Saudi Arabia
മക്കയില്‍ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം തുറന്നു
മക്കയിലെ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

മക്ക | ഇസ്‌ലാമിക ചരിത്രത്തിന്റെയും ഖുര്‍ആന്‍ പൈതൃകത്തിന്റെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഹിറ പദ്ധതിലെ വിശുദ്ധ ഖുര്‍ആന്‍ മ്യൂസിയം വിശ്വാസികള്‍ക്കായി തുറന്നു. മക്കയിലെ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കുമുള്ള റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലും പിന്തുണയിലും വികസിപ്പിച്ചെടുത്ത ഈ മ്യൂസിയം ആഗോള മുസ്‌ലിങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തിന്റെ പ്രാഥമിക ഉറവിടമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനെ ഉയര്‍ത്തിക്കാട്ടുകയും മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിനുമായാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.
മക്കയുടെ ഹൃദയഭാഗത്ത്, ഖുര്‍ആനിന്റെ ആദ്യ സൂക്തങ്ങള്‍ അവതരിച്ച ജബല്‍ ഹിറയ്ക്ക് സമീപത്തായാണ് ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് സ്ഥിതിചെയ്യുന്നത്.
രണ്ടാം ഖലീഫയായിരുന്ന ഉസ്മാന്‍ ബിന്‍ അഫാന്‍ (റ)വിന്റെ കാലത്തെ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയുടെ പകര്‍പ്പ്, ഖുര്‍ആന്‍ വാക്യങ്ങളുടെ നിരവധി പുരാതന ശിലാലിഖിതങ്ങള്‍, അപൂര്‍വ കൈയെഴുത്ത് പ്രതികള്‍, ചരിത്ര പകര്‍പ്പുകള്‍, തുടങ്ങിയവ മ്യൂസിയത്തിലുണ്ട്. ഖുര്‍ആനിന്റെ മഹത്വം വിളിച്ചോതുന്ന, മുസ്‌ലിങ്ങളുടെ ജീവിതത്തില്‍ അതിന്റെ സ്വാധീനം പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വഴിയുള്ള സവിശേഷ അനുഭവമാണ് മ്യൂസിയം പ്രദാനം ചെയ്യുന്നത്. നിരവധി പുരാതന ശിലാലിഖിതങ്ങളും പുരാവസ്തു പ്രദര്‍ശനത്തിലുണ്ട്.
ഏകദേശം 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്, മക്കയുടെ ചൈതന്യവും ചരിത്രവും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രധാന കേന്ദ്രം കൂടിയാണ്.