First Gear
ഹോണ്ട നിസാൻ ലയനം ഉപേക്ഷിച്ചു
കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് ലയനം സംബന്ധിച്ച് ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവച്ചത്.

ടോക്കിയോ | ജാപ്പനീസ് ഓട്ടോ ഭീമന്മാരായ ഹോണ്ടയും നിസ്സാനും തമ്മിലുള്ള ലയന നീക്കം ഉപേക്ഷിച്ചതായി കമ്പനികൾ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇരുകമ്പനികളും ലയന ചർച്ചയ്‌ക്ക് കരാർ ഒപ്പുവച്ചിരുന്നത്.ഇതിന്‍റെ അടിസ്ഥാനത്തിൽ ചർച്ചകൾ മുന്നോട്ടുപോകുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇരുകമ്പനികളും സംയുക്തമായി ലയനത്തിൽനിന്ന് പിൻമാറുന്നതായി പ്രസ്‌താവന ഇറക്കിയത്.
ഹോണ്ടയുടെ പുതിയ നിർദേശങ്ങളാണ് ലയന പിൻമാറ്റത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിൽപ്പനയിൽ വൻ ഇടിവ് നേരിടുന്ന നിസ്സാനെ ഹോണ്ടയിൽ ലയിപ്പിക്കാനായിരുന്നു ആദ്യനീക്കം.എന്നാൽ ഹോണ്ടയുടെ ഉപകമ്പനിയായി നിലനിർത്താനുള്ള നീക്കമാണ് ലയന ചർച്ചകൾ അവസാനിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് ലയനം സംബന്ധിച്ച് ഇരുകമ്പനികളും ധാരണാപത്രം ഒപ്പുവച്ചത്.ഇതുപ്രകാരം പുതിയ ഹോൾഡിംഗ് കമ്പനിയുടെ കീഴിൽ നിസ്സാനെ സംയോജിപ്പിക്കാനായിരുന്നു പദ്ധതി.എന്നാൽ തങ്ങളുടെ ഒരു ഉപസ്ഥാപനമായി കമ്പനിയെ മാറ്റാൻ ഹോണ്ട നിർദ്ദേശിക്കുകയായിരുന്നു. ഇത് നിസ്സാൻ അംഗീകരിച്ചില്ല. ഇലക്‌ട്രിക് വാഹന മേഖലയിൽ ഇരുകമ്പനികളും ലയിക്കുന്നത് വൻ മുന്നേറ്റമാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
ടെസ്‌ലയ്‌ക്കും ചൈനീസ് കമ്പനിക്കും പിന്നിൽ മൂന്നാമത്തെ വലിയ കാർ നിർമാതാക്കളായി മാറാൻ ഈ ലയനംകൊണ്ട് സാധിച്ചേനെ. നിലവിൽ വൻ പ്രതിസന്ധി നേരിടുന്ന നിസ്സാന് ലയനം വലിയ പ്രതീക്ഷയായിരുന്നു. കഴിഞ്ഞ വർഷം ആദ്യ പകുതിയിലെ അറ്റാദായത്തിൽ 93 ശതമാനം ഇടിവാണ് നിസ്സാനുണ്ടായത്. ലയനം ഉപേക്ഷിച്ചെങ്കിലും വാഹനനിർമാണത്തിൽ ഇരുകമ്പനികളും തുടർന്നും സഹകരിക്കുമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.