Saudi Arabia
വ്യാജ ഹജ്ജ് പ്രചാരണ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു; നിരവധി തട്ടിപ്പുകാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു
പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസ-ഗതാഗത സൗകര്യം ഒരുക്കുമെന്നും, മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് നിർവഹിക്കുമെന്നും വാഗ്ദാനം ചെയ്താണ് പരസ്യങ്ങൾ പ്രചരിപ്പിച്ചത്.

മക്ക|സോഷ്യൽ മീഡിയ വഴി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പ്രചാരണ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതിന് നിരവധി തട്ടിപ്പുകാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് താമസ-ഗതാഗത സൗകര്യം ഒരുക്കുമെന്നും, മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് നിർവഹിക്കുമെന്നും വാഗ്ദാനം ചെയ്താണ് പരസ്യങ്ങൾ പ്രചരിപ്പിച്ചത്. തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി മന്ത്രാലയം വിശദീകരിച്ചു.
ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും,ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം (നുസുക്) വഴിയാണ് ഹജ്ജ് അനുമതിപത്രം സ്വീകരിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യയിലുള്ളവർ മന്ത്രാലയത്തിന്റെ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999എന്ന നമ്പറിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.