Connect with us

International

ഗസ്സയില്‍ മനുഷ്യശരീരം ചിന്നിച്ചിതറി ആകാശത്തേക്കുയരുന്ന ഭീകര ദൃശ്യങ്ങള്‍; എക്‌സില്‍ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍

സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടും ക്രൂരതയുടെ ഭീകര ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകന്‍. ഇസ്‌റാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മനുഷ്യശരീരങ്ങള്‍ ഛിന്നഭിന്നമായി ആകാശത്തേക്ക് തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോയാണ് ഗസ്സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് എക്സില്‍ പങ്കുവെച്ചത്.

“നിങ്ങള്‍ അടുത്തