Techno
ഹോണര്‍ എക്‌സ് 7ബി 5ജി ആഗോളതലത്തില്‍ അവതരിപ്പിച്ചു
മലേഷ്യയില്‍ ആണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ ഫോണായ ഹോണര്‍ എക്‌സ് 7ബി 5ജി ആഗോളതലത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി എക്‌സ് 7 ബി 4ജി അവതരിപ്പിച്ചിരുന്നു. ഇതിന്റെ അപ്‌ഗ്രേഡഡ് പതിപ്പാണ് പുതിയ ഫോണ്‍.
പുതിയ ഫോണിന്റെ വിശദമായ കാര്യങ്ങള്‍ ഹോണറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. മലേഷ്യയില്‍ ആണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. കൂടാതെ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിലും ഈ ഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫോണ്‍ ഹോണര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബഡ്ജറ്റ് ഫോണ്‍ എന്ന നിലയ്ക്കാണ് ഹോണര്‍ എക്‌സ് 7 ബി 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 12,825 രൂപയാണ് ഫോണിന് വില വരുന്നത്. 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി സ്‌ക്രീനാണ് ഈ ഫോണിന് ഹോണര്‍ നല്‍കിയിരിക്കുന്നത്. സ്‌ക്രീനില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനായി പ്രത്യേകം ഐ പ്രൊട്ടക്ഷന്‍ മോഡും ഹോണര്‍ നല്‍കുന്നു. കാമറയില്‍ 108 എംപി പ്രൈമറി സെന്‍സര്‍ ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.
മാലി ജി57 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി6020 എസ്ഒസി ആണ് പുതിയ ഫോണിന്റ കരുത്ത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 35ഡബ്ല്യു വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ക്രിസ്റ്റല്‍ സില്‍വര്‍, എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ആണ് ഹോണര്‍ എക്‌സ് 7 ബി 5ജി പുറത്തിറക്കിയിരിക്കുന്നത്.