Connect with us

Articles

പ്രതീക്ഷകള്‍, ആശങ്കകള്‍

2024ല്‍ നടക്കാന്‍ പോകുന്ന ഏറ്റവും സുപ്രധാന സംഭവവികാസം പൊതു തിരഞ്ഞെടുപ്പാണ്. ഏപ്രില്‍- മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. പുതിയ വര്‍ഷം പിറക്കുന്നത് തന്നെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കക്ഷികളുടെ ചര്‍ച്ചകള്‍ക്കിടെയാണ്. 'ഇന്ത്യ' എന്ന പ്രതിപക്ഷ വിശാല സഖ്യം പ്രതീക്ഷിക്കുന്നതു പോലെ സാധ്യമാകുമോ, അതുവഴി ബി ജെ പിവിരുദ്ധ സഖ്യത്തിന് രാജ്യത്തിന്റെ അധികാരക്കസേര ലഭ്യമാകുമോ എന്നതാണ് ഈ വര്‍ഷം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുന്നിലെ പ്രധാന ആശയും ആശങ്കയും.

Published

|

Last Updated

ഇന്ത്യക്ക് തിരഞ്ഞെടുപ്പ് വര്‍ഷമാണ്. അസാധാരണമാംവിധം പ്രക്ഷുബ്ധമായ രണ്ടാം മോദി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇന്ത്യയെ സംബന്ധിച്ച് 2024ല്‍ നടക്കാന്‍ പോകുന്ന ഏറ്റവും സുപ്രധാന സംഭവവികാസം. ഏപ്രില്‍- മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. പുതിയ വര്‍ഷം പിറക്കുന്നത് തന്നെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കക്ഷികളുടെ ചര്‍ച്ചകള്‍ക്കിടെയാണ്. ‘ഇന്ത്യ’ സഖ്യം എന്ന പ്രതിപക്ഷ വിശാല സഖ്യം പ്രതീക്ഷിക്കുന്നതു പോലെ സാധ്യമാകുമോ അതുവഴി ബി ജെ പിവിരുദ്ധ സഖ്യത്തിന് രാജ്യത്തിന്റെ അധികാര കസേര ലഭ്യമാകുമോ എന്നതാണ് ഈ വര്‍ഷം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുന്നിലെ പ്രധാന ആശയും ആശങ്കയും. അതേസമയം, രാമക്ഷേത്രമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡകള്‍ വഴി നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ഏതാണ്ട് ഉറപ്പാണെന്ന പ്രവചനങ്ങളുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാന്‍ പോകുന്നു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കും. ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സ്ഥിതി അനുസരിച്ച് ഹരിയാനയെയും കാത്തിരിക്കുന്നത് സമാനമായ വിധിയാണെന്നും വിലയിരുത്തപ്പെടുന്നു.

നാലാം ശക്തിയാകുമോ?
ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന നിഗമനങ്ങള്‍കൊണ്ട് മുഖരിതമാണ് വര്‍ഷാരംഭം. ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രവചനങ്ങള്‍. ഇന്ത്യയുടെ സ്വഭാവിക സാമ്പത്തിക വളര്‍ച്ച മാത്രം മതി ഈ നേട്ടത്തിലെത്താനെന്നും ചിലര്‍ പറയുന്നു. എന്നാല്‍, ഇത് 2024ല്‍ ഉണ്ടാകില്ലെന്നാണ് മറ്റൊരു വലിയ വിഭാഗം പ്രവചിക്കുന്നത്. ഈ ദശകത്തില്‍ എപ്പോഴെങ്കിലും ഇത് സംഭവിച്ചേക്കാം. 2026 അവസാനത്തോടെയായിരിക്കും ഇന്ത്യ നാലാം സാമ്പത്തിക ശക്തിയായി മാറുകയെന്നും സാമ്പത്തിക വിദഗ്ധരില്‍ കൂടുതല്‍ പേരും പറയുന്നു. എന്നാല്‍, 2028 അവസാനം വരെ ഇത് സംഭവിക്കില്ലെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. ഭക്ഷ്യസാധനങ്ങളില്‍ അടക്കമുണ്ടായ വിലക്കയറ്റം, ഗ്രാമീണ ഉത്പാദനത്തിലെയും സേവനമേഖലയിലെ വളര്‍ച്ചയിലെയും മന്ദഗതി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് പ്രതിസന്ധിയായി തുടരുന്നുവെന്നും ഈ വിഭാഗം പറയുന്നു.

അതേസമയം, നാലാം സാമ്പത്തിക ശക്തി എന്ന നേട്ടം 2024ല്‍ തന്നെ കൈവരിക്കാനാകുമെന്ന് പ്രവചിക്കുന്നവര്‍ ചില കണക്കുകൂട്ടലുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. 2024ന്റെ തുടക്കത്തില്‍ ജര്‍മനിയുടെ ജി ഡി പി 4.4 ട്രില്യണ്‍ ഡോളറാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടേത് ഈ അവസരത്തില്‍ നാല് ട്രില്യണ്‍ ഡോളറിന് മുകളിലായിരിക്കുമെന്നും ഈ പ്രവചനക്കാര്‍ പറയുന്നു. ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാകുകയും ജര്‍മനി 2024ല്‍ മാന്ദ്യത്തിലാകുകയും ചെയ്താല്‍ വര്‍ഷാവസാനത്തോടെ ഇരു രാജ്യങ്ങളുടെയും ജി ഡി പി ഒരുപോലെ ആകുമെന്നും നേരിയ മുന്‍തൂക്കത്തോടെ ഇന്ത്യ നലാം സാമ്പത്തിക ശക്തിയാകുമെന്നും പ്രവചിക്കുന്നു. 2025ല്‍ ഇന്ത്യന്‍ ജി ഡി പി ഉറപ്പായും ജര്‍മന്‍ ജി ഡി പിയെ മറികടക്കുമെന്നും ഈ പ്രവചനക്കാര്‍ പ്രതീക്ഷിക്കുന്നു.

2024ല്‍ ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടേക്കും. കയറ്റുമതിയെയും ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ച ആഗോള പ്രതിസന്ധിക്കിടയിലും 2023- 24ല്‍ ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ മൂല്യം 1.6 ട്രില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വികസിത സമ്പദ്വ്യവസ്ഥകള്‍ സാവധാനം മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്നതോടെ 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള വ്യാപാരത്തില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യയുടെ വ്യാപാരവും ശക്തമായി തിരിച്ചുവരും. അതേസമയം, 2024ല്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ വിദേശ വ്യാപാര ലക്ഷ്യം മറികടക്കാന്‍ കഴിയില്ലെന്നാണ് പറയപ്പെടുന്നത്്.് എന്നാല്‍ ഇന്ത്യ ആ നാഴികക്കല്ലിനോട് അടുത്തെത്തും.

പ്രവചനം അസാധ്യം
ഓഹരി വിപണിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുന്നത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതും അപകടകരവുമാണ്. എങ്കിലും ഇന്ത്യയുടെ ഓഹരി വിപണി പുതിയ വര്‍ഷത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയിലെ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന വര്‍ഷമാണിത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പിന്നാലെ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ നിക്ഷേപ സൗഹൃദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023ല്‍ ഇന്ത്യയുടെ ഓഹരി വിപണി മൂലധനം 26 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

