Connect with us

Articles

പ്രത്യാശിക്കാം, ജനാധിപത്യം തിരിച്ചു വരുന്നുണ്ട്

മോദി സര്‍ക്കാറിന്റെ ഏകാധിപത്യത്തിനെതിരെ വിരല്‍ ചൂണ്ടിയതിന് പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗാളില്‍ നിന്നുള്ള മെഹുവ മൊയ്ത്ര തിരിച്ചു വന്നവരിലുണ്ട്. അധികാരത്തിന്റെ ഹുങ്കില്‍ കൊട്ടിയടച്ച വാതിലുകള്‍ തകര്‍ത്ത് വന്നവരില്‍ മറ്റൊരു പ്രധാനി കൂടിയുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ വൈസ് പ്രസിഡന്റുമായ അംറാ റാം. ജനാധിപത്യ ഇന്ത്യയുടെ തിരിച്ചു വരവിന്റെ പ്രതീകങ്ങളായി കാലം അവരെ വാഴ്ത്തും.

Published

|

Last Updated

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. പതിവില്‍ നിന്ന് വ്യത്യസ്തമായി പോക്കറ്റില്‍ ഒരു കുഞ്ഞുപുസ്തകവുമായാണ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ എത്തിയത്. “പോക്കറ്റ് പെല്ലറ്റിന്‍’ എന്നാണ് രാഷ്ട്രതന്ത്രജ്ഞര്‍ ആ കുഞ്ഞന്‍ പുസ്തകത്തെ വിശേഷിപ്പിച്ചത്. സമകാലിക രാഷ്ട്രീയ സാഹചര്യത്തിന്റെ ഗതി മാറ്റിയ മാരകമായ പ്രഹര ശേഷിയുള്ള ആ ആയുധം ഇന്ത്യന്‍ ഭരണഘടനയായിരുന്നു. വെറുപ്പും വിദ്വേഷവും യഥേഷ്ടം പ്രചരിപ്പിക്കുന്ന സംഘ്പരിവാര രാഷ്ട്രീയത്തിന്റെ അധികാര ഗര്‍വിനെതിരെ പോരാടാനും അതിന് കടിഞ്ഞാണിടാനും ഊര്‍ജം പകരുന്ന കുഞ്ഞന്‍ പുസ്തകം.
“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഇനി എന്ത് സംഭവിക്കും? അത് വീണ്ടും അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ഇന്ത്യാ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഒരിക്കല്‍ ഇന്ത്യക്ക് അതിന്റെ സ്വാതന്ത്ര്യം നഷ്ടമായത് ചില തല തെറിച്ച മക്കളെ കൊണ്ടാണ്. വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ? അത്തരമൊരു ആശങ്ക ഇപ്പോഴുമുണ്ടാകാന്‍ കാരണം ചില നഗ്ന സത്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ്. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ താത്പര്യവുമുണ്ട്. അവരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ താത്പര്യങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുമോ? സമാനമായ ആശങ്ക ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും എനിക്കുണ്ട്. ഇന്ത്യ അതിന്റെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ. അതോ വീണ്ടും നഷ്ടപ്പെടുത്തുമോ. എന്തായാലും നമുക്ക് നമ്മുടെ ഭരണഘടനാ മൂല്യങ്ങളും സ്വാതന്ത്ര്യവും അവസാനശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ചേ മതിയാകൂ. അത് നമ്മുടെ പൂര്‍വികര്‍ രക്തം ചിന്തി നേടിത്തന്നതാണ്. അതൊരിക്കലും നഷ്ടപ്പെടുത്തിക്കൂടാ’- ബി ആര്‍ അംബേദ്കര്‍ (ഭരണഘടനാ നിര്‍മാണ സഭയില്‍, ഭരണ ഘടനാ ക്രോഡീകരണത്തിന് ശേഷം അവസാനമായി നടത്തിയ പ്രസംഗം, 1950-ജനുവരി 26).

