Connect with us

Articles

പ്രതിസന്ധിക്കിടയില്‍ പ്രത്യാശ

ഇന്ത്യയിലെ ഒരു പ്രവിശ്യ എന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് കേരളം അനുഭവിക്കുന്ന ധനകാര്യ രംഗത്തെ വിവേചനത്തെ ജനസമക്ഷം കൊണ്ടുവരുന്നതിനുള്ള ഒരു രാഷ്ട്രീയ രേഖ കൂടിയാണ് ഈ ബജറ്റ്. അതേസമയം സാമ്പത്തിക വികസനത്തിലും സാമൂഹിക ക്ഷേമത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നോട്ട് പോകേണ്ട പാത സുവ്യക്തമായി വരച്ചിടുന്നതിനും 2024ലെ കേരള സംസ്ഥാന ബജറ്റ് ഉപകരിക്കും എന്ന് പ്രത്യാശിക്കാം.

Published

|

Last Updated

ബജറ്റ് ഒരു ഹ്രസ്വകാല രാഷ്ട്രീയ സാമ്പത്തിക രേഖയാണ്. ദീര്‍ഘ കാലത്തെ സാമ്പത്തിക നയത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന രേഖയാണ് ബജറ്റ്. സമ്പദ് വ്യവസ്ഥയിലെ അതാത് സമയത്തെ മൂര്‍ത്തമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നത് ഒരു ബജറ്റിന്റെ കടമയാണ്. ഒരേസമയം ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുക, സാമൂഹിക- ക്ഷേമ- പുനര്‍ വിതരണ നയങ്ങളില്‍ നിന്ന് പിറകോട്ട് പോകാതിരിക്കുക… ഒരു പ്രവിശ്യാ സര്‍ക്കാര്‍ എന്ന നിലയില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഇക്കാര്യങ്ങള്‍ എല്ലാം ചെയ്യുക എന്നത് എളുപ്പമല്ല. കേരളത്തെ സംബന്ധിച്ച് ഒരു ഭാഗത്ത് കേന്ദ്രത്തില്‍ നിന്ന് നേരിടുന്ന കടുത്ത അനീതി. മറുഭാഗത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥ. മൂന്നാമതായി കേരളം അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ വികസന പ്രശ്നങ്ങളെ ഭാവിയില്‍ നേരിടാനായി ഒരുങ്ങേണ്ട അവസ്ഥ. ഇതിനെല്ലാം ഇടയിലൂടെ കേരളത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വരുമാനമുറപ്പ് വരുത്തിക്കൊണ്ട് മുന്നോട്ടുപോകേണ്ട സാഹചര്യം നിലവിലുണ്ട്. ഒരു കത്തി മുനയിലൂടെ നടക്കുന്നതുപോലെ എളുപ്പമല്ലാത്ത സാമ്പത്തിക പരിസരമാണ് കേരളത്തില്‍ നിലവിലുള്ളത്. ഈ സാഹചര്യത്തെ നേരിടാന്‍ ഏറ്റവും അനുയോജ്യമായ ഒരു ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ കേരള നിയമ സഭയില്‍ അവതരിപ്പിച്ചത്.

ഏതാണ്ട് 57,400 കോടി രൂപയുടെ കുറവാണ് കേന്ദ്ര സര്‍ക്കാറിന്റെ വിഹിതമായി സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നതില്‍ കുറവ് വന്നിട്ടുള്ളത്. കേന്ദ്രം പിരിച്ച് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതിക്കൂടയുടെ 3.87 ശതമാനം പത്താം ധനകാര്യ കമ്മീഷന്റെ തീര്‍പ്പ് പ്രകാരം നമുക്ക് നികുതി വിഹിതമായി ലഭിച്ചിരുന്നു. എന്നാല്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ പ്രകാരം കേവലം 2.5 ശതമാനം മാത്രമാണ് നമുക്ക് ലഭിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം ആകട്ടെ നികുതിക്കൂടയുടെ 1.925 ശതമാനം മാത്രമാണ് നമുക്ക് ലഭിച്ചത്. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളില്‍ വരുന്ന മാറ്റമാണ് ഈ അവസ്ഥക്ക് കാരണം. ജനസംഖ്യ, ഭൂവിസ്തൃതി, വനവിസ്തൃതി, വരുമാന വിടവ്, നികുതി -ധന മേഖലയിലെ പ്രകടനം, ജനസംഖ്യാ നിയന്ത്രണം എന്നീ മാനദണ്ഡങ്ങളാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നികുതി വിഹിതം നല്‍കാനുള്ള മാനദണ്ഡങ്ങളായി പരിഗണിച്ചത്. കേരളം ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനമാകയാല്‍ 2011ലെ ജനസംഖ്യാ കണക്കുകള്‍ അനുസരിച്ച് കേരളത്തിന്റെ ജനന നിരക്ക് 1991നേക്കാള്‍ വളരെ കുറവാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനന നിരക്ക് കുറഞ്ഞിരിക്കുന്ന സംസ്ഥാനം ആയതിനാല്‍ ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം കേരളത്തിന് ലഭിക്കുന്ന സ്‌കോര്‍ വളരെ കുറവാണ്.

കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളുടെ ഫലമായി പങ്കുവെക്കേണ്ട നികുതിക്കൂടയുടെ വ്യാപ്തി തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്നു. 2010-2011 കാലയളവില്‍ വിഭജിക്കേണ്ട നികുതിക്കൂട കേന്ദ്ര സര്‍ക്കാറിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 88 ശതമാനത്തോളം ഉണ്ടായിരുന്നു. 2019-20 ആയപ്പോള്‍ ഇത് 78.4 ശതമാനമായി ചുരുങ്ങി. ഇതിനു കാരണം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയതിനാലാണ്. സംസ്ഥാന സര്‍ക്കാറിന് വില്‍പ്പന നികുതി അവകാശമുള്ള വസ്തുക്കളില്‍ പോലും കടന്നു കയറി സെസ്സ് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ജനസമക്ഷം വിചാരണ ചെയ്യപ്പെടേണ്ടതാണ്.

കേരളം നേരിടുന്ന കേന്ദ്ര അവഗണനയുടെ മറ്റൊരു മുഖം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന പോസ്റ്റ്- റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലാതായി എന്നുള്ളതാണ്. ഇതുമൂലം 8,400 കോടി രൂപയുടെ കുറവാണ് കേരളത്തിന്റെ വരുമാനത്തില്‍ വന്നിട്ടുള്ളത്.

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് വഴി 7,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടായി. ജി എസ് ടിയുടെ നഷ്ടപരിഹാരം 2022 മാര്‍ച്ചോടു കൂടി അവസാനിപ്പിച്ചത് വഴി കേരളത്തിന് നഷ്ടമായത് 18,000 കോടി രൂപയാണ്. പൊതു അക്കൗണ്ടുകള്‍ കടപരിധിയില്‍ കൊണ്ടുവന്നതുവഴി നഷ്ടമായത് 12,000 കോടി രൂപയാണ്. അങ്ങനെ മൊത്തം 5,71,400 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഉണ്ടായി.

ജി എസ് ടി നടപ്പാക്കിയതോടുകൂടി സംസ്ഥാനത്തിന്റെ തനതു വിഭവ സമാഹരണ ശേഷി 50 ശതമാനത്തിലധികം കുറയുന്ന സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനും സേവന, വ്യാവസായിക മേഖലകളില്‍ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ച ഉറപ്പുവരുത്താനും സ്വകാര്യ നിക്ഷേപങ്ങള്‍ക്കുള്ള വാതില്‍ തുറന്നിടേണ്ട സാഹചര്യം ഉണ്ടായി. കൃത്യമായ നിബന്ധനകളും സാമൂഹിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തിനുള്ള സാഹചര്യം ഉണ്ടാക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും തദ്ദേശ വികസനത്തിനായും സാധ്യമായ എല്ലാ സ്രോതസ്സുകളില്‍ നിന്നും ആവശ്യമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമീണ തലത്തില്‍ പണത്തിന്റെ സംക്രമണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ധനകാര്യ പ്രതിസന്ധിയെ ഒരു സാമ്പത്തിക പ്രതിസന്ധിയായി മാറുന്നതില്‍ നിന്ന് തടയാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന്റെ തനതു വരുമാനം ഉയര്‍ത്തിയാല്‍ പോരെ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. തനത് വരുമാനം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു എന്നു തന്നെയാണ് കണക്കുകള്‍ കാണിക്കുന്നത്. 2020-21 കാലയളവില്‍ 47,661 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ തനതു വരുമാനം. 2021-22 കാലയളവില്‍ അത് 58,341 കോടിയായിരുന്നത് 2022-23 കാലയളവില്‍ 71,968 കോടിയായി വര്‍ധിക്കുകയാണുണ്ടായത്. 2024 അവസാനത്തോടുകൂടി 78,000 കോടിയായി സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിക്കും എന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കുന്നത് ചെറിയ കാര്യമല്ല.

എന്നാല്‍ ഈ സമയം രാജ്യത്തെ ശരാശരി 65 രൂപ സംസ്ഥാനം പിരിച്ചു നല്‍കിയാല്‍ ദേശീയ ശരാശരി പ്രകാരം 35 രൂപയാണ് കേന്ദ്രം തിരികെ നല്‍കുന്നത്. ഉത്തര്‍ പ്രദേശിന്റെ കാര്യത്തില്‍ 100 രൂപയില്‍ 46 രൂപ തിരികെ നല്‍കുകയും ബിഹാറിന്റെ കാര്യത്തില്‍ 100 രൂപ നല്‍കിയാല്‍ 70 രൂപ തിരിച്ച് ലഭിക്കുകയും ചെയ്യും. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ 100 രൂപക്ക് കേവലം 21 രൂപ മാത്രമാണ് തിരിച്ചു ലഭിക്കുന്നത്.

കൃഷിക്കും ഗ്രാമീണ വികസന മേഖലക്കും ഏതാണ്ട് 3,400ഓളം കോടി രൂപയാണ് ഈ ബജറ്റ് വകയിരുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപന പദ്ധതി വിഹിതമായി 2,500 കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 500 കോടിയിലധികം രൂപയും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 50 കോടി രൂപയും ലൈഫ് ഭവന പദ്ധതിക്കും പി എം എ വൈ ഭവന പദ്ധതിക്കുമായി ഏതാണ്ട് 1,400 കോടിയോളം രൂപയുമാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.

ന്യൂനപക്ഷ പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായി 3,000 കോടി രൂപയും സാമൂഹിക സുരക്ഷിതത്വം, ക്ഷേമം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 553.3 കോടി രൂപയും വിഭാവനം ചെയ്തിട്ടുണ്ട്. ഈ പദ്ധതികള്‍ക്കെല്ലാം കൂടി കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതു പണം ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ സംക്രമണം വര്‍ധിപ്പിക്കുകയും പുതിയ ഉണര്‍വ് സൃഷ്ടിക്കുകയും ചെയ്യും.

നവ കേരള സൃഷ്ടിക്കു വേണ്ടി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് യൂനിവേഴ്സിറ്റി തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന വിധത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിഭവ സമാഹരണം സാധ്യമാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ആരോഗ്യ രംഗത്തും സേവന മേഖലയിലും പുത്തനുണര്‍വേകാന്‍ ഈ ബജറ്റിന് സാധിക്കും.

ഇന്ത്യയിലെ ഒരു പ്രവിശ്യ എന്ന നിലയില്‍ കേന്ദ്രത്തില്‍ നിന്ന് കേരളം അനുഭവിക്കുന്ന ധനകാര്യ രംഗത്തെ വിവേചനത്തെ ജനസമക്ഷം കൊണ്ടുവരുന്നതിനുള്ള ഒരു രാഷ്ട്രീയ രേഖ കൂടിയാണ് ഈ ബജറ്റ്. അതേസമയം സാമ്പത്തിക വികസനത്തിലും സാമൂഹിക ക്ഷേമത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നോട്ട് പോകേണ്ട പാത സുവ്യക്തമായി വരച്ചിടുന്നതിനും 2024ലെ കേരള സംസ്ഥാന ബജറ്റ് ഉപകരിക്കും എന്ന് പ്രത്യാശിക്കാം.