Kasargod
ഹണി ട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസ്
കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖര (35)നെതിരെയാണ് കേസെടുത്തത്. ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥയെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കാസര്‍കോട് | ഹണി ട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖര (35)നെതിരെയാണ് കേസെടുത്തത്. ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥയെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊയിലാണ്ടി സ്വദേശിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണമാലയും തട്ടിയെടുത്തെന്നാണ് പരാതി.
ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖ ചമച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ലക്ഷങ്ങളാണ് നിരവധി പേരില്‍ നിന്നായി പ്രതി തട്ടിയെടുത്തത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ കൊടവലം സ്വദേശി മംഗളൂരുവില്‍ പീഡനക്കേസില്‍ ജയിലില്‍ കഴിയുകയാണ്. ഇയാളെ പിടികൂടിയതോടെയാണ് ശ്രുതി നടത്തിയ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായത്. അഞ്ചുലക്ഷം രൂപയാണ് ഇയാളില്‍ നിന്നു മാത്രമായി പ്രതി തട്ടിയെടുത്തത്.
ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഐ എ എസ് വിദ്യാര്‍ഥി എന്നിങ്ങനെ പരിചയപ്പെടുത്തിയാണ് യുവാക്കളെ യുവതി ചതിയില്‍ പെടുത്തിയത്. ഇവര്‍ക്കെല്ലാം വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായുള്ള പോലീസ് ഉദ്യോഗസ്ഥരും യുവതിയുടെ വലയില്‍ വീണു. തട്ടിപ്പിനിരയായിട്ടും മാനഹാനി ഭയന്ന് പോലീസുകാരില്‍ പലരും വിവരം മറച്ചുവെക്കുകയായിരുന്നു.