Techno
ഹോണര്‍ 90 തിരിച്ചെത്തി; വില 27,999 രൂപ
ലോഞ്ച് ഓഫറായി 10,000 രൂപ കിഴിവാണ് ഫോണിന് ലഭിക്കുന്നത്
ന്യൂഡല്‍ഹി| വലിയ ഇടവേളയ്ക്കുശേഷം ഹോണര്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഹോണര്‍ 90 എന്ന സ്മാര്‍ട്ട്‌ഫോണാണ് കമ്പനി പുറത്തിറക്കിയത്. റിയല്‍മിയുടെ മേധാവിയായിരുന്ന മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള എച്ച്ടെക് ആണ് ഹോണര്‍ 90 വിപണിയില്‍ എത്തിച്ചത്. രണ്ട് വേരിയന്റുകളിലാണ് ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണിന്റെ ബേസ് വേരിയന്റില്‍ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത്.
ഈ ഡിവൈസിന്റെ യഥാര്‍ത്ഥ വില 37,999 രൂപയാണ്. എന്നാല്‍ ലോഞ്ച് ഓഫറായി ഈ ബേസ് വേരിയന്റ് 27,999 രൂപയ്ക്ക് ലഭിക്കും. 10,000 രൂപ കിഴിവാണ് ഫോണിന് ലഭിക്കുന്നത്. ഫോണിന്റെ രണ്ടാമത്തെ വേരിയന്റില്‍ 12 ജിബി റാമും 512 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന്റെ യഥാര്‍ത്ഥ വില 39,999 രൂപയാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ 29,999 രൂപയ്ക്ക് ലഭിക്കും. ഈ ഡിവൈസിന്റെ വില്‍പ്പന സെപ്തംബര്‍ 18 മുതല്‍ ആരംഭിക്കും.ആമസോണിലൂടെ ഈ ഫോണ്‍ വാങ്ങാവുന്നതാണ്. മിഡ്നൈറ്റ് ബ്ലാക്ക്, എമറാള്‍ഡ് ഗ്രീന്‍, ഡയമണ്ട് സില്‍വര്‍ എന്നീ നിറങ്ങളിലാണ്് ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്.
ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണില്‍ 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.7-ഇഞ്ച് ഫുള്‍ എച്ച്ഡി+ കര്‍വ്ഡ് ഒലെഡ് ഡിസ്‌പ്ലെയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ആക്സിലറേറ്റഡ് എഡിഷന്‍ ചിപ്സെറ്റിന്റെ കരുത്താണുള്ളത്. അഡ്രിനോ 644 ജിപിയുവും ഈ ഫോണില്‍ഹോണര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് പിന്‍ കാമറകളുമായാണ് ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. ഈ കാമറ സെറ്റപ്പില്‍ 200 എംപി പ്രൈമറി കാമറയുണ്ട്.
ആന്‍ഡ്രോയിഡ് 13 ബേസ്ഡ് മാജിക് ഒഎസ് 7.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഫോണിന് രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി നല്‍കും. 5,000എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 90 സ്മാര്‍ട്ട്‌ഫോണിലുള്ളത്.