honey trap
കൊച്ചിയില്‍ ഹണിട്രാപ്പ്: യുവതിയും സുഹൃത്തും അറസ്റ്റില്‍
ഹോട്ടല്‍ ഉടമയില്‍ നിന്നും പ്രതികള്‍ പണംതട്ടി
കൊച്ചി | ഹോട്ടല്‍ ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാന്‍(25), മട്ടാഞ്ചേരി മംഗലത്തു പറമ്പില്‍ റിന്‍സീന (29) എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. യുവതി നേരത്തേയും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച യുവതി ഇവിടെനിന്നു ശീതള പാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്നും പറഞ്ഞു ഹോട്ടല്‍ ഉടമയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. ഇവിടെവെച്ച് ഹോട്ടല്‍ ഉടമയെ ആശുപത്രി മുറിയില്‍ പൂട്ടിയിട്ടു യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പിടിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പേഴ്‌സില്‍നിന്നു പണവും തിരിച്ചറിയില്‍ രേഖയും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച പരാതിയിലുള്ളത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു ഹണിട്രാപ്പിന്റെ വിവരം കൂടി പുറത്തുവന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ദീര്‍ഘകാല ചികിത്സക്കു വരുന്നവര്‍ക്കും ബന്ധുക്കള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയെയും സമാന രീതിയില്‍ യുവതിയും സംഘവും കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കൂടുതല്‍ പേരെ ഇത്തരത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.