Connect with us

Kerala

രാഹുലിനെതിരായ ഹണിയുടെ പരാതി; കേസെടുക്കുന്നതില്‍ തീരുമാനം നിയമോപദേശത്തിനു ശേഷം

രാഹുല്‍ ഈശ്വര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണിത്. ഹരജി നാളെ പരിഗണിക്കും.

Published

|

Last Updated

കൊച്ചി | നടി ഹണി റോസ്, രാഹുല്‍ ഈശ്വറിനെതിരായി നല്‍കിയ പരാതിയില്‍  കേസെടുക്കണോ എന്നതില്‍ നിയമോപദേശം നേടി പോലീസ്. നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും തുടര്‍ നടപടി.

പരാതി ഫയല്‍ ചെയ്യപ്പെട്ടതോടെ രാഹുല്‍ ഈശ്വര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണിത്. ഹരജി നാളെ പരിഗണിക്കും.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി രാഹുല്‍ ഈശ്വറിനെതിരായ പരാതിയില്‍ ഹണി റോസ് ആരോപിച്ചു. താന്‍ ബോബി ചെമ്മണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്ന് നടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുല്‍ ഈശ്വറും ബോബിയുടെ പി ആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് എഫ് ബി പോസ്റ്റില്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഓപറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍പ്പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും ഹണി പറഞ്ഞു.