Connect with us

Kerala

വീടു കയറി ഗുണ്ടാ ആക്രമണം; മരിച്ച സുജാതയുടെ മക്കള്‍ അറസ്റ്റില്‍

ആക്രമണത്തില്‍ മരിച്ച സുജാതയുടെ മക്കളും മാരൂര്‍ സ്വദേശികളുമായ സൂര്യലാലും ചന്ദ്രലാലുമാണ് അറസ്റ്റിലായത്.

Published

|

Last Updated

അടൂര്‍ | അടൂരില്‍ ഗുണ്ടകള്‍ വീടുകയറി ആക്രമണം നടത്തിയ കേസില്‍ മരിച്ച സുജാതയുടെ മക്കള്‍ അറസ്റ്റില്‍. സുജാതയുടെ മക്കളും മാരൂര്‍ സ്വദേശികളുമായ സൂര്യലാലും ചന്ദ്രലാലുമാണ് അറസ്റ്റിലായത്. ശനിയാഴ്ച ഏനാത്ത് കുറുമ്പകരയില്‍ നടന്ന അടിപിടിക്കേസിലെ പ്രതികളാണ് ഇവര്‍.

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സൂര്യലാലിനെയും അനുജന്‍ ചന്ദ്രലാലിനെയും തേടി ഗുണ്ടകള്‍ ഇവരുടെ വീട്ടിലെത്തിയത്. ഗുണ്ടകളുടെ ആക്രമണത്തില്‍ തലക്ക് വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സുജാത ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തലക്ക് വെട്ടേറ്റും കമ്പി കൊണ്ട് വാരി എല്ലുകള്‍ക്ക് അടിയേറ്റും ഗുരുതരാവസ്ഥയിലായ സുജാത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചത്.

ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ശരണും സംഘവും ഞായറാഴ്ച രാത്രി 11 ഓടെ സൂര്യലാലിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു.

ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടന്‍, ശരണ്‍ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. സംഘം വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകര്‍ത്തു.

അക്രമി സംഘത്തെ കണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു. സൂര്യലാലിനെ അടൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസില്‍ അടക്കം ഇവര്‍ പ്രതിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അടൂര്‍ പോലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ചാരായം വില്‍പനക്ക് ഇവര്‍ക്കെതിരെ പല തവണ കേസെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

Latest