Connect with us

National

ദുരഭിമാനക്കൊല; ഇതര സമുദായക്കാരനെ വിവാഹം കഴിച്ച വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു

ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

തെലങ്കാന | ഇതര സമുദായത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്.

സഹോദരനായ പരമേശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിംപട്ടണം സ്വദേശിയായ നാഗമണിയും റായപോലു സ്വദേശിയായ ശ്രീകാന്തും 15 ദിവസം മുമ്പ് വിവാഹിതരായിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്നായിരുന്നു വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറിടകന്ന് ഇവര്‍ യാദ്ഗിരിഗുട്ടയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. ഹയാത്ത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണി വിവാഹശേഷം ശ്രീകാന്തിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി. അച്ഛനും അമ്മയും മരിച്ചതിനാല്‍ നാഗമണിക്ക് ഉറ്റവരായി സഹോദരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ബന്ധുക്കളില്‍ പലരും ദമ്പതികളെ വിളിച്ച് വിവാഹശേഷവും ഭീഷണി തുടര്‍ന്നു. സഹോദരന്‍ പരമേശ് പല തവണ നാഗമണിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ പോലീസ് സഹോദരനുള്‍പ്പടെയുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി ഭീഷണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യം സംസാരിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ചില ബന്ധുക്കള്‍ നാഗമണിയെ വിളിച്ചു. ഇതനുസരിച്ച് ഹൈദരാബാദിന്റെ സമീപജില്ലയായ രംഗറെഡ്ഡിയിലെ ഇബ്രാഹിം പട്ടണത്തുള്ള വീട്ടിലേക്ക് ഇന്നലെ നാഗമണിയും ശ്രീകാന്തുമെത്തി. രാത്രി അവിടെ കഴിഞ്ഞ് ഇന്ന് രാവിലെ നാഗമണി ഡ്യൂട്ടിക്കും ശ്രീകാന്ത് ജോലിക്കുമായി മടങ്ങി.

വഴിയില്‍ വച്ചാണ് സഹോദരന്‍ പരമേശ് കാറുമായി വന്ന് നാഗമണി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടുന്നത്. നിലത്ത് വീണ് കിടന്ന നാഗമണി ഭര്‍ത്താവിനെ വിളിച്ച് സഹോദരന്‍ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടായി. കാറില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് പരമേശ് നാഗമണിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും മാരകമായി മുറിവേറ്റ നാഗമണി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരമേശിനെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് ഭാഗം വയ്‌ക്കേണ്ടി വരുമെന്നതിനാലും ഇതരസമുദായക്കാരനെ വിവാഹം ചെയ്തതിനാലുമാണ് നാഗമണിയെ കൊലപ്പെടുത്തിയതെന്ന് പരമേശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് മഹേശ്വരം ഡി സി പി ഡി സുനിത റെഡ്ഡി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest