Kerala
ആശ സമരം; സെക്രട്ടറിയറ്റിനു മുന്നിലെ പന്തല്‍ പോലീസ് അഴിപ്പിച്ചു
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു പോലീസിന്റെ നടപടി.

തിരുവനന്തപുരം | സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍ കെട്ടിയ സമര പന്തല്‍ പോലീസ് അഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു പോലീസിന്റെ നടപടി.
ഇവിടെ പന്തല്‍ കെട്ടാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ടെന്നു കാണിച്ചാണ് ടാര്‍പോളിന്‍ അഴിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. മഴ പെയ്തതിനാലാണ് ടാര്‍പോളിന്‍ കെട്ടിയതെന്നും അതിനു താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന തങ്ങളെ വിളിച്ചുണര്‍ത്തിയാണ് പോലീസ് പന്തല്‍ അഴിപ്പിച്ചതെന്നും സമരക്കാര്‍ പറഞ്ഞു.
ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെ ചെയ്യരുതെന്ന് പോലീസിനോടു പറഞ്ഞെങ്കിലും അംഗീകരിച്ചില്ലെന്ന് എസ് യു സി ഐ നേതാവ് മിനി പറഞ്ഞു. വേതനവര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 21ാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തില്‍ പങ്കെടുക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പകരം സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.