പുതിയ വര്‍ഷത്തില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ കാത്തിരിക്കുന്നത് കാതലായ മാറ്റങ്ങളാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വലിയ മാറ്റങ്ങള്‍ക്ക് 2024 സാക്ഷ്യം വഹിക്കും. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ വര്‍ഷം മുതല്‍ ഇന്ത്യയിലേക്ക് വിദേശ സര്‍വകലാശാലകളുടെ വലിയ കുത്തൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം നടപ്പിലാക്കല്‍ ആരംഭിച്ച പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്‌കൂള്‍ തലങ്ങളിലെ പുതിയ ക്രമീകരണം ഉള്‍പ്പെടെയുള്ളവ ഈ വര്‍ഷം നടപ്പില്‍ വരും. നാല് വര്‍ഷ ബിരുദമടക്കടമുള്ള നയങ്ങള്‍ സര്‍വകലാശാലകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഊഷ്മളമാകും ബന്ധം
ആഗോള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്ന വര്‍ഷം കൂടിയാണ് 2024. കഴിഞ്ഞ വര്‍ഷം ജി 20യുടെ അധ്യക്ഷ പദവി ഉള്‍പ്പെടെയുള്ളവ കാരണം ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് കൂടുതല്‍ ഇടം ലഭിച്ച വര്‍ഷമാണ്. ഇന്ത്യയുടെ ചേരിചേരാ നേതൃത്വത്തിന്റെ പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഗ്ലോബല്‍ സൗത്ത് ആശയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോയ വര്‍ഷത്തില്‍ ഇന്ത്യക്ക് കഴിഞ്ഞു. പുതിയ വര്‍ഷത്തില്‍ ഇത് കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം റഷ്യ- യുക്രൈന്‍ യുദ്ധത്തോടെ ഇന്ത്യ- റഷ്യ വ്യാപാര ഇടപാടുകള്‍ കൂടുതല്‍ ശക്തമായി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞ ചെലവില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ എത്തിച്ചു. ഖലിസ്താന്‍ വിഘടനവാദ പ്രശ്നവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള നയതന്ത്രബന്ധത്തില്‍ വന്ന വിള്ളലാണ് പോയ വര്‍ഷം ഇന്ത്യ വിദേശനയത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. കാനഡയിലെ ഖലിസ്താനി നേതാവിന്റെ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് ബന്ധമുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെയാണ് കാര്യങ്ങള്‍ വഷളായത്. ഖലിസ്താന്‍ വിഷയത്തില്‍ യു എസും ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ്‌ജോ ബൈഡനും പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും യു എസിലെ ഒരു ഖലിസ്താന്‍ വിഘടനവാദിക്കെതിരായ കൊലപാതക ഗൂഢാലോചനയുമായി ഇന്ത്യക്ക് ഔദ്യോഗിക ബന്ധമുണ്ടെന്ന ആരോപണം യു എസ് ഉന്നയിച്ചിട്ടുണ്ട്. ഇത് ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. അതേസമയം, പുതിയ വര്‍ഷത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനീസ് വെല്ലുവിളി
അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷവും വരാനിരിക്കുന്ന വര്‍ഷവും ഇന്ത്യക്ക് വലിയ പ്രതിസന്ധിയായി തുടരുമെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും വലിയ വെല്ലുവിളി ചൈനയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയും തന്ത്രപരമായ വെല്ലുവിളിയുമായി ചൈന തുടരുകയാണ്. അതിര്‍ത്തിയിലെ തര്‍ക്കം കഴിഞ്ഞ വര്‍ഷവും സംഭവിച്ചിരുന്നു. മറ്റൊരു പ്രശ്നം മാലദ്വീപിലെ ചൈനീസ് ഇടപെടലുകളാണ്. ഇന്ത്യയുടെ സൈനിക സാന്നിധ്യം പുറത്താക്കുമെന്ന ക്യാമ്പയിനിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റ്മുഹമ്മദ് മുയിസുവിന്റെ സര്‍ക്കാര്‍ മാലദ്വീപില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാലദ്വീപ് ചൈനയോട് കൂടുതല്‍ ചേരുന്നതായും ഇന്ത്യ കണക്കാക്കുന്നു. അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി നിലച്ചുവെന്നതാണ് പുതിയ വര്‍ഷം നേരിടുന്ന മറ്റൊരു വിദേശനയ പ്രതിസന്ധി. ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചു. നിലവിലെ അംബാസഡര്‍ പോകുകയും മുംബൈയിലെയും ഹൈദരാബാദിലെയും അഫ്ഗാന്‍ നയതന്ത്രജ്ഞര്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. അതേസമയം, കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു സാങ്കേതിക ടീമിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ആശ്രയിച്ചായിരിക്കും വിദേശനയത്തിലെ മാറ്റങ്ങള്‍ സംഭവിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ ഡി എ തിരിച്ചുവരികയാണെങ്കില്‍ തത്തുല്യമോ ശക്തമോ ആയ അധികാരത്തോടെ ഭൂരിഭാഗം ആഗോള പ്രശ്‌നങ്ങളിലും ബന്ധങ്ങളിലും ഇന്ത്യയുടെ നിലപാടുകള്‍ സ്ഥിരമായി നിലനില്‍ക്കും. ജനവിധി തിരിച്ചാണെങ്കില്‍ ഒരു മതേതര കൂട്ടുകക്ഷി സര്‍ക്കാറിന്റെ സവിശേഷതകളും മുന്‍ഗണനകളും വിദേശ നയത്തിലും പ്രതിഫലിച്ചേക്കും.

ജനസംഖ്യാ കണക്കില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുമെന്നാണ് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്ത് ഏകദേശം 140 ദശലക്ഷം ആളുകള്‍ ദരിദ്രരാണെന്നാണ് ആഗോള സ്ഥാപനങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest