Connect with us

Kerala

പ്രളയ ബാധിതർക്ക് വീടൊരുങ്ങി: 13 വീടുകളുടെ താക്കോൽദാനം നാളെ കാന്തപുരം നിർവഹിക്കും

Published

|

Last Updated

കൽപ്പറ്റ | പ്രളയം കവർന്ന പുത്തുമലക്കാരുടെ വീടെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. പുത്തുമലയിൽ 2019ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്ക് കരുതലായി കേരള മുസ്്ലിം ജമാഅത്ത് നിർമിക്കുന്ന വീടുകൾ പൂർത്തിയായി. താക്കോൽ ദാന ചടങ്ങ് നാളെ കേരള മുസ്്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിക്കും.
പ്രിയപ്പെട്ടവരുടെ ഓർമകൾ ഉറങ്ങുന്ന പുത്തുമലയെ മറക്കാൻ കഴിയില്ലെങ്കിലും ഭയപ്പാടോടെയാണ് ദുരന്തബാധിതർ ഓർക്കുന്നത്. സ്വന്തമെന്ന് കരുതിയിരുന്നതത്രയും നഷ്ടപ്പെട്ടതിന്റെ ദുരന്ത സ്മരണകളുമായി വാടകമുറികളിലും ബന്ധുവീടുകളിലും കഴിയുന്ന പുത്തുമലക്കാരുടെ പുനരധിവാസമാണ് ഇതോടെ പൂർത്തിയാകുന്നത്. 13 വീടുകളിൽ ആറ് വീടുകൾ പുത്തുമല ഹർഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂർവയൽ, കോട്ടനാട്, കോട്ടത്തറ വയൽ എന്നിവിടങ്ങളിലുമാണ് നിർമിച്ചത്. ഏഴര ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമാണ ചെലവ്. ഹർഷം പദ്ധതിയിലൂടെ 52 വീടുകളാണ് പൂത്തക്കൊല്ലിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിർമിക്കുന്നത്.

വീടുകൾ കൂടാതെ കുടുംബങ്ങൾക്കാവശ്യമായ കുടിവെള്ളവും യാഥാർഥ്യമായിക്കഴിഞ്ഞു. പുത്തുമല ഹർഷം പദ്ധതിയിൽ അറുപത് കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി പത്ത് ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്നത് കാരന്തൂർ മർകസാണ്. 2018, 2019 കാലത്തെ പ്രളയത്തിൽ ദുരിതബാധിതർക്ക് വേണ്ടി സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ എത്തിച്ചുനൽകുന്നതിൽ കേരള മുസ്്‌ലിം ജമാഅത്തും എസ് വൈ എസ് സാന്ത്വനവും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. 2019 ആഗസ്റ്റ് എട്ടിന് വൈകുന്നേരം സമയത്താണ് പച്ചക്കാട് മലയൊന്നാകെ കുത്തിയൊലിച്ച് പുത്തുമലയിലേക്ക് പതിച്ചത്. ഉരുൾപൊട്ടലിൽ 17 പേർ മരണപ്പെട്ടു. ഇതിൽ അഞ്ച് പേരുടെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ല. നിരവധി വീടുകൾ പൂർണമായും ചിലത് ഭാഗികമായും തകർന്നു. ആർത്തലച്ചെത്തിയ മലവെള്ളത്തിനൊപ്പം പ്രദേശത്തെ ജനങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ, ക്വാർട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റോഫീസ് തുടങ്ങിയവയെല്ലാം തുടച്ചു നീക്കപ്പെട്ടു.

താക്കോൽ ദാന ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാർ എം പി, അഡ്വ. ടി സിദ്ദീഖ് എം എൽ എ, സമസ്ത ജില്ലാ പ്രസിഡന്റ്പി ഹസൻ മൗലവി ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിക്കും.

Latest