Connect with us

Health

കൊവിഡ് ബാധിതർക്ക് വീട്ടിലെ ഭക്ഷണം ലളിതം, ഉചിതം

പോഷക സമൃദ്ധമായി വീട്ടിലുണ്ടാക്കുന്ന ലളിതമായ ആഹാരം തന്നെയാണുത്തമം. എളുപ്പത്തിൽ ദഹിക്കുന്നതും പോഷക മൂല്യമുള്ളതുമായ പ്രഭാതഭക്ഷണമായ ഇഡ്ഡലി, ഇടിയപ്പം, പുട്ട്, കൊഴുക്കട്ട എന്നിവയിൽ അവരവരുടെ ഇഷ്ടാനുസരണവും സമീകൃതമായും തിരഞ്ഞെടുക്കാം. ഉച്ചയൂണിന് കഞ്ഞിയും പയറും തോരനും അല്ലെങ്കിൽ ചോറും എരിവ് കുറഞ്ഞ പരിപ്പ് / മീൻകറി, പച്ചക്കറി തോരൻ എന്നിവ ഉത്തമം. അത്താഴം നേരത്തെയാക്കാനും മിതമായി കഴിക്കാനും ശ്രദ്ധിക്കണം. ഒമിക്രോൺ ബാധിതരായ ചിലർക്ക് അമിതമായ വിശപ്പ് കണ്ടുവരുന്നുണ്ട്. അവരവരുടെ വിശപ്പിനനുസരിച്ചുള്ള ഇടവേളകളിൽ ആഹാരം കഴിക്കാവുന്നതാണ്. പക്ഷേ, അമിതമായ വിശപ്പു കാരണം കൊഴുപ്പ് കൂടിയതും പോഷകമൂല്യം കുറഞ്ഞതുമായ ജങ്ക് ഫുഡുകൾ വാരിവലിച്ച് കഴിക്കരുത്.

Published

|

Last Updated

കൊറോണയുടെ ഒമിക്രോൺ വകഭേദം വേഗത്തിൽ വ്യാപിക്കുന്നതാണ്. നാം കഴിക്കുന്ന ആഹാരം, ജീവിതരീതികൾ എന്നിവക്കെല്ലാം കൊവിഡിനെ അതിജീവിക്കുന്നതിലും രോഗമുക്തി നേടുന്നതിലും മുഖ്യ പങ്കുണ്ട്. ആരോഗ്യവാനായ ഒരു വ്യക്തി രോഗബാധിതനായാൽ തന്നെ അതിൽ നിന്നു രോഗമുക്തി നേടുന്നതും പൂർവഗതിയിലേക്ക് വരുവാനുമുള്ള സമയവും വളരെ വേഗത്തിലാണ്.

ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ രോഗ നിർണയം നടത്തേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കേണ്ടതുമാണ്. ഇതിനോടൊപ്പം ആഹാരത്തിലും ജീവിതചര്യയിലും എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
പോഷക സമൃദ്ധമായി വീട്ടിലുണ്ടാക്കുന്ന ലളിതമായ ആഹാരം തന്നെയാണുത്തമം. എളുപ്പത്തിൽ ദഹിക്കുന്നതും പോഷക മൂല്യമുള്ളതുമായ പ്രഭാതഭക്ഷണമായ ഇഡ്ഡലി, ഇടിയപ്പം, പുട്ട്, കൊഴുക്കട്ട എന്നിവയിൽ അവരവരുടെ ഇഷ്ടാനുസരണവും സമീകൃതമായും തിരഞ്ഞെടുക്കാം. ഉച്ചയൂണിന് കഞ്ഞിയും പയറും തോരനും അല്ലെങ്കിൽ ചോറും എരിവ് കുറഞ്ഞ പരിപ്പ് / മീൻകറി, പച്ചക്കറി തോരൻ എന്നിവ ഉത്തമം. അത്താഴം നേരത്തെയാക്കാനും മിതമായി കഴിക്കാനും ശ്രദ്ധിക്കണം. ഒമിക്രോൺ ബാധിതരായ ചിലർക്ക് അമിതമായ വിശപ്പ് കണ്ടുവരുന്നുണ്ട്. അവരവരുടെ വിശപ്പിനനുസരിച്ചുള്ള ഇടവേളകളിൽ ആഹാരം കഴിക്കാവുന്നതാണ്. പക്ഷേ, അമിതമായ വിശപ്പു കാരണം കൊഴുപ്പ് കൂടിയതും പോഷകമൂല്യം കുറഞ്ഞതുമായ ജങ്ക് ഫുഡുകൾ വാരിവലിച്ച് കഴിക്കരുത്.

രോഗബാധിതരായ മറ്റു ചിലരിൽ പ്രത്യേകിച്ച് കുട്ടികൾക്ക് തീരേ വിശപ്പില്ലായ്മയും കാണാറുണ്ട്. ഇത് ക്ഷീണം കൂട്ടുവാനും നിർജലീകരണത്തിനും കാരണമാകും. അതിനാൽ ഇക്കൂട്ടർക്ക് എളുപ്പത്തിൽ ദഹിക്കുന്ന ദ്രാവകരൂപത്തിലുള്ള പഴച്ചാറുകൾ, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പുകൾ, കഞ്ഞി എന്നിവ നൽകുന്നത് ക്ഷീണം മാറ്റാനുതകും.

പേശീവേദനക്കും വീക്കത്തിനും പൊട്ടാസ്യവും വീക്കം തടയാനുതകുന്ന ഘടകങ്ങളായ ആന്തോസയനിൻ അടങ്ങിയ ഭക്ഷണങ്ങളായ ചെറുപഴം, കരിക്കിൻ വെള്ളം, തക്കാളി സൂപ്പ്, നെല്ലിക്ക, നാരങ്ങ, ബീറ്റ്‌റൂട്ട്, ഇഞ്ചി ഇവ ആഹാരത്തിലുൾപ്പെടുത്താവുന്നതാണ്. ഇതിനോടൊപ്പം വിശ്രമവുമാവശ്യമാണ്.

