Kuwait
ഹോം ക്വാറന്റൈന്‍ ലംഘനം; വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ സുപ്രീം കോടതി വെറുതെ വിട്ടു
കുവൈത്ത് സിറ്റി | കുവൈത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് കേസ് ചാര്‍ജ് ചെയ്യപ്പെട്ട വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കുവൈത്ത് സുപ്രീം കോടതി വെറുതെ വിട്ടു. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ നീക്കങ്ങള്‍ ഷിലോനക് ആപ്പ് മുഖേനയാണ് നിരീക്ഷിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും താമസ സ്ഥലം വിട്ട് എങ്ങോട്ടും പോയിട്ടില്ലെന്നുമായിരുന്നു കേസില്‍ പെട്ടവരുടെ വാദം. തുടര്‍ന്ന് ഷിലോനക് ആപ്പില്‍ നടത്തിയ പരിശോധനയില്‍ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് മിഷാരി അല്‍ ജദായി കേസില്‍ പെട്ടവരെ വെറുതെ വിടാന്‍ ഉത്തരവിട്ടത്.
ക്വാറന്റൈന്‍ ലംഘിച്ചതായി സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ ആരോഗ്യം മുന്‍കരുതല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8/1969ലെ 4/2020 ഭേദഗതി പ്രകാരം 200 ദിനാര്‍ വരെ പിഴയും മൂന്നു മാസം വരെ ജയില്‍ ശിക്ഷയും കൂടാതെ പ്രവാസികള്‍ ആണെങ്കില്‍ നാടു കടത്തലുമായിരുന്നു ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശിക്ഷ.