Connect with us

First Gear

ഹോണ്ട സിറ്റി ഹൈബ്രിഡ്; അവതരണം ഉടന്‍

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്കാണ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഹോണ്ട സിറ്റിയിലൂടെയും അമേസിലൂടെയും മാത്രം രാജ്യത്ത് പിടിച്ചു നില്‍ക്കുന്ന കമ്പനിയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കമ്പനി ഈ വര്‍ഷം ഇന്ത്യക്കായി ഒരുക്കുന്നത് സുപ്രധാന മോഡലുകളാണ്. അതിന്റെ ഭാഗമായി സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ ഹോണ്ട പദ്ധതിയിട്ടിരിക്കുകയാണ്. കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഉത്പാദനത്തിന് തയാറായി കഴിഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹൈബ്രിഡ് സിറ്റിയുടെ മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്യുകയും തുടര്‍ന്ന് കമ്പനിയുടെ പ്രാദേശിക ഉത്പാദന കേന്ദ്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

ഈ വര്‍ഷം പകുതിയോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് പതിപ്പിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതിനകം തന്നെ പ്രോട്ടോടൈപ്പ് ഘട്ടം പിന്നിട്ടിട്ടുണ്ടെന്നും കമ്പനി ഇത് വളരെ ആകാംക്ഷയോടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ ഹോണ്ട സിറ്റിക്കാണ് ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത്. പഴയ നാലാം തലമുറ മോഡലിലല്ലെന്ന് സാരം. ഹൈബ്രിഡ് പവര്‍ട്രെയിനില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ സജ്ജീകരണമാണുണ്ടാവുക. നിലവില്‍ ഈ യൂണിറ്റ് പരമാവധി 98 ബിഎച്ച്പി കരുത്തില്‍ 127 എന്‍എം ടോര്‍ഖ് വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മോട്ടോര്‍ ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന് കാറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഫ്രണ്ട് ആക്‌സിലുമായി ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനമാണ് ഹൈബ്രിഡ്. അങ്ങനെ ഇവ സംയോജിപ്പിച്ച് സംയോജിത പവര്‍ ഔട്ട്പുട്ട് 110 കരുത്തും 253 എന്‍എം ടോര്‍ഖും ആയി മാറും.

ഇലക്ട്രിക്-മാത്രം, പെട്രോള്‍-മാത്രം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സിറ്റി ഹൈബ്രിഡില്‍ ഹോണ്ട ലഭ്യമാക്കും. പെട്രോള്‍ ഒണ്‍ലി മോഡില്‍ ഒരു ലോക്ക്-അപ്പ് ക്ലച്ച് സിംഗിള്‍-സ്പീഡ് ഗിയര്‍ബോക്സ് വഴി എഞ്ചിനെ നേരിട്ട് വീലുകളുമായി ബന്ധിപ്പിക്കുന്നു. തീര്‍ച്ചയായും ഹൈബ്രിഡ് സെഡാന് അതിന്റെ പെട്രോള്‍ എതിരാളിയേക്കാള്‍ മികച്ച ഇന്ധനക്ഷമത കൈവരിക്കാനും സാധിക്കും. സിറ്റി ഹൈബ്രിഡിന്റെ തായ്ലന്‍ഡ്, മലേഷ്യന്‍ പതിപ്പുകള്‍ യഥാക്രമം 27.8 കിലോമീറ്റര്‍, 27.7 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാന്‍ ആയി ഇതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അഞ്ചാം തലമുറ സിറ്റിയുടെ പെട്രോള്‍ മോഡലുകളുടെ വില 11.23 ലക്ഷം രൂപ മുതല്‍ 14.98 ലക്ഷം രൂപ വരെയാണ്. അതേസമയം സിറ്റിയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 12.83 ലക്ഷം രൂപ മുതല്‍ 15.18 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. എന്നാല്‍ വരാനിരിക്കുന്ന ഹൈബ്രിഡ് പതിപ്പ് ഇവയേക്കാള്‍ കൂടുതല്‍ ചെലവേറിയതായിരിക്കും.

 

 

 

---- facebook comment plugin here -----

Latest