From the print
ഗസ്സയിൽ വീടുകളും സ്‌കൂളുകളും തകർത്തു; കോൺക്രീറ്റ് പാളികൾക്കിടയിൽ ചതഞ്ഞരഞ്ഞ് ശരീരങ്ങൾ
ഇന്നലെ രാവിലെയുണ്ടായ വ്യോമാക്രമണത്തിൽ ജബലിയയിൽ സഅദല്ല കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു
ഗസ്സ | ഗസ്സയിലെ നുസ്വീറാത്ത് അഭയാർഥി ക്യാമ്പിൽ കൂട്ടക്കൊല നടത്തി 24 മണിക്കൂർ തികയും മുമ്പേ ഗസ്സയിലെ വീടുകളും സ്‌കൂളുകളും ആക്രമിച്ച് ഇസ്‌റാഈൽ. ഇന്നലെ രാവിലെയുണ്ടായ വ്യോമാക്രമണത്തിൽ ജബലിയയിൽ സഅദല്ല കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. ഗസ്സ നഗരത്തിന് വടക്കുകിഴക്കായുള്ള സ്‌കൂളിൽ രണ്ട് പേരും ഖാൻ യൂനുസിന് തെക്ക് അഭയാർഥി കൂടാരത്തിൽ കഴിയുന്ന ഒരാളും കൊല്ലപ്പെട്ടു.
പടിഞ്ഞാറൻ ഗസ്സാ നഗരത്തിന് സമീപം വടക്കൻ അൽ റിമാലിൽ അൽ മാജിദ വാസില സ്‌കൂളിന് നേർക്കുണ്ടായ ആക്രമണത്തിൽ ഏഴ് പേരും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഗസ്സാ നഗരത്തിൽ ജലാഅ് ജംഗ്ഷനിൽ ആൾക്കൂട്ടത്തിന് നേർക്കും ഡ്രോൺ ആക്രമണമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നുസ്വീറാത്ത് ക്യാമ്പിന് പടിഞ്ഞാറ് വ്യോമാക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. റഫ നഗരത്തിന് പടിഞ്ഞാറ് അൽ മവാസിയിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം നുസ്വീറാത്ത് ക്യാമ്പിൽ 36 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷമാണ് സാധാരണക്കാരെ കൊന്നുതള്ളുന്നത് ഇസ്‌റാഈൽ തുടരുന്നത്. ഈ ആക്രമണത്തിൽ ഒരു വംശ പരമ്പരയെ ഒന്നാകെയാണ് ഇസ്‌റാഈൽ നശിപ്പിച്ചത്. 36ൽ ഭൂരിഭാഗം പേരും അൽ ശൈഖ് അലി കുടുംബത്തിൽ നിന്നുള്ളവരാണ്.
ഒരു മാസത്തിലധികമായി കടുത്ത ഉപരോധത്തിൽ കഴിയുന്ന വടക്കൻ ഗസ്സാ നിവാസികളും നരകതുല്യ ജീവിതമാണ് നയിക്കുന്നത്. ബൈത്ത് ലഹിയയിൽ നിരവധി കെട്ടിടങ്ങൾ തകർക്കുകയും വീടുകൾ ചുട്ടുചാമ്പലാക്കുകയും ചെയ്ത സൈന്യം കമാൽ അദ്‌വാൻ ആശുപത്രിക്കു നേരെയും വെടിയുതിർത്തു. ബൈത്ത് ലഹിയയിലുണ്ടായ ആക്രമണത്തിൽ ഒരു ആരോഗ്യ പ്രവർത്തകന് പരുക്കേൽക്കുകയും ആംബുലൻസ് കത്തിയമരുകയും ചെയ്തു. ഗസ്സാ മുനമ്പിന്റെ വടക്കൻ ഭാഗങ്ങളായ ജബലിയ, ബൈത്ത് ലഹിയ, ബൈത്ത് ഹനൂൻ എന്നിവിടങ്ങളിൽ ഇസ്‌റാഈൽ കര സൈന്യത്തിന്റെ ആക്രമണം തുടർച്ചയായ 17 ദിവസങ്ങൾ പിന്നിട്ടു.;