മൂന്നാം തവണയും പൂര്‍വാധികം ശക്തിയോടെ നാനൂറിന്റെ നിറവില്‍ അധികാരത്തില്‍ തിരിച്ചു വരും എന്ന് സകലമാന കൂലി സര്‍വേ ഏജന്‍സികളെ കൊണ്ടും വിധി എഴുതിച്ച നരേന്ദ്ര മോദിക്ക് പക്ഷേ ജനവിധി പുറത്തുവന്നപ്പോള്‍ ശിരസ്സ് കുനിക്കേണ്ടിവന്നു. ഊതി വീര്‍പ്പിച്ച കുമിള എന്നും ആര്‍ട്ടിഫിഷ്യല്‍ മോദി ഷോ എന്നും രാഷ്ട്രീയ ലോകം തിരിച്ചറിഞ്ഞു. ജനാധിപത്യ മൂല്യങ്ങളെല്ലാം മണ്ണിട്ട് മൂടി “എന്നാശ്വസിച്ചവര്‍’ മൂക്കത്ത് വിരല്‍ വെച്ചു. മാധ്യമ ഗോപുരങ്ങളെത്ര കെട്ടിപ്പൊക്കിയാലും അതിനെ തകര്‍ത്ത് മുന്നേറാന്‍ ആ കുഞ്ഞന്‍ പുസ്തകത്തിലെ മൂല്യങ്ങള്‍ക്ക് കഴിയും എന്നതിന് ഉദാഹരണങ്ങള്‍ പലതുണ്ട്.

മോദിയുടെ രാമനാണോ ഗാന്ധിയുടെ രാമനാണോ അയോധ്യയിലുള്ളത് എന്ന തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ചോദ്യത്തിനുള്ള ഉത്തരം ഫൈസാബാദ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലമായിരുന്നു. തിരഞ്ഞെടുപ്പാനന്തരം രാമക്ഷേത്രത്തിലെ ചോര്‍ച്ച മീഡിയ പ്രഭാവത്തില്‍ മോദി കെട്ടിപ്പൊക്കിയ അഴിമതിയുടെ കാണാപുറങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അധികാരത്തിന്റെ മത്ത് പിടിച്ച് തകര്‍ത്തെറിഞ്ഞ ജനാധിപത്യ ബിംബങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്.

മോദി സര്‍ക്കാറിന്റെ ഏകാധിപത്യത്തിനെതിരെ വിരല്‍ ചൂണ്ടിയതിന് പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗാളില്‍ നിന്നുള്ള മെഹുവ മൊയ്ത്ര തിരിച്ചു വന്നവരിലുണ്ട്. പൗരത്വ പ്രക്ഷോഭ സമയത്ത് നരേന്ദ്ര മോദിയുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി, ഈ രാജ്യത്തിന്റെ മണ്ണില്‍ ഒരുപാട് പേരുടെ രക്തം ചിന്തിയിട്ടുണ്ട്, എന്നാല്‍ ഈ രാജ്യം ഒരാളുടെയും പിതാവിന്റെ വകയല്ല എന്ന പാര്‍ലിമെന്റിലെ മെഹുവയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഇനി ഒരിക്കലും പാര്‍ലിമെന്റില്‍ മെഹുവയെ കാലുകുത്തിക്കില്ല എന്ന് അമിത് ഷാ പറഞ്ഞിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ വീണ്ടും സഭയിലെത്തി. അധികാരത്തിന്റെ ഹുങ്കില്‍ കൊട്ടിയടച്ച വാതിലുകള്‍ തകര്‍ത്ത് വന്നവരില്‍ മറ്റൊരു പ്രധാനി കൂടിയുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ വൈസ് പ്രസിഡന്റുമായ അംറാ റാം. ട്രാക്ടര്‍ ഓടിച്ചാണ് അദ്ദേഹം പാര്‍ലിമെന്റിലെത്തിയത്. കര്‍ഷക സമരത്തെ ഡല്‍ഹിയിലേക്ക് ഒരു കാരണവശാലും കടത്തി വിടില്ല എന്ന് കട്ടായം പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മനക്കോട്ട തകര്‍ത്താണ് അംറ റാമിന്റെ ട്രാക്ടര്‍ സഭയില്‍ എത്തിയത്. “ജയ് ജവാന്‍, ജയ് കിസാന്‍, ജയ് സംവിധാന്‍, ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ തുടങ്ങിയതും അവസാനിപ്പിച്ചതും. മാറ്റത്തിന്റെ കെട്ടുപോകാത്ത കനല്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്ന ഓര്‍പ്പെടുത്തല്‍ കൂടിയായിരുന്നു ആ പ്രഖ്യാപനം. ജനാധിപത്യ ഇന്ത്യയുടെ തിരിച്ചു വരവിന്റെ പ്രതീകങ്ങളായി കാലം അവരെ വാഴ്ത്തും. ഏകാധിപത്യത്തിന്റെ പിടിമുറുക്കത്തില്‍ നിന്ന് പതിയെ രാജ്യം സ്വതന്ത്രമായിക്കൊണ്ടിരിക്കുന്നു. സാഹോദര്യവും സഹിഷ്ണുതയും ഉള്‍ക്കൊള്ളുന്ന അതിന്റെ പ്രതാപകാലത്തേക്ക് ചിറകടിച്ചുയരുന്ന ശബ്ദമാണ് പാര്‍ലിമെന്റില്‍ നിന്ന് കേള്‍ക്കുന്നത്.

