Kerala
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വീടുകയറി ഉപദ്രവം; പ്രതി അറസ്റ്റില്‍
കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം, മുറ്റത്തു നിന്ന അതുലിനെ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദിക്കുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട | കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വീടുകയറി വയോധികനെയും കൊച്ചുമകനെയും ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. തണ്ണിത്തോട് തേക്കുതോട് പ്ലാന്റ്റേഷന്‍ മുക്ക് സതീഷ് (39) ആണ് പിടിയിലായത്. മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സതീഷ്. റാന്നി പുതുശ്ശേരിമല കിഴക്കെവിള പുളിനില്‍ക്കുന്നതില്‍ സോമരാജന്‍ നായരുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി അതിക്രമിച്ച് കയറി കരിങ്കല്ല് കൊണ്ട് ആക്രമണം നടത്തിയത്.
സോമരാജന്റെ കൊച്ചുമകന്‍ അതുല്‍ കുമാറിന് കൊടുക്കാനുള്ള 500 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം, മുറ്റത്തു നിന്ന അതുലിനെ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദിക്കുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സോമരാജന്‍ നായരെ വീട്ടില്‍ കയറി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. വാരിയെല്ലിന്റെ ഇടതുഭാഗം ഇടിയേറ്റ് പൊട്ടി. വെട്ടുകത്തിയെടുത്ത് മുറ്റത്തിരുന്ന അതുലിന്റെ മോട്ടോര്‍ സൈക്കിളില്‍ വെട്ടി കേടുപാട് വരുത്തി. തുടര്‍ന്ന് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി, അതുലിനെയും അമ്മയെയും വെട്ടാന്‍ ഓടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
രാത്രിയില്‍ തന്നെ പോലിസ് സതീഷിനെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സതീഷ് 2021ല്‍ റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും കോന്നി, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ മൂന്ന് കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സി പി ഓമാരായ സുമില്‍, ആല്‍വിന്‍ സുകേഷ് എന്നിവരാണുണ്ടായിരുന്നത്.