ആവശ്യാനുസരണം മാംസ്യം ( പ്രോട്ടീൻ) അടങ്ങിയ പയർ, പരിപ്പ് വർഗങ്ങൾ, മുട്ട, ചെറുമത്സ്യങ്ങൾ, പുളിയില്ലാത്ത തൈര് എന്നിവ ദിവസേന ഭക്ഷണക്രമത്തിലുൾപ്പെടുത്തണം. ഇവ ധാന്യാഹാരത്തിനോടൊപ്പം കഴിക്കുന്നത് അവയുടെ ഗുണം കൂട്ടുന്നു.
പച്ചക്കറികളും പുളികുറഞ്ഞ പഴവർഗങ്ങളായ മാതളം, പേരക്ക, പപ്പായ, ആപ്പിൾ, മധുരമുള്ള ഓറഞ്ച്, ചെറുപഴം എന്നിവയും ഇലക്കറികളും ധാരാളമായി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്നു.

കുട്ടികളും മുതിർന്നവരും ഒരുപോലെ പഞ്ചസാരയുടെ ഉപയോഗവും മധുരപാനീയങ്ങളും മധുര പലഹാരങ്ങളും ബേക്കറി പലഹാരങ്ങളും എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
ദഹനം പലർക്കും പ്രശ്‌നമാകാറുണ്ട്. അതിനാൽ ചിക്കൻ, മട്ടൻ, ബീഫ് മുതലായ മാംസാധികൾ പരിമിതപ്പെടുത്താവുന്നതാണ്. എരിവും പുളിയും കുറക്കേണ്ടതാണ്.
ജലദോഷം, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളുള്ളവർക്ക് ഹെർബൽ ചായകൾ (ശർക്കര, തുളസി, ഇഞ്ചി/ ചുക്ക് എന്നിവ ചേർത്തത്) ജീരകവെള്ളം, വീട്ടിൽ തന്നെയുണ്ടാക്കുന്ന പച്ചക്കറി സൂപ്പ്, ഇഞ്ചിച്ചായ എന്നിവ താത്കാലിക ശമനത്തിനും ശരീരത്തിനും ഉന്മേഷം നൽകാനും സഹായിക്കും.

രോഗത്തെ കുറിച്ചുള്ള ആകുലതയും ശാരീരിക അസ്വസ്ഥതകളും സുഖനിദ്രക്ക് തടസ്സമാകാറുണ്ട്. എന്നിരുന്നാൽ തന്നെയും ശാരീരികമായും മാനസികമായും പരമാവധി വിശ്രമിക്കാനും നന്നായി ഉറങ്ങാനും ശ്രദ്ധിക്കണം. ഇത് എളുപ്പത്തിൽ രോഗമുക്തി നേടാൻ സഹായിക്കുന്നു.
തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാനും മറക്കേണ്ട. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം ചെറിയ അളവിൽ കൃത്യമായ ഇടവേളകളിൽ വിശപ്പിനനുസരിച്ച് കഴിക്കേണ്ടതാണ്.
പ്രമേഹമോ മറ്റു ജീവിതശൈലീ രോഗങ്ങളോ ഉള്ളവർ അതിനനുസൃതമായി ആഹാരം ക്രമപ്പെടുത്തുകയോ ആവശ്യമെങ്കിൽ ഒരു പോഷകാഹാര വിദഗ്ധയുടെ നിർദേശം സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്.

ബീറ്റ്‌റൂട്ട് ക്യാരറ്റ് സൂപ്പ്
ചേരുവകൾ
ബീറ്റ്‌റൂട്ട് -1 (ചെറുതായി അരിഞ്ഞത്)
ക്യാരറ്റ് – 1 (ചെറുതായി അരിഞ്ഞത്)
ചെറുപരിപ്പ് – 1 ടേബിൾ സ്പൂൺ
വെള്ളുള്ളി- 1 അല്ലി
ഇഞ്ചി (ചതച്ചത്) -2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഉപ്പ് , കുരുമുളക് പൊടി – രുചിക്കനുസരിച്ച്
തയ്യാറാക്കുന്ന വിധം
1. കുക്കറിൽ ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചെറുപരിപ്പ് ചേർത്ത് 1 ഗ്ലാസ് വെള്ളമൊഴിച്ച് 2-3 വിസ്സിൽ വരുന്നതുവരെ വേവിക്കുക.
2. തണുത്തതിനു ശേഷം ഈ മിശ്രിതം മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ അര കപ്പ് വെള്ളം ചേർക്കാം.
3. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർക്കുക, ഇതിൽ ചെറുതായരിഞ്ഞ ഇഞ്ചി ചേർത്ത് വഴറ്റുക.
4. ഇതിലേക്ക് സൂപ്പിന്റെ മിശ്രിതം ചേർത്ത് 3-5 മിനുട്ട് ചൂടാക്കുക.
5. ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ചൂടോടെ വിളമ്പുക.
കൊവിഡിൽ നിന്നും രോഗമുക്തി നേടിയ ശേഷവും പോഷകമൂല്യമുള്ള ആഹാരരീതികളും ആരോഗ്യകരമായ ജീവിത ശൈലികളും തുടരുന്നത് ഊർജസ്വലരായിരിക്കാനും മറ്റു ജീവിത ശൈലീരോഗങ്ങളകറ്റാനും സഹായിക്കും.

ഡയറ്റീഷൻ, ഉമാസ് നൂട്രിയോഗ തിരുവനന്തപുരം

Latest