First Gear
ഇയര്‍ എന്‍ഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ; 45,000 രൂപ വരെ ലാഭിക്കാം
2021 ഡിസംബര്‍ 31-ന് മുമ്പ് വാങ്ങുന്ന ഹോണ്ട കാറുകള്‍ക്കാണ് ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവുക.
ന്യൂഡല്‍ഹി| ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. സ്ഥലം, മോഡലുകള്‍ എന്നിവ അനുസരിച്ച് ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍ ഉപഭോക്താക്കള്‍ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് കമ്പനി അറിയിച്ചു. 2021 ഡിസംബര്‍ 31-ന് മുമ്പ് വാങ്ങുന്ന ഹോണ്ട കാറുകള്‍ക്കാണ് ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവുക. നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിനു പുറമെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും കമ്പനിയുടെ അജണ്ടയിലുണ്ട്. ഓഫര്‍ പട്ടികയില്‍ ഒന്നാമത് ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മികച്ച കാറായ ഹോണ്ട സിറ്റിയാണുള്ളത്.
പുതുതലമുറ ഹോണ്ട സിറ്റിയുടെ എല്ലാ മോഡലുകള്‍ക്കും 45,108 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 7,500 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 8,108 രൂപ വരെ എഫ്ഒസി ആക്സസറികളും കമ്പനിയുടെ ഇയര്‍ എന്‍ഡ് ഓഫറിനു കീഴില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ കാര്‍ എക്സ്ചേഞ്ചിന്റെ ഡിസ്‌കൗണ്ട് ഇരട്ടിയാക്കി ഹോണ്ട 15,000 രൂപയുടെ ആനുകൂല്യം നല്‍കിയിട്ടുണ്ട്. കൂടാതെ ഹോണ്ട ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 9,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. 8,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോണ്ട ജാസിന്റെ എല്ലാ പെട്രോള്‍ മോഡലുകള്‍ക്കും 35,147 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 12,147 രൂപ വരെയുള്ള എഫ്ഒസി ആക്സസറികള്‍, 5,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ ഹോണ്ട കസ്റ്റമര്‍ ലോയല്‍റ്റി ബോണസ്, 9,000 രൂപ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് എന്നിവ ഉള്‍പ്പെടുന്നു.
ഹോണ്ട ഡബ്ല്യുആര്‍വി ക്രോസ്ഓവറിലും ഗംഭീര ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ എല്ലാ പെട്രോള്‍ മോഡലുകള്‍ക്കും 28,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 10,000 രൂപയുടെ എക്സ്ചേഞ്ച് കിഴിവ്, 5,000 രൂപയുടെ ഹോണ്ട കസ്റ്റമര്‍ ലോയല്‍റ്റി ബോണസ്, 9,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ഉള്‍പ്പെടുന്നത്.
സി-സെഗ്മെന്റ് സെഡാന്റെ നാലാം തലമുറ പതിപ്പിന്റെ എല്ലാ പെട്രോള്‍ വകഭേദങ്ങള്‍ക്കും 22,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ ഹോണ്ട കസ്റ്റമര്‍ ലോയല്‍റ്റി ബോണസ് 5,000, എക്സ്ചേഞ്ച് ബോണസ് 9,000, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 8,000 എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഡിസംബറിലെ ഡിസ്‌കൗണ്ട് പട്ടികയില്‍ അവസാനത്തേത് ഹോണ്ട അമേസാണ്. നിലവില്‍ കമ്പനിയുടെ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഈ കോംപാക്ട് സെഡാന്‍. അടുത്തിടെ പുതുക്കിയ അമേസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ ഹോണ്ട കസ്റ്റമര്‍ ലോയല്‍റ്റി ബോണസ് 5,000, ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ് 6,000, കോര്‍പ്പറേറ്റ് കിഴിവ് 4,000 എന്നിവയാണ് ഡിസംബര്‍ ഇയര്‍ എന്‍ഡ് ഓഫറിനു കീഴില്‍ ലഭ്യമാവുക.