Kerala
നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷകള്‍; തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു
കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനാണ് ശ്രമം
ന്യൂഡല്‍ഹി | യെമനില്‍ വധ ശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനകാര്യത്തില്‍ പ്രതീക്ഷയുടെ നാമ്പുകള്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനാണ് ശ്രമം. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചക്ക് ഇടനിലക്കാരാകാമെന്ന് ഇറാന്‍ നേരത്തെ ഇന്ത്യയോടു സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിമിഷപ്രിയ നിലവില്‍ തടവിലുള്ളത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.അതിനിടെ, യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു.