുത്തിയത് ഇബ്നുമാജയാണ്.
“നബി(സ)ക്കരികെ ഒരു മനുഷ്യൻ വന്ന് (ബേജാറുകലർന്ന ഭാഷയിൽ ഭവ്യതയോടെ) സംസാരിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ബേജാറു വേണ്ടന്നേ, ഞാനൊരു രാജാവൊന്നുമല്ല, ഉണക്കിയെടുത്ത ഉപ്പിറച്ചി ഭക്ഷിക്കുന്ന ഒരു ഖുറൈശി പെണ്ണിന്റെ മോനാണു ഞാൻ’ ആഗതനെ പോലെ ഒരു സാധാരണ കുടുംബത്തിൽ ജീവിച്ചു വളർന്നവനാണ് ഞാനുമെന്ന് ബോധിപ്പിച്ച് (നബി (സ) സാധാരണ മനുഷ്യനല്ലെങ്കിലും) ആഗതന് പറയാനുള്ളത് തുറന്നു പറയാനുള്ള ഇടം സൃഷ്ടിക്കുകയായിരുന്നു റസൂൽ (സ). പച്ച മനുഷ്യർക്കുള്ള പരിഭവങ്ങൾ പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം നബിക്കരികിലുണ്ടായിരുന്നു. അവരുടെ മുമ്പിൽ ഗൗരവം പൂകി നെഞ്ചുന്തി നിൽക്കുന്ന സ്വഭാവം നബിക്കില്ല തന്നെ.

ഒരു നേതാവിനു വേണ്ട ഏറ്റവും ബൃഹത്തായ ഗുണം ഹുങ്കാരമല്ല; വിനയമാണ്. അനുയായിയും നേതാവും തമ്മിലുള്ള അകലം കുറയ്ക്കാനും ഒരുമിച്ചിരിക്കാനുള്ള അവസരം ഒരുക്കാനും വിനയത്തിനേ സാധിക്കൂ. വിനയാന്വിതനാകുന്നവരെ അല്ലാഹു പുരോഗതിയിലെത്തിക്കുമെന്നതാണ് റസൂലിന്റെ സന്ദേശം. സ്വന്തം സന്താനങ്ങളിലേക്കും ആ സന്ദേശം പടർത്തുന്നതിൽ റസൂൽ (സ) ശ്രദ്ധിച്ചു.

ജോലിഭാരം കൊണ്ട് കൈ വിണ്ട് ഊര വേദനിച്ച് പരിഭവവുമായി ഉപ്പയേ സമീപിച്ച ഫാത്വിമാ ബീവിക്ക് (റ) ലഭിച്ചത് കൂടുതൽ സൗകര്യങ്ങൾക്ക് പകരം സർവ വിജയത്തിന്റെ മൂന്ന് ആത്മ മന്ത്രങ്ങളായിരുന്നു. ബീവി ഹൃദയത്തിലേക്ക് അതേറ്റെടുക്കുകയും ചെയ്തു. പത്നിമാരിലേക്കും കൈമാറിയത് അതുതന്നെയാണ്. ആ ബോധം അവരിലേക്ക് സന്നിവേശിപ്പിക്കാൻ ഖുർആനും ഇടപെട്ടു “നബിയേ അങ്ങ് അങ്ങയുടെ പത്നിമാരോട് പറഞ്ഞേക്കൂ നിങ്ങൾ ദുനിയാവിലെ ജീവിതവും അതിന്റെ ഭംഗിയും ആഗ്രഹിക്കുന്നുവെങ്കിൽ കടന്നു വരൂ! ഞാൻ നിങ്ങൾക്ക് വിരഹാശ്വാസ ദ്രവ്യം തരാം. നല്ല മട്ടിൽ പിരിച്ചയക്കാം ” (സൂറ: അഹ്സാബ് 28) അവർക്കെല്ലാവർക്കും തിരുനബിയോടൊത്തുള്ള ലളിത ജീവിതമായിരുന്നു ഏറെ പ്രിയം. അതുകൊണ്ടവർ ഉമ്മഹാതുൽ മുഅ്മിനീനുകളായി. ചരിത്രത്തിന്റെ സുവർണ ജ്യോതിസ്സുകളായി.

ബിസിനസ് സാമ്രാജ്യങ്ങളുടെ ഉടമയായ ഖദീജ ബീവി (റ) തിരുനബിക്ക് സർവതും നൽകിയിട്ടും അതുവഴി സമ്പന്നനായി തീർന്നിട്ടും (സൂറ: ളുഹാ അക്കാര്യം അടിവരയിടുന്നുണ്ടല്ലോ?) റസൂലിന്റെ തിരഞ്ഞെടുപ്പ് ലളിത ജീവിതമായെന്നതാണ് ഏറെ ശ്രദ്ധേയം. നബി(സ)ക്ക് അല്ലാഹു നൽകിയ പ്രത്യേക പദവികളെ സമൂഹത്തിന് പരിചയപ്പെടുത്തുമ്പോൾ “ലാ ഫഹ്റ’ (പെരുമ പറച്ചിലല്ലിത്) എന്ന വിനയപൂർവമുള്ള സംസാരം നമുക്ക് കേൾക്കാൻ കഴിയും.
ഞാനാരാണെന്ന് നിങ്ങൾക്കൊന്നും ശരിക്ക് മനസ്സിലായിട്ടില്ല..,
കടപ്പുറത്തേക്ക് മണലു കടത്താൻ വരേണ്ട..,
എന്റെ കീശയിൽ നിന്ന് ചെലവാക്കിയിട്ടല്ലേ ഇതെല്ലാമുണ്ടായത് ?.,
എന്നോട് മുട്ടാൻ ആരും നോക്കണ്ട..,
ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി..,
തുടങ്ങി ചില പഞ്ച് ഡയലോഗുകളുണ്ട് നമ്മിൽ പലർക്കും. വെറുതെയാണതൊക്കെ, നമ്മുടെ പരാജയത്തിന്റെ ഉദ്ഘാടന വാചകങ്ങളാണതെല്ലാം. അഹങ്കാരം നിന്ദ്യതയിലേക്കുള്ള എളുപ്പ വഴിയാണ്. വിനയം വിജയത്തിലേക്കുള്ള രാജപാതയും. ഓരോ വ്യക്തിത്വത്തിനും അർഹമായ സ്ഥാനങ്ങളെ വകവെച്ചു കൊടുക്കാനുള്ള മനോഭാവമാണ് വിനയം. ചെറിയവർക്കും വലിയവർക്കും ആണിനും പെണ്ണിനും ഭരണാധികാരികൾക്കും പ്രജകൾക്കും അടിമകൾക്കും ഉടമകൾക്കും വിശ്വാസിക്കും അവിശ്വാസിക്കും മാതാപിതാക്കൾക്കും മക്കൾക്കും ഗുരുവിനും ശിഷ്യനും സഹചാരികൾക്കും സഹപ്രവർത്തകർക്കും അർഹമായ സ്ഥാനം വേണ്ടുന്ന തോതനുസരിച്ച് നൽകാൻ വിനയാന്വിതനേ സാധിക്കൂ. ശരിയായ മനുഷ്യന്റെ ഗുണമാണത്.
അങ്ങയെ പിന്തുടർന്ന വിശ്വാസികൾക്ക് വിനയത്തിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കൂ (സൂറ: ശുഅറാഅ് 215) എന്ന നിർദേശം അതുകൊണ്ടാണുണ്ടായതും. കരുണാവാരിധിയായ അല്ലാഹുവിന്റെ അടിമകളുടെ സുപ്രധാന ലക്ഷണം ഭൂമിയിലവർ വിനയാന്വിതരായി വർത്തിക്കുമെന്നതാണ് (സൂറ: ഫുർഖാൻ 63)

സമൂഹത്തിൽ അത്യാവശ്യം സ്വീകാര്യതയുണ്ടെന്നും സ്റ്റാന്റേർഡ് കുറഞ്ഞു പോകുമെന്നൊക്കെ കരുതി വീട്ടുകാര്യങ്ങളിലോ ചെളിപുരളുന്ന പണികൾക്കോ നിൽക്കാതെ ചുളിവുമടങ്ങാതെ ചേറാവാതെ ജീവിക്കുന്ന ശൈലി ഒട്ടും അഭിലഷണീയമല്ല. റസൂലിനെ കുറിച്ച് അന്വേഷിച്ച അസ് വദ് ബ്നു യസീദ് (റ)നോട് ആഇശ ബീവി പറഞ്ഞത് കേൾക്കേണ്ടതാണ് “റസൂൽ വീട്ടുജോലികളെല്ലാം ചെയ്യും, നിസ്കാര സമയമായാൽ പള്ളിയിലേക്ക് പോവും (ബുഖാരി) മറ്റൊരു ദൃക്്സാക്ഷ്യം അനസ് (റ) പങ്കുവെക്കുന്നു: സ്വന്തം ആവശ്യങ്ങൾ സ്വന്തമായി ചെയ്യാൻ റസൂലിന് ഒരു വിമുഖതയും ഉണ്ടായിരുന്നില്ല. കൂട്ടുകാരുടെയോ അയൽക്കാരുടെയോ കാര്യമാകട്ടെ, ദരിദ്രരോ സ്ത്രീകളോ ആവട്ടെ റസൂൽ (സ) ഒരു മടിയും കൂടാതെ വേണ്ടതെല്ലാം ചെയ്തു കൊടുക്കും. അങ്ങാടിയിൽ പോകും സാധനങ്ങൾ വാങ്ങി കൊണ്ടുവരും.

സ്നേഹിതരേ… സാന്ത്വന പ്രവർത്തനങ്ങളിലും പള്ളി നിർമാണ ഘട്ടങ്ങളിലും യാത്രാവേളകളിലും യുദ്ധരംഗത്തും സഹചരോടൊപ്പം വിയർക്കാനും മണ്ണുപുരളാനും തിരുനബിക്കൊട്ടും അമാന്തിച്ചു നിൽക്കേണ്ടി വന്നിട്ടില്ല. കുട്ടികളിലേക്കിറങ്ങി വന്ന് സലാം പറഞ്ഞു ഒപ്പം കളിച്ചു കാരുണ്യത്തിന്റെ ചിറകിൽ പൊതിഞ്ഞു. ഭാര്യമാരോട് സ്നേഹക്കൂട്ടായി ഓട്ടമത്സരം നടത്തി പ്രണയം പങ്കിട്ട് അനുരാഗത്തിന്റെ കൂടൊരുക്കി. അടിമകളെ വില കുറച്ചു കാണാതെ അറിവും അന്നവും അഭിമാനവും നേതൃപദവിയും മൂല്യവും കൊടുത്ത് വിമോചനത്തിന്റെ അനന്ത വിഹായസ്സ് പണിതു. അഹങ്കാരത്തിന്റെ വേരുകൾ അനുചരരുടെ രക്തത്തിൽ നിന്നും പിഴുതെടുത്തെറിഞ്ഞു “ജാഹിലിയ്യത്തിന്റെ കരട് ബാക്കിയുണ്ടല്ലേ’ എന്ന് ശാസിച്ച് തിരുത്തിച്ചു.

ഖുർആന്റെ നിർദേശം അക്ഷരംപ്രതി പാലിച്ച് മനുഷ്യർക്കെല്ലാം വിനയം കൊണ്ട് അഭിമാനം കൊടുക്കുകയായിരുന്നു തിരുനബി(സ). അത്ര ഗൗരവത്തിലെടുക്കേണ്ട വ്യക്തിത്വമൊന്നുമല്ലല്ലോ എന്ന് കണ്ട് പള്ളിയിലെ തൂപ്പുകാരിയുടെ മരണം അറിയിക്കാതിരുന്നവരെ റസൂൽ (സ) ഗൗരവത്തോടെയാണ് സമീപിച്ചത്. അറിയിക്കാത്തതിന്റെ പ്രതിഷേധമറിയിച്ച് ആ സ്ത്രീയുടെ ഖബറരികിൽ പോയി നിസ്കരിച്ചു. ആരെയും ലിസ്റ്റിൽ നിന്നൊഴിവാക്കരുത്. എല്ലാവരെയും പരിഗണിക്കണം. സമ്പന്നരെ മാത്രം ക്ഷണിച്ച സദ്യയത്രേ ഏറ്റവും വൃത്തിഹീനമായ വിരുന്നെന്ന് നബി(സ) പഠിപ്പിച്ചു.

നോക്കൂ.. നമുക്കുള്ള സ്ഥാനങ്ങളും പദവികളുമെല്ലാം അല്ലാഹു തന്നതാണ്. കീഴ്മേൽ മറിയാൻ സമയമേറെയൊന്നും വേണ്ട. അഹങ്കാരമരുത്, ആരെയും പരിഹസിക്കാനോ വിലകുറച്ചു കാണാനോ ശ്രമിക്കുകയരുത്. വിനയത്തിന്റെ ഉടയാടയണിയുക തിരുനബി(സ)യെ പോലെ.

Latest