ഭരണഘടനയെ പോലെ, ജനാധിപത്യ ഭരണ സംവിധാനത്തെ എപ്പോഴും മനോഹരമാക്കുന്നത് ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷമാണ്. ജനാധിപത്യ ഭരണ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ റോള്‍ എന്താണ് എന്നുള്ളതിന് ഭരണഘടന നല്‍കുന്ന ഉത്തരം: “ജനാധിപത്യ രാജ്യത്തെ ജനഹിതമറിയുന്ന കാവല്‍ക്കാരനാണ് പ്രതിപക്ഷം’ എന്നുള്ളതാണ്. നിഷ്‌ക്രിയമായ ഭരണപക്ഷത്തെ സക്രിയമാക്കാന്‍ ശക്തമായ പ്രതിപക്ഷത്തിന് കഴിയും. ഏകാധിപത്യ സ്വഭാവം കാണിക്കാന്‍ വെമ്പുന്നവര്‍ക്കുള്ള പഴുതുകള്‍ ഭരണഘടനയിലെമ്പാടുമുണ്ട്. എന്നാല്‍ അതിനെ എപ്പോഴും തടഞ്ഞു നിര്‍ത്തുക എന്നതാണ് പ്രതിപക്ഷ കടമ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഭരണപക്ഷവും ജനാധിപത്യ രാജ്യത്ത് തങ്ങളുടെ കടമ എന്താണ് എന്ന് മറക്കുന്ന പ്രതിപക്ഷവും ഒരുപോലെ കുറ്റക്കാരാണ്.

പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ചേര്‍ന്ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നെ “ഇന്ത്യ’ എന്ന പേരില്‍ ഒരു മുന്നണി ഉണ്ടാക്കിയതും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കൃത്യമായി ഏകോപിപ്പിച്ചതും പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ നിഷ്പ്രഭമാക്കിയും പരിഹസിച്ചും മാത്രം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ മോദി മീഡിയകള്‍ക്കും പി ആര്‍ ഏജന്‍സികള്‍ക്കും പക്ഷേ പ്രതിപക്ഷം ക്രമേണ ശക്തിയാര്‍ജിക്കുന്നത് തടയാന്‍ സാധിച്ചില്ല. ആറ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തി ഘട്ടം ഘട്ടമായി നാനൂറില്‍ എത്താമെന്ന ബി ജെ പിയുടെ തന്ത്രം പാളിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നേറാന്‍ കളമൊരുക്കി. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മോദി പ്രഭാവം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ചോര്‍ന്നു പോയതും ചിത്രം മാറി മറിയാന്‍ കാരണമായി. വാരണാസിയില്‍ അടക്കം വോട്ടുകള്‍ ചോര്‍ന്നു പോകുമ്പോള്‍, പതിമൂന്ന് ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സെറ്റിട്ട വിവേകാനന്ദ പാറയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയെ നോക്കി പൊതുജനം ചിരിച്ചു. അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും തിരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിച്ചില്ല എങ്കില്‍ വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നത് എന്നും ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പരസ്യ പ്രസ്താവന നടത്തി.

കുതിരക്കച്ചവടവും ചാക്കിട്ടു പിടിത്തവുമടക്കമുള്ള അമിത് ഷായുടെ തന്ത്രങ്ങളിലൂടെ ഭരണം പിടിക്കേണ്ടതില്ല, മറിച്ച് പ്രതിപക്ഷത്ത് ഇരിക്കാമെന്ന “ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനവും പ്രശംസനീയമാണ്. ക്രിയാത്മകമായ ഇടപെടലിലൂടെ ജനാധിപത്യം വീണ്ടെടുക്കാമെന്ന് “ഇന്ത്യ’ മുന്നണി സഖ്യം തീരുമാനിച്ചതും ധീരമായ നിലപാടായി കാണാം. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷനിര ശക്തമായ സാന്നിധ്യം അറിയിച്ചതും ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമേകുന്ന ഒന്നാണ്. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ സഖ്യം അര്‍ഥശങ്കക്ക് ഇടമില്ലാതെ പ്രഖ്യാപിച്ചു. ആ സ്ഥാനത്തിന് താന്‍ എന്തുകൊണ്ടും അര്‍ഹനാണ് എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. രാജ്യത്തുടനീളം സഞ്ചരിച്ച് ജനാധിപത്യത്തിന്റെ മൂല്യങ്ങളും ഭരണഘടനാ തത്ത്വങ്ങളും ഓര്‍മിപ്പിച്ച അദ്ദേഹം സഭയില്‍ എത്തിയത് കൃത്യമായ കണക്കുകൂട്ടലുകളുമായായിരുന്നു. പപ്പു മോന്‍ എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്കു മുന്നില്‍ പക്വതയുള്ള രാഷ്ട്രീയ നേതാവായി അദ്ദേഹം പരിണമിച്ചു കഴിഞ്ഞു.
ഇനി അനൈക്യങ്ങള്‍ മറന്ന് ശക്തമായ പ്രതിപക്ഷമാകാന്‍ “ഇന്ത്യ’ മുന്നണി സംവിധാനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കാം. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ വെമ്പുന്ന ഭരണവര്‍ഗത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഉയരുമ്പോഴെല്ലാം അതിനെതിരെ സദാ സമയവും പ്രതിരോധം തീര്‍ക്കുന്ന പ്രതിപക്ഷമായും ഭരണഘടനയുടെ കാവലാളായും നിലകൊള്ളാന്‍ അവര്‍ക്ക് സാധിക്കട്ടെ. ഏകാധിപത്യ ഗര്‍വിന്റെ ചെങ്കോല്‍ പാര്‍ലിമെന്റില്‍ നിന്ന് എടുത്തു കളഞ്ഞ്, പകരം ഇന്ത്യന്‍ ഭരണഘടന തദ്്സ്ഥാനത്ത് പ്രതിഷ്ഠിക്കണം എന്ന് സമാജ് വാദി പാര്‍ട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതും തിരുത്തല്‍ നടപടിയുടെ ഭാഗമായി കാണാം. പാര്‍ലിമെന്റിന് അകത്തും പുറത്തും ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നിരുപാധികം പ്രതിരോധം തീര്‍ക്കുന്ന പ്രതിപക്ഷം ഉയര്‍ന്നു വരട്ടെ. ഭരണ, പ്രതിപക്ഷ കക്ഷികള്‍ അര്‍ഥശങ്കക്കിടയില്ലാതെ തങ്ങളുടെ കടമ നിര്‍വഹിക്കുമ്പോള്‍ നമുക്ക് പ്രത്യാശിക്കാം, ജനാധിപത്യം തിരിച്ചു വരുന്നുണ്ട്!

Latest