Connect with us

aathmeeyam

അറിവിന്റെ ചക്രവാളങ്ങൾ

വൈജ്ഞാനിക ലോകം ഇസ്‌ലാമിന്റെ സംഭാവനകളാൽ സമൃദ്ധമാണ്. അറിവിന്റെ ചക്രവാളങ്ങൾ വികസിക്കുന്നതിന് അനേകം മുസ്്ലിം പണ്ഡിതന്മാരുടെ നിസ്സീമമായ പങ്കുണ്ട്. വിജ്ഞാനത്തിന് വിശുദ്ധ ഇസ്‌ലാം നല്‍കുന്ന പരിഗണനയും പ്രാധാന്യവുമാണ് അവരെ വൈജ്ഞാനിക ലോകത്തേക്ക് വഴിനടത്തിയത്.

Published

|

Last Updated

വൈജ്ഞാനിക ലോകം ഇസ്‌ലാമിന്റെ സംഭാവനകളാൽ സമൃദ്ധമാണ്. അറിവിന്റെ ചക്രവാളങ്ങൾ വികസിക്കുന്നതിന് അനേകം മുസ്്ലിം പണ്ഡിതന്മാരുടെ നിസ്സീമമായ പങ്കുണ്ട്. വിജ്ഞാനത്തിന് വിശുദ്ധ ഇസ്‌ലാം നല്‍കുന്ന പരിഗണനയും പ്രാധാന്യവുമാണ് അവരെ വൈജ്ഞാനിക ലോകത്തേക്ക് വഴിനടത്തിയത്. പണ്ഡിതന്മാരില്ലായിരുന്നെങ്കിൽ മനുഷ്യൻ മൃഗങ്ങളെ പോലെ ആകുമായിരുന്നെന്ന് മഹാനായ ഹസൻ ബസ്വരി(റ) പറഞ്ഞിട്ടുണ്ട്. അറിവിന്റെ ചക്രവാളങ്ങളിലൂടെ സഞ്ചരിക്കാന്‍ വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ധാരാളം സ്ഥലങ്ങളിൽ പ്രചോദിപ്പിക്കുന്നുണ്ട്. ഖുർആനിലെ പ്രഥമ സൂക്തം തന്നെ വായിക്കാനും മനനം ചെയ്യാനുമുള്ള ആഹ്വാനമാണ്. വിജ്ഞാനം തേടിയുള്ള യാത്രികൻ സ്വർഗീയ ഉദ്യാനത്തിലേക്കുള്ള വഴിയിലാണെന്നാണ് തിരുനബി(സ) പറഞ്ഞത്. (തിർമിദി)
അന്ധകാരത്തിന്റെ കരിമ്പടക്കെട്ടിൽ തിമർത്താടിയ ആറാം നൂറ്റാണ്ടിൽ വിശ്വപ്രഭയുമായി നിയോഗിതരായ മുത്ത്നബി(സ)യുടെ കാലം അറിവന്വേഷണത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവിടുത്തെ സദസ്സുകളില്‍ വിജ്ഞാന ദാഹികളായി എത്തിയിരുന്ന അനേകായിരങ്ങളെ സ്‌നേഹാദരവുകളോടെയായിരുന്നു അവിടുന്ന് വരവേറ്റത്. തിരു അധരങ്ങളിൽ നിന്നും ഉതിർന്നു വീഴുന്ന മൊഴിമുത്തുകളെ വാരിപ്പുണരാനും പകർത്തിയെടുക്കാനും പ്രചരിപ്പിക്കാനും അനുചരന്മാർ കാണിച്ച ഔത്സുക്യവും ശുഷ്കാന്തിയും അവർണനീയമാണ്. ആഗോള വൈജ്ഞാനിക ഭൂപടത്തിൽ ഏറ്റവും ശ്രദ്ധേയവും ശോഭനവുമായ കാലഘട്ടമെന്നാണ് പ്രസ്തുത കാലത്തെ വിശേഷിപ്പിക്കപ്പെടുന്നത്. തുടർന്നുള്ള ഖുലഫാഉറാശിദുകളുടെയും ശേഷമുള്ള ഭരണകൂടങ്ങളുടെയും കാലഘട്ടങ്ങളിലും മുസ്്ലിംകൾ ലോകത്തിന് സമ്മാനിച്ച സാംസ്കാരിക മൂല്യങ്ങളും നാഗരിക സംഭാവനകളും വളരെ വലുതാണ്.

ചിന്തിക്കാനും വായിക്കാനും പഠിക്കാനുമുള്ള വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം അക്ഷരാർഥത്തിൽ ഉള്‍ക്കൊണ്ട അനേകം ധിഷണാശാലികളായ മുസ്്ലിം പണ്ഡിതർ എക്കാലത്തും വൈജ്ഞാനിക ലോകത്തും ശാസ്ത്ര സാങ്കേതിക രംഗത്തും എണ്ണമറ്റ സംഭാവനകള്‍ സമർപ്പിച്ചിട്ടുണ്ട്. എട്ടാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലം ഇസ്്ലാമിന്റെ സുവർണ കാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. സ്‌പെയിനും ബഗ്ദാദും ഈജിപ്തുമെല്ലാം പ്രോജ്വലിച്ചുനിന്ന കാലമായിരുന്നു അത്. ലോകത്തെ അമ്പരിപ്പിച്ച അനേകം കണ്ടുപിടിത്തങ്ങൾ അക്കാലത്ത് നടത്തിയിട്ടുണ്ട്. യൂറോപ്യൻ ശാസ്ത്രജ്ഞരെപ്പറ്റി കേട്ടുകേള്‍വിയില്ലാത്ത മധ്യകാലഘട്ടത്തില്‍ ശാസ്ത്രലോകത്തെ നിയന്ത്രിച്ചിരുന്ന ധിഷണാശാലികളെല്ലാം അറബ് മുസ്‌ലിം നാടുകളില്‍ നിന്നുള്ള വിഖ്യാതരായ പണ്ഡിതന്മാരായിരുന്നു. അതുകൊണ്ടാണ് ഇബ്നുസീനയും ഇബ്നു റുശ്്ദും അബൂബക്കർ റാസിയുമെല്ലാം യൂറോപ്യരുടെ ഗ്രന്ഥങ്ങളിലും ചരിത്ര ശേഖരങ്ങളിലും ഇടം പിടിച്ചത്. ഇമാം ശാഫിഈ(റ), ഇമാം അബൂ ഹനീഫ(റ), ഇമാം മാലിക്(റ), ഇമാം അഹ്മദ്ബ്നു ഹമ്പൽ(റ), ഇമാം നവവി(റ), ഇമാം സുയൂത്വി(റ) തുടങ്ങിയവർ തഫ്സീർ, ഹദീസ്, കർമശാസ്ത്രം, നിദാന ശാസ്ത്രം തുടങ്ങിയ മതവിഷയങ്ങളിൽ അഗ്രഗണ്യരായതുപോലെ ഖവാരസ്മി, ഇബ്‌നുസീന, ജാബിറിബ്‌നു ഹയ്യാന്‍, അബൂനസ്‌റുല്‍ ഫാറാബി, ഇബ്‌നുല്‍ ഹൈസം, ഇബ്‌നു ബയ്തര്‍ തുടങ്ങിയവർ ഫിലോസഫി, ജ്യോമട്രി, ആസ്ട്രോണമി തുടങ്ങിയ ഭൗതിക വിജ്ഞാനീയങ്ങളിൽ അപ്പോസ്തലന്മാരായിരുന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, രസതന്ത്രം, ഊര്‍ജശാസ്ത്രം, ജന്തുശാസ്ത്രം, തത്വശാസ്ത്രം, നാവിക സഞ്ചാരം തുടങ്ങി അറിവിന്റെ സകല മേഖലകളിലും മുസ്്ലിംകള്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പ്രപഞ്ചത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അവതരിപ്പിച്ച മഹാ പണ്ഡിതനാണ് അബൂബക്കര്‍ അല്‍റാസി(റ). ഇമാം ഗസ്സാലി(റ)യുടെ എഴുത്തുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ധാരാളം ഭിഷഗ്വരന്മാർ വൈദ്യശാസ്ത്രരംഗത്ത് പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. അല്‍ ഇദ്്രീസിയുടെ വിശ്വഭൂപടം ലോക വിവരം നൽകുന്ന ആധികാരിക റഫറൻസാണ്. അഹ്മദ് ഇബ്ൻ അൽ ബൈതർ മികച്ച സസ്യശാസ്ത്രജ്ഞനും ഫാർമസിസ്റ്റുമായിരുന്നു.
ഇബ്നു ഹൈസം പ്രകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. അല്‍ബിറൂനി ഫിസിക്കല്‍ സയന്‍സിലും “കീമിയാ’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ ഉടമയായ ജാബിര്‍ ഇബ്നുഹയ്യാൻ കെമിസ്ട്രിയിലും അഗ്രഗണ്യന്മാരായിരുന്നു. അവിസെന്ന എന്ന പേരില്‍ അറിയപ്പെട്ട ഇബ്നുസീന വൈദ്യശാസ്ത്രരംഗത്തെ അവിസ്മരണീയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അല്‍ ഖാനൂനു ഫീ ത്വിബ്ബ് (വൈദ്യശാസ്ത്ര നിയമങ്ങള്‍) എന്ന ഗ്രന്ഥം ആയുരാരോഗ്യ രംഗത്തെ ഏറ്റവും ആധികാരിക ഗ്രന്ഥമായിട്ടാണ് പരിഗണിക്കപ്പെടുന്നത്.

ഗണിതശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് ഇബ്നു മൂസ അല്‍ ഖവാറസ്മിയുടെ സംഭാവനയാണ് അല്‍ജിബ്ര. കണ്ണുകളെ കുറിച്ചും നേത്രരോഗങ്ങളെ കുറിച്ചും പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയായ ഒഫ്താല്‍മോളജിയില്‍ മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ വളരെ വലുതാണ്. ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രഗത്ഭനായ നേത്രരോഗ വിദഗ്ധനായിരുന്നു അലി ഇബ്‌നു ഈസ. സ്പീച്ച് തെറാപ്പിയെ വിശദമായി അപഗ്രഥിക്കുന്ന ധാരാളം ഗ്രന്ഥങ്ങൾ ഇസ്്ലാമിക ലോകത്തുണ്ട്. മുസ്‌ലിം ജ്യോതിശാസ്ത്രത്തിലെ അതികായന്മാരിലൊരാളാണ് നാസ്വിറുദ്ദീന്‍ അത്തൂസി. വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ജ്യോഗ്രഫിയും സഞ്ചാര സാഹിത്യവും തത്വജ്ഞാനവുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ അല്‍ബിറൂനിക്ക് സാധിച്ചിരുന്നു. ഇങ്ങനെ ചരിത്രം സസൂക്ഷം നിരീക്ഷിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ, ഖുർആനിക വിജ്ഞാനീയങ്ങളിൽ നിന്നും പുരാതന വൈജ്ഞാനിക കേന്ദ്രങ്ങളിൽ നിന്നും അറിവുകൾ ശേഖരിക്കുകയും മൗലിക ഗവേഷണങ്ങൾ നടത്തുകയും അവ വികസിപ്പിച്ചെടുക്കുകയും ചെയ്ത് ശാസ്ത്രലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച അനേകം മുസ്്ലിം പ്രതിഭാശാലികളെയും ദർശിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest