Uae
ഹോപ്പ് മേക്കേഴ്‌സ് അവാര്‍ഡ് വിജയികളെ ഇന്ന് പ്രഖ്യാപിക്കും
സമൂഹത്തിലെ വെല്ലുവിളികളെ നേരിടുന്നതില്‍ പോസിറ്റീവിറ്റി, വ്യക്തിഗത മുന്‍കൈ, ആത്മവിശ്വാസം തുടങ്ങിയവ വളര്‍ത്തുന്നതില്‍ സംഭാവന നല്‍കിയവരെയാണ് ആദരിക്കുന്നത്.

ദുബൈ | ഹോപ്പ് മേക്കേഴ്സ് അവാര്‍ഡിന്റെ അഞ്ചാമത് പതിപ്പിലെ വിജയികളെ ഇന്ന് (ഫെബ്രുവരി 23) പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യും. ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള അവാര്‍ഡില്‍ 26,000-ത്തിലധികം യുവതീയുവാക്കള്‍ പങ്കെടുത്തു. സമൂഹത്തിലെ വെല്ലുവിളികളെ നേരിടുന്നതില്‍ പോസിറ്റീവിറ്റി, വ്യക്തിഗത മുന്‍കൈ, ആത്മവിശ്വാസം തുടങ്ങിയവ വളര്‍ത്തുന്നതില്‍ സംഭാവന നല്‍കിയവരെയാണ് ആദരിക്കുന്നത്. അറബ് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമാണ് ഇത്.
ഹോപ്പ് മേക്കേഴ്സ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പിന്റെ സമാപന ചടങ്ങ് കൊക്കകോള അരീനയിലാണ് നടക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രത്യാശാ നിര്‍മാതാക്കളെ ആദരിക്കും. വിജയിക്ക് ഒരു ദശലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും.
യു എ ഇയിലെ ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളിലെ പ്രശസ്തരായ വ്യക്തികള്‍ക്കു പുറമേ, അറബ് ലോകത്തെ നിരവധി താരങ്ങള്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍, മാധ്യമ പ്രൊഫഷനലുകള്‍, സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ പരിപാടിയില്‍ പങ്കെടുക്കും.