Connect with us

Saudi Arabia

വിശുദ്ധ റമസാന്‍ അവസാന പത്തിലേക്ക്; ഇരുഹറമുകളിലും വിശ്വാസി പ്രവാഹം

'ഈ മാസത്തിലെ ഏറ്റവും മഹത്തായ രാത്രികള്‍ ഇതാ വന്നുചേര്‍ന്നിരിക്കുന്നു. അതിലെ ഓരോ നിമിഷവും നിധിയാണ്. അത് പരമാവധി പ്രയോജനപ്പെടുത്തണം.'- ഇമാമുമാര്‍

Published

|

Last Updated

മക്ക/മദീന | വിശുദ്ധ റമസാന്‍ അവസാന പത്ത് രാവുകളിലേക്ക് പ്രവേശിച്ചതോടെ റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയില്‍ പങ്കെടുക്കാനെത്തിയവരെ കൊണ്ട് മക്കയിലെ മസ്ജിദുല്‍ ഹറമും പ്രവാചകനഗരിയിലെ മസ്ജിദുന്നബവിയും വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു. വെള്ളിയാഴ്ച നിസ്‌കാരത്തില്‍ പങ്കുടുക്കുന്നതിനായി വ്യാഴാഴ്ച മുതല്‍ തന്നെ വിശ്വാസികള്‍ ഇരുഹറമുകളും ലക്ഷ്യമാക്കി നീങ്ങി. ജുമുഅക്ക് മുമ്പു തന്നെ ഹറമുകള്‍ വിശ്വാസികളാല്‍ നിറഞ്ഞിരുന്നു.

ഈ വര്‍ഷത്തെ റമസാനില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഉംറ കര്‍മങ്ങള്‍ക്കായി ഹറമിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും സഊദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരും ഒഴുകിയെത്തിയതോടെ ഹറമും പരിസരവും ശുഭ്രവസ്ത്രധാരികളുടെ സാഗരമായി മാറി. തീര്‍ഥാടകര്‍ക്ക് അവരുടെ ആരാധനാ കര്‍മങ്ങള്‍ പ്രയാസരഹിതമായി ചെയ്യുവാനും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഇരുഹറമുകളിലും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു

അവസാന ദിനരാത്രങ്ങളില്‍ പ്രാര്‍ഥനയില്‍ മുഴുകുക : ഹറം ഇമാമുമാര്‍
റമസാന്‍, അനുഗ്രഹങ്ങളുടെയും കാരുണ്യത്തിന്റെയും മാസമാണെന്നും അതിലെ ഏറ്റവും പുണ്യവും അനുഗ്രഹങ്ങളും നിറഞ്ഞ അവസാന പത്ത് ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഹറം ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു. ‘ഈ മാസത്തിലെ ഏറ്റവും മഹത്തായ രാത്രികള്‍ ഇതാ വന്നുചേര്‍ന്നിരിക്കുന്നു. അതിലെ ഓരോ നിമിഷവും നിധിയാണ്. ഓരോ മണിക്കൂറും കാരുണ്യത്താല്‍ നിറഞ്ഞിരിക്കുന്നു. അതില്‍ അല്ലാഹുവിന്റെ കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കപ്പെടുകയും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു. വിശുദ്ധ റമസാന്റെ അവസാനത്തെ അനുഗൃഹീത രാത്രികളില്‍, അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ പാത പിന്‍പറ്റി അനുഗ്രഹീത രാവുകള്‍ ഇബാദത്തുകളില്‍ ചെലവഴിക്കണം. ഈ ദിവസങ്ങള്‍ ഒരു കൃഷിയിടം പോലെയാണ്. അശ്രദ്ധയിലും ശ്രദ്ധ വ്യതിചലനങ്ങളിലും പങ്കുചേരുന്നത് സൂക്ഷിക്കണം. ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ് ഇനിയുള്ള ഓരോ രാവുകളും. ലൈലതുല്‍ ഖദ്‌റില്‍ ആകാശ ലോകത്ത് നിന്ന് മലക്കുകളും അല്ലാഹുവിന്റെ ആജ്ഞാനുസരണം ഭൂമിയിലേക്കിറങ്ങും. ഇനിയുള്ള ഓരോ നിമിഷത്തെയും പരമാവധി പ്രയോജനപ്പെടുത്തണം.’- ഇമാമുമാര്‍ വിശ്വാസികളോട് ഉണര്‍ത്തി.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. ഫൈസല്‍ ബിന്‍ ജമീല്‍ ഗസ്സാവിയും പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുല്‍ ബാരി ബിന്‍ മുഹമ്മദ് അല്‍-തബെതിയും ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി. അവസാന പത്തിലെ കനത്ത തിരക്ക് പരിഗണിച്ച് ഇരു ഹറമുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇരുഹറം കാര്യ മന്ത്രാലയവും മറ്റ് വകുപ്പുകളും എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. റമസാനിലെ ആദ്യ 20 ദിവസങ്ങളില്‍ 2.59 ദശലക്ഷം പേര്‍ മസ്ജിദ് ഹറമിലെത്തിയതായി ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു.

 

സിറാജ് പ്രതിനിധി, ദമാം