Kerala
ശുഭപ്രതീക്ഷയിലാണ്; പാലക്കാടന്‍ ജനത മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആകേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടര്‍മാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമമെന്നും രാഹുല്‍

പാലക്കാട് | പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷയെന്നും പാലക്കാടന്‍ ജനത മതേതരത്വം കാത്തുപിടിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആകേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടര്‍മാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു
ഇരട്ടവോട്ടുകാരെ തടയേണ്ടത് ഇന്നല്ല. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയം മുതല്‍ അക്കാര്യത്തില്‍ ശ്രദ്ധ വേണം. ബിജെപിയുടെ പരമാവധി ഇരട്ടവോട്ടര്‍മാരെ കയറ്റാനും അതുവഴി സിപിഎമ്മിന്റെ വോട്ടര്‍മാരെ ഉറപ്പിക്കാനുമൊക്കെയുള്ള ശ്രമമാണ് ഉണ്ടായത്. ഇന്ന് വ്യാജവോട്ടര്‍മാരെ തടയും എന്ന് പറയുന്നതില്‍ യുക്തിയില്ല. ഇരട്ടവോട്ട് തടയപ്പെടണം. പക്ഷേ ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ്.അത് വോട്ടര്‍മാരെ മാറ്റിനിര്‍ത്താനാണ്. മതേതരനിലപാട് പാലക്കാട്ടുകാര്‍ എത്രയോ മുന്‍പ് തന്നെ സ്വീകരിച്ചതാണ്. അതുകൊണ്ട് തന്നെ നല്ല പോളിങ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രവാസികള്‍ പോലും വോട്ട് ചെയ്യാന്‍ മാത്രമായി എത്തി എന്നറിയുന്നതൊക്കെ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മികച്ച ഭൂരിപക്ഷം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.