Cover Story
പ്രതീക്ഷത്തിര
തീരദേശത്തെ ജീവിതത്തിനുമേല്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും എപ്പോഴും അള്ളിപ്പിടിച്ചിരിക്കും. പരിസര ശുചിത്വവും ആരോഗ്യപദ്ധതികളും ഇവിടെ പ്രയോഗത്തില്‍ വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനൊപ്പം ജീവിതോപാധി കണ്ടെത്തുക എന്നതും പ്രധാനമാണ്. കടലിനെ ആശ്രയിക്കാതെയും ജീവിക്കാന്‍ സാധിക്കും എന്ന ആശയമാണ് ഈ സ്ത്രീ കൂട്ടായ്മകള്‍ ഇവിടെ യാഥാർഥ്യമാക്കുന്നത്. അങ്ങനെ കടലിന്റെ സംഗീതത്തിനൊപ്പം ഇവിടെ കടലോര മക്കളുടെ ജീവിതത്തിനും താളം കൈവരികയാണ്.
തലമുറകളായി കടലിനെ ആശ്രയിച്ച് കഴിയുന്നവരാണ് തീരദേശക്കാര്‍. കടലമ്മ കനിഞ്ഞാല്‍ തീരത്ത് ഉത്സവമാണ്. കടലമ്മ കോപിച്ചാല്‍ അത് ദാരിദ്ര്യവും കെടുതികളുമാണ് ഫലം. കടലിന്റെ മക്കളുടെ ഏറെ പഴക്കമുള്ള വിശ്വാസമാണത്. മീന്‍ പിടിക്കാനായി ആഴക്കടലിലേക്ക് പോകുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന പഴമൊഴി. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന തീരത്തിന്റെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ കടലമ്മ ഇനിയും കനിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. സുനാമിയുടെയും കടല്‍ ഉള്‍വലിവിന്റെയും മത്സ്യദൗര്‍ലഭ്യത്തിന്റെയും രൂപത്തില്‍ പ്രതിസന്ധികള്‍ എങ്ങും രൂപപ്പെടുകയാണ്.
കടലിന്റെ മക്കള്‍ക്ക് സുനാമി എന്നും കറുത്ത ദിനമാണ്.സുനാമിയുടെ തിരയിളക്കം തീരപ്രദേശത്ത് ഉണ്ടാക്കിയ ദുരന്തം മറക്കാനാകില്ല. ഇന്തോനേഷ്യയിലുണ്ടായ കടല്‍ ഭൂകമ്പത്തിന്റെ അലയൊലികള്‍ സുനാമി തിരമാലകളായി മാറിയപ്പോള്‍ ലോകം ഞെട്ടി വിറച്ചു. ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളക്കരയേയും ഇളക്കി മറിച്ചു. കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. മരണങ്ങളും അപകടങ്ങളുമായി സുനാമിയുടെ നാശം ഭീകരമായിരുന്നു. ഇതോടെ തീരനിവാസികളുടെ ജീവിതം കരിനിഴലിലായി. കൂടപ്പിറപ്പുകളും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ നിരവധി. തിരമാലകള്‍ ഉയരത്തില്‍ അലയടിച്ചെത്തിയപ്പോള്‍ പലര്‍ക്കും കൈയില്‍ കിട്ടിയവയെല്ലാം എടുത്ത് ഓടേണ്ടിവന്നു. കടലിന്റെ രൗദ്രഭാവം പ്രവചനാതീതമായിരുന്നു. കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും സുനാമിയുടെ നാശം ഭീകരമായിരുന്നു. അക്കാലത്ത് കടലില്‍ പോവുക അസാധ്യമായി. കടല്‍ കനിഞ്ഞില്ലെങ്കിലും ജീവിതം മുന്നോട്ടുപോകണം എന്ന ചിന്ത അക്കാലത്ത് ശക്തമായിരുന്നു. സാഫ് എന്ന പ്രസ്ഥാനത്തിന്റെ തുടക്കം ഇവിടെനിന്നാണെന്ന് പറയാം. കടലില്‍ പോകാനാകാതെ കുടുംബം പട്ടിണിയിലായപ്പോള്‍ തീരദേശ വനിതകള്‍ക്ക് വരുമാന മാര്‍ഗമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) തുടങ്ങിയത്. പിന്നെ സ്ത്രീകള്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള വഴികള്‍ ആലോചിച്ചു. വെച്ചുവിളമ്പി പരിചയമുള്ളവര്‍ ഹോട്ടൽ തുടങ്ങി, തുന്നാന്‍ അറിയുന്നവര്‍ ചേര്‍ന്ന് തയ്യല്‍ യൂനിറ്റ് തുടങ്ങി, ചിലര്‍ ഒത്തൊരുമിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി അങ്ങനെ വന്‍കിട മേഖലയിലും ചെറുകിട വ്യവസായ രംഗത്തും അവരുടെ മേല്‍വിലാസം പതിയപ്പെട്ടു തുടങ്ങി. സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ മാതൃകകള്‍ മുന്നേറുന്ന കാഴ്ചയാണ് പിന്നെ എങ്ങും കാണാനായത്. ഇന്ന് സംരംഭകത്വ മേഖലയിലും ഇതര വ്യാപാര രംഗത്തും സ്ത്രീകളുടെ ഈ കൂട്ടായ്മയുടെ വിജയത്തിന്റെ ഗാഥകള്‍ പാടിക്കൊണ്ടിരിക്കുകയാണ്. തീരദേശത്ത് ഹോട്ടല്‍ നടത്തുന്ന വടകരയിലെ വനിതാ കൂട്ടായ്മയുടെ വിജയം അതിലൊന്നാണ്. ആത്മവിശ്വാസത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവായി ഇവരെ കാണാന്‍ കഴിയുന്നു.
കടലോളം കൈപ്പുണ്യവുമായി തീരമൈത്രി
വടകരയില്‍ വഴിനടക്കുമ്പോഴുള്ള വിശേഷങ്ങള്‍ പഴയ നാടന്‍പാട്ടുകളില്‍ നാം കേട്ടതാണ്. എന്നാല്‍ ഇപ്പോള്‍ വടകര കടപ്പുറത്ത് രുചിഭേദങ്ങളുടെ കാറ്റാണ് വീശുന്നത്. കടൽക്കാറ്റിനൊപ്പം പരക്കുന്നുണ്ട് നല്ല മീന്‍ കറിയുടെയും മീന്‍ പൊരിച്ചതിന്റെയും മണം. ഇതിന്റെ ഉറവിടമന്വേഷിച്ച് വായില്‍ കപ്പലോടിക്കാവുന്ന വെള്ളവുമായി പോകുന്നവര്‍ എത്തുന്നത് വടകരയിലെ തീരമൈത്രി ഹോട്ടലിലാണ്. കരിമീന്‍ പൊള്ളിച്ചത്, ചെമ്മീന്‍ കിഴി ബിരിയാണി, കക്കപൊരിച്ചത,് ഞണ്ട്‌ഫ്രൈ തുടങ്ങി കൊതിയൂറും കടല്‍ വിഭവങ്ങളുമായി കച്ചവടം പൊടി പൊടിക്കുകയാണ്. ഒരിക്കല്‍ രുചിയറിഞ്ഞവരാരും തന്നെ ഈ വിഭവങ്ങളും തീരമൈത്രി ഹോട്ടലും മറക്കുകയില്ല. ഈ രുചിലോകത്തിന്റെ താന്‍പോരിമക്ക് പിന്നില്‍ ഒരു കൂട്ടം വീട്ടമ്മമാരുടെ അധ്വാനവും കൈപുണ്യവുമാണ്. സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍(സാഫ്) എന്ന കൂട്ടായ്മയാണ് ഇതിന് പിന്നില്‍. ഓടി നടന്ന് വിളമ്പുന്നതിന്റെ തിരക്കിലും സാഫിനെ കുറിച്ച് ചോദിച്ചാല്‍ ഇവര്‍ക്ക് ഒരു നൂറ് കഥകള്‍ പറയാനുണ്ടാകും. ഇവരുടെ ജീവിതത്തെ മാറ്റി മറിച്ചത് സാഫാണ്. കടലിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാം കടലാണ്. കടലു കനിഞ്ഞാല്‍ മാത്രമാണ് മീന്‍ കിട്ടുക. എന്നാല്‍, ആ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ കഴിയില്ല. അങ്ങനെയാണ് ഹോട്ടല്‍ എന്ന ആശയം പിറവിയെടുത്തത്. ഇന്ന് വീട്ടിലെ ചെറിയ ചെലവുകളും മക്കളുടെ പഠിത്തവുമെല്ലാം ഹോട്ടലിലെ വരുമാനം കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് പത്ത് വര്‍ഷമായി സാഫിന്റെ സംരംഭകയായ ബബിത പറയുന്നു. ബബിതയെ പോലെ ജയശ്രീയുടെയും നിർമലയുടെയും മിനിയുടെയുമെല്ലാം ജീവിതം കരക്കടുപ്പിച്ചത് സാഫാണ്. നാട്ടിലെ ഒട്ടുമിക്ക പരിപാടികള്‍ക്കും ഭക്ഷണം തയ്യാറാക്കി കൊടുക്കാനുള്ള ഓര്‍ഡറുകള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ബബിതയുടെ കണ്ണുകളില്‍ ആത്മാഭിമാനത്തിന്റെ തിളക്കം.
കടലോരത്തെ കൈപ്പിടിച്ചുയർത്താൻ…
കടലൊന്ന് കലി തുള്ളിയാല്‍ അടുപ്പ് പുകയാന്‍ ദിവസങ്ങളോളം കാത്തിരുന്ന നിരവധി കുടുംബങ്ങളെയാണ് സാഫ് കൈപ്പിടിച്ചുയര്‍ത്തിയത്. അത് ഒന്നോ രണ്ടോ കുടുംബങ്ങളെയല്ല അഞ്ഞൂറോളം കുടുംബങ്ങളെ. തീരദേശ വനിതകളുടെ ആശ്രയവും ആശാകേന്ദ്രവുമാണ് ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ്( സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍). സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിച്ച് മത്സ്യത്തൊഴിലാളി വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍, പലചരക്ക് കട, തുന്നല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി ബോട്ട് സവാരി വരെയുള്ള മേഖലകളില്‍ വനിതകള്‍ക്ക് തൊഴിലും പരിശീലനവും ധനസഹായവും സാഫ് നല്‍കി വരുന്നു. കേരളത്തില്‍ കോഴിക്കോട്, കാസർകോട്, കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ തുടങ്ങി തീരപ്രദേശങ്ങളോട് ചേര്‍ന്നുള്ള പത്ത് ജില്ലകളിലായി സാഫിന്റെ 1500 യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അയ്യായിരത്തോളം വനിതാ സംരംഭകരുമുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 137 യൂനിറ്റുകളാണുള്ളത്. ഈ യൂനിറ്റുകളില്‍ നിന്ന് പ്രതിമാസം ശരാശരി 73 ലക്ഷത്തിന് മുകളില്‍ വില്‍പ്പന നടക്കുന്നുണ്ട്. ഒരോ അംഗങ്ങളും പ്രതിമാസം ഏഴായിരത്തിനടുത്ത് വരുമാനം നേടുന്നു. 2022ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍ നാഷനല്‍ ട്രേഡ് ഫെയറില്‍ ഫുഡ് ഫെസ്റ്റില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സാഫിന്റെ യൂനിറ്റുകളും പങ്കെടുത്തിരുന്നു.
വിനോദ സഞ്ചാരത്തിലേക്ക് തുഴയെറിയുമ്പോള്‍…
സംരംഭകരെ വിനോദ സഞ്ചാര മേഖലയിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. ഇതിന്റെ ആദ്യ ഘട്ടമായി ചേളന്നൂര്‍ അകലാപ്പുഴയില്‍ പെഡല്‍ ബോട്ട് യാത്ര ആരംഭിച്ചിട്ടുണ്ട്. അകലാപ്പുഴയുടെ പൊങ്ങിലോടിപാറ മുക്കത്ത് താഴം ഭാഗം ജലാശയത്തിലാണ് വനിതാ കൂട്ടായ്മയിലുള്ള ഈ പെഡല്‍ ബോട്ട് ക്ലബ്. കണ്ണങ്കര മക്കട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളായ എം ഫാസില, എം നജ്മ, എം സംജിത, ടി എം അര്‍ഫിദ, പി എം ലിജയകുമാരി എന്നിവര്‍ ചേര്‍ന്നാണ് സ്വയം തൊഴില്‍ സംരംഭമായി പദ്ധതി തുടങ്ങിയത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. താരതമ്യേന ആഴം കുറഞ്ഞ സ്ഥലമായതിനാല്‍ ബോട്ടില്‍ യാത്ര ചെയ്യാനായി നിരവധി സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് അര്‍ഫിദ പറയുന്നു. അവധി ദിവസങ്ങളിലടക്കം നല്ല തിരക്കാണിവിടെ അനുഭവപ്പെടുന്നത്. ഇവര്‍ക്ക് ബോട്ട് ഓടിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒരാഴ്ചത്തെ പരിശീലനമാണ് സാഫിന്റെ നേതൃത്വത്തില്‍ നല്‍കിയത്. പെഡല്‍ ബോട്ട് യാത്രക്കായി ഫ്ലോട്ടിംഗ് ജെട്ടിയും ടിക്കറ്റ് കൗണ്ടറും എല്ലാം ഇവിടെ സജ്ജമാണ്. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടും, രണ്ടാള്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും, ഒരാള്‍ക്ക് കയറാവുന്ന സൈക്കിള്‍ മാതൃകയിലുള്ള ബോട്ടുമുണ്ട്. ഇതോടെ ടൂറിസം ഭൂപടത്തില്‍ സഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് ചേളന്നൂര്‍ അകലാപ്പുഴ. പുഴയുടെ തീരങ്ങളിലൂടെ ജൈവ വൈവിധ്യങ്ങളും വള്ളങ്ങളുമെല്ലാം ആസ്വദിച്ചുള്ള യാത്ര അവിസ്മരണീയമായ അനുഭവമായി മാറുകയുണ്ടായി.
സാഫ്…
സുനാമി ദുരന്തത്തിന് ശേഷം തീരദേശ വനിതകള്‍ക്ക് വരുമാന ബദല്‍ എന്ന നിലയിലാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമൺ (സാഫ്) ആരംഭിച്ചത്. തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അഭ്യസ്തവിദ്യരായ വനിതകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് സൊസൈറ്റി തുടങ്ങിയത്. മത്സ്യ മേഖലയില്‍ മറ്റൊരു തൊഴില്‍ മാര്‍ഗം എന്ന നിലയിലാണ് വനിതകളെ ഉള്‍പ്പെടുത്തിയുള്ള ഒരു സംരംഭത്തിന് തുടക്കമിട്ടത്. അതിലൂടെ തീരദേശ കുടുംബങ്ങള്‍ക്ക് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പദ്ധതി ആരംഭിച്ചത്. 2005ല്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സാഫ് എന്ന സ്ഥാപനം കേരളത്തിലെ പത്ത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 2006 മുതല്‍ തീരദേശ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നിരവധി ചെറുകിട സംരംഭങ്ങള്‍ സാഫ് ആരംഭിച്ചു. തീരദേശ വനിതകള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടി, സ്‌കില്‍ ട്രെയിനിംഗ്, തീരമൈത്രി യൂനിറ്റുകളുടെ ബിസിനസ് വര്‍ധിപ്പിക്കുന്നതിനുള്ള മേളകള്‍ എന്നിവയും സാഫ് നടപ്പാക്കി വരുന്നു.
വെസ്റ്റിഹില്ലില്‍ സൂപ്പർ മാര്‍ക്കറ്റ് നടത്തുന്ന ഗാന്ധി റോഡ് സ്വദേശി അസ്മക്കും സാഫിനെകുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടൊരു കാലം അസ്മക്കുമുണ്ടായിരുന്നു. ഇന്ന് കുട്ടികളുടെ പഠിത്തത്തിനും അവരെ വിവാഹം ചെയ്തയക്കുന്നതിനും സഹായം ലഭിച്ചത് സാഫ് വഴിയാണ്. പതിനാല് വര്‍ഷമായി അസ്മ സൂപ്പര്‍മാര്‍ക്കറ്റ് നടത്താന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. തീരദേശത്തെ ജീവിതത്തിനുമേല്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും എപ്പോഴും അള്ളിപ്പിടിച്ചിരിക്കും. പരിസര ശുചിത്വവും ആരോഗ്യപദ്ധതികളും ഇവിടെ പ്രയോഗത്തില്‍ വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനൊപ്പം ജീവിതോപാധി കണ്ടെത്തുക എന്നതും പ്രധാനമാണ്. കടലിനെ ആശ്രയിക്കാതെയും ജീവിക്കാന്‍ സാധിക്കും എന്ന ആശയമാണ് ഈ സ്ത്രീ കൂട്ടായ്മകള്‍ ഇവിടെ യാഥാർഥ്യമാക്കുന്നത്. അങ്ങനെ കടലിന്റെ സംഗീതത്തിനൊപ്പം ഇവിടെ കടലോരമക്കളുടെ ജീവിതത്തിനും താളം കൈവരികയാണ്.