First Gear
എത്തിപ്പോയി ഹോണ്ടയുടെ ആദ്യ ഇവി സ്‌കൂട്ടര്‍; 27ന് വിപണിയില്‍
ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട് എങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ 100 കിലോമീറ്റര്‍ കിട്ടുമെന്ന് ഉറപ്പാണ്.
ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരുന്ന ഹോണ്ടയുടെ ആദ്യ ഇവി എത്തുന്നു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇ ആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ടീവയുടെ ജനപ്രീതി പ്രയോജനപ്പെടുത്താനാണ് ഈ പേരില്‍ ഇവി പുറത്തിറക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട് എങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ 100 കിലോമീറ്റര്‍ കിട്ടുമെന്ന് ഉറപ്പാണ്. പോര്‍ട്ടബിള്‍ ബാറ്ററികളാകും എന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ മുന്‍നിര ഇവി സ്‌കൂട്ടറുകളില്‍ ഈ സൗകര്യമുള്ള ആദ്യ മോഡലാകും ഹോണ്ട ഇവി. ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍-ദി-എയര്‍) അപ്ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ഉണ്ടായേക്കും. ഒരു ലക്ഷത്തിന് മുകളിലാണ് അടിസ്ഥാന വില പ്രതീക്ഷിക്കുന്നത്