Connect with us

Articles

പ്രതീക്ഷകള്‍ മാഞ്ഞു; എങ്കിലും...

പോയ വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഒരേടാണ്, ഓര്‍മയാണ്. ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. അങ്ങനെ വരുമ്പോള്‍ വിടപറയാനിരിക്കുന്ന ഒരാണ്ടില്‍ ഇന്ത്യയുടെ രാഷ്ട്രീയവും ഭരണവും ന്യായാസനങ്ങളും മറ്റു സാമൂഹിക, സാംസ്‌കാരിക സ്ഥാപനങ്ങളും എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് പ്രധാനമാണ്.

Published

|

Last Updated

തിരുത്തിയും നിരന്തരം നവീകരിച്ചും മുന്നോട്ടു പോകലാണ് വികസനവും പുരോഗതിയും കൈവരിക്കാനുള്ള ഉപായം. വര്‍ഷാന്ത്യത്തിലെ കണക്കെടുപ്പിന് അക്കാര്യത്തില്‍ വലിയ സ്വാധീനമില്ലെങ്കിലും ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പോയ വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഒരേടാണ്, ഓര്‍മയാണ്. ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. അങ്ങനെ വരുമ്പോള്‍ വിടപറയാനിരിക്കുന്ന ഒരാണ്ടില്‍ ഇന്ത്യയുടെ രാഷ്ട്രീയവും ഭരണവും ന്യായാസനങ്ങളും മറ്റു സാമൂഹിക, സാംസ്‌കാരിക സ്ഥാപനങ്ങളും എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് പ്രധാനമാണ്. അത് രാജ്യത്തിന്റെ ജനാധിപത്യത്തെയും ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലൂന്നിയ വികസന മുന്നേറ്റത്തെയും ഭരണഘടനയെ മാനദണ്ഡമാക്കി കൊണ്ടുള്ള വിചാരങ്ങള്‍ക്കും പുനരാലോചനകള്‍ക്കും സജ്ജമാക്കുമെന്നതിനാല്‍ പോയ ഒരാണ്ട് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇന്ദ്രപ്രസ്ഥത്തില്‍ മാറ്റമില്ല

രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും സംബന്ധിച്ച് നിര്‍ണായകമായിരുന്നു 2024ലെ ലോക്സഭാ പൊതുതിരഞ്ഞെടുപ്പ്. നാനൂറ് സീറ്റില്‍ കുറയാത്തതൊന്നും തൃപ്തിപ്പെടുത്താത്ത ബി ജെ പിയുടെ അധികാരാര്‍ത്തിയെ കേവല ഭൂരിപക്ഷത്തിനും താഴെസ വോട്ടര്‍മാര്‍ ചുരുട്ടിക്കൂട്ടി എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ബാക്കിയാക്കിയ ആശ്വാസം. ഒപ്പം പ്രതിപക്ഷ ഇന്ത്യ സഖ്യം ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ ചേസ് ചെയ്തതിനൊടുവില്‍ കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനും കഴിഞ്ഞു. അതിനപ്പുറം ജെ ഡി യുവിന്റെയും ടി ഡി പിയുടെയും പിന്തുണയില്‍ കുരുങ്ങിക്കിടക്കുന്ന ജനാധിപത്യ പ്രതീക്ഷകള്‍ അസ്ഥാനത്താകുകയാണെന്നു വേണം മനസ്സിലാക്കാന്‍. ആദ്യ രണ്ട് മോദി സര്‍ക്കാറുകള്‍ മുസ്ലിംകള്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ട ക്രൂരതകള്‍ ഒരളവോളം വര്‍ധിക്കുകയാണ് മൂന്നാമൂഴത്തില്‍ സംഭവിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ മുസ്ലിംകള്‍ക്കെതിരായ വ്യാപക അതിക്രമങ്ങളുണ്ടായി രാജ്യത്ത് പലയിടങ്ങളിലും. വഖ്ഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിംകളുടെ സാമ്പത്തിക അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. മസ്ജിദ് – മന്ദിര്‍ രാഷ്ട്രീയത്തിലൂടെ വോട്ട് തട്ടാനുള്ള പുതിയ ഇന്ധനം കണ്ടെത്തുന്നു. പല നിലയില്‍ ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിന് നിരക്കാത്തതുമായിട്ടു പോലും ഒറ്റത്തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിക്കുന്ന ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതക്ക് ഒരിളക്കവും തട്ടിയിട്ടില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ഒറ്റതിരഞ്ഞെടുപ്പ്, വഖ്ഫ് നിയമ ഭേദഗതി ബില്ലുകള്‍ സംയുക്ത പാര്‍ലിമെന്ററി സമിതിക്ക് വിട്ടെന്നത് മാത്രം മിച്ചം. ബാക്കിയെല്ലാം പഴയപടി തന്നെ. അപ്പോഴും എല്ലാ ഭരണകൂട മെഷിനറികളെയും ഉപയോഗിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊപ്പം നിര്‍ത്തിയും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും നിറംകെട്ട വിജയമാണല്ലോ ബി ജെ പിക്ക് ഉണ്ടായത്. അതിന്റെ അസ്വസ്ഥതയാണ് അമിത് ഷായില്‍ നിന്ന് പാര്‍ലിമെന്റില്‍ കണ്ട അംബേദ്കര്‍ ഭര്‍ത്സനം. എത്രയേറെ പിണിയാളുകളുണ്ടായിട്ടും നാനൂറും കടന്ന മൃഗീയാധിപത്യത്തിലേക്ക് തങ്ങളെ അടുപ്പിക്കാത്തതിന് പിന്നിലെ പ്രധാന ഹേതു അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയാണെന്ന് മനസ്സിലാക്കുന്നുണ്ടാകും ബി ജെ പി നേതാക്കള്‍.

നിയമസഭാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷനും
2024ല്‍ ഹരിയാനയും മഹാരാഷ്ട്രയും ഉള്‍പ്പെടെ എട്ട് സംസ്ഥാന നിയമസഭകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടന്നു. വര്‍ഷാന്ത്യത്തില്‍ നമ്മളോര്‍ക്കുന്നത് ആ തിരഞ്ഞെടുപ്പുകളോരോന്നിന്റെയും രാഷ്ട്രീയവും വിജയവുമാണ്. പക്ഷേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും നമുക്ക് പറയേണ്ടി വരുന്നു. പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍. പൊതുതിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ സംഗതമായ ആക്ഷേപങ്ങളെല്ലാം തള്ളുന്ന ഭരണകൂട നാവായി മാറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതിനാലാണത്.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കെതിരായിരുന്നെന്ന് മാത്രമല്ല ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുമുണ്ടായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്. പക്ഷേ അസഹിഷ്ണുതയോടെയാണ് പ്രതിപക്ഷം ഉന്നയിച്ച പരാതികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്. ഹരിയാന നിയമസഭയില്‍ ആകെയുള്ള 90 സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഭരണം നിലനിര്‍ത്തിയത്. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടാകുകയും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നല്ല മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തിരിക്കെ 2019ല്‍ ലഭിച്ച സീറ്റുകളേക്കാള്‍ എട്ട് സീറ്റുകള്‍ അധികം നേടിയാണ് ഹരിയാനയില്‍ ബി ജെ പി ഭരണമുറപ്പിച്ചത്.

ഹരിയാനയേക്കാള്‍ ബി ജെ പിയും സഖ്യകക്ഷികളും നിര്‍ണായകമായി കണ്ട മഹാരാഷ്ട്രയിലെത്തിയപ്പോള്‍ ഇ വി എം ക്രമക്കേടുകളെകുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മുഴക്കമുണ്ടായെന്നതിന് തെളിവാണ് പ്രതിപക്ഷ മഹാവികാസ് അഘാഡി സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ക്രമക്കേട് പരാതികള്‍ ദേശീയ മാധ്യമങ്ങള്‍ തന്നെ ഏറ്റുപിടിച്ചു എന്നത്. പ്രതിപക്ഷ സഖ്യത്തെ നിലംപരിശാക്കുന്ന വിജയമാണ് മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ നേടിയത്.

2024ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനം അരുണാചല്‍ പ്രദേശാണ്. ബി ജെ പി 46 സീറ്റുകള്‍ നേടി അധികാരം നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. 2019ല്‍ കിട്ടിയതിനേക്കാള്‍ അഞ്ച് സീറ്റുകള്‍ അധികം നേടുകയായിരുന്നു ബി ജെ പി. സിക്കിമില്‍ 31 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോര്‍ച്ച(എസ് കെ എം) അധികാരത്തിലേറിയപ്പോള്‍ 2019 വരെ കാല്‍ നൂറ്റാണ്ട് കാലം സംസ്ഥാനം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) ഒരു സീറ്റിലൊതുങ്ങുകയായിരുന്നു. 2019ലെ 17ല്‍ നിന്നാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച 2024ല്‍ തങ്ങളുടെ സീറ്റ് വിഹിതം 31ലേക്ക് ഉയര്‍ത്തിയത്. പതിറ്റാണ്ടുകളായി ബിജു ജനതാ ദള്‍ (ബി ജെ ഡി) ഭരണത്തിലിരുന്ന ഒഡിഷയും 2024ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പിടിച്ചു. ആകെയുള്ള 147 സീറ്റുകളില്‍ 78 സീറ്റുകള്‍ ബി ജെ പി നേടിയപ്പോള്‍ നവീന്‍ പട്നായികിന്റെ ബി ജെ ഡിക്ക് 51ഉം കോണ്‍ഗ്രസ്സിന് 14ഉം സീറ്റുകള്‍ ലഭിച്ചു.

ഝാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും മാത്രമാണ് ഇന്ത്യ സഖ്യത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായത്. അവിടെയും കോണ്‍ഗ്രസ്സ് ഒരു നിര്‍ണായക ശക്തിയല്ലെന്ന് കാണിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ത്സാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) 34 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് 16ഉം ബി ജെ പിക്ക് 21ഉം സീറ്റുകള്‍ ലഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 81 നിയമസഭാ സീറ്റുകളില്‍ 50 സീറ്റുകള്‍ നേടിയ ഇന്ത്യ സഖ്യം ഭരണം നിലനിര്‍ത്തുകയായിരുന്നു. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്നതായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിന് പോളിംഗ് ബൂത്തുകളിലെത്തിയത്. ഭരണഘടനയുടെ 370ാം അനുഛേദപ്രകാരം ജമ്മു കശ്മീരിന് ലഭ്യമായിരുന്ന സവിശേഷ ഭരണഘടനാ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പ് ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്താകുകയായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളില്‍ 42ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍ സി) ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ആറ് സീറ്റുകള്‍ ലഭിച്ചു. 29 സീറ്റുകള്‍ നേടിയ ബി ജെ പി രണ്ടാമത്തെ വലിയ കക്ഷിയായി. നാഷനല്‍ കോണ്‍ഫറന്‍സിന്റെ തേരിലേറിയാണ് ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യത്തിന് അധികാരം പിടിക്കാനായത്.

ജയിലിലായത് രണ്ട് മുഖ്യമന്ത്രിമാര്‍
കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തന്നെ തുടരുന്ന പ്രതിപക്ഷ രാഷ്ട്രീയ വേട്ടയുടെ ഭാഗമായി ഈ വര്‍ഷം രണ്ട് മുഖ്യമന്ത്രിമാരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ ഇ ഡി കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 13നായിരുന്നു സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ കഴിഞ്ഞ ജനുവരി 31നായിരുന്നു ഇ ഡി അറസ്റ്റ് ചെയ്തത്. ജൂണ്‍ 28ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചു. അനന്തരം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയ ഹേമന്ത് സോറന്റെ ജെ എം എം ജനാധിപത്യ പരീക്ഷയില്‍ വിജയിച്ചെങ്കില്‍ പുതുവര്‍ഷാരംഭത്തില്‍ അത്തരമൊരു ജനാധിപത്യ പരീക്ഷ കാത്തിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. എളുപ്പം പ്രവചിക്കാവതല്ല ഡല്‍ഹിയിലെ നിലവിലെ തിരഞ്ഞെടുപ്പന്തരീക്ഷം. എ എ പിയും ബി ജെ പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസ്സും കളത്തിലുണ്ടെന്നത് പ്രഥമദൃഷ്ട്യാ ഗുണം ചെയ്യുന്നത് ബി ജെ പിക്കാകുമെന്നത് തീര്‍ച്ചയാണ്.

ജുഡീഷ്യറി
സമീപകാലത്ത് സുപ്രീം കോടതി മുഖ്യ ന്യായാധിപ പദവിയില്‍ കൂടുതല്‍ കാലമിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത് കഴിഞ്ഞ നവംബര്‍ പത്തിനായിരുന്നു. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷം തികക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

കായികം മോശമാക്കിയില്ല
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയത് ഈ മാസം 12നായിരുന്നു. അതുവഴി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന ബഹുമതിക്കുടമയാകുകയായിരുന്നു ഡി ഗുകേഷ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്റി ലോകകപ്പില്‍ മുത്തമിടാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനായെന്ന സന്തോഷവും 2024ന്റെ ബാക്കിയിരിപ്പാണ്. പാരീസ് ഒളിമ്പിക്സില്‍ ആകെ ആറ് മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും. ജാവലിന്‍ താരം നീരജ് ചോപ്രയുടെതായിരുന്നു ഏക വെള്ളി. അതേസമയം ഷൂട്ടിംഗില്‍ മനു ഭാകര്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം കുറിച്ചപ്പോള്‍ 49 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമിതഭാരം കാരണം കൈയെത്തും ദൂരത്ത് മെഡല്‍ നഷ്ടമായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ നൊമ്പരമായി.

പ്രമുഖര്‍ വിടവാങ്ങിയപ്പോള്‍
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെയും സി പി എം ജനറല്‍ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെയും സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശ്യാം ബെനഗല്‍, ഉസ്താദ് സാകിര്‍ ഹുസൈന്‍, ഉസ്താദ് റാശിദ് ഖാന്‍, പങ്കജ് ഉദാസ് എന്നിവരുടെയും വിയോഗത്തിന് 2024 സാക്ഷിയായി. ഒടുവില്‍ രാജ്യത്തിന്റെ സാമ്പത്തിക തലവര മാറ്റിമറിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍ നായരും വര്‍ഷാന്ത്യ സായാഹ്നത്തില്‍ വിടചൊല്ലിപ്പിരിഞ്ഞു.

 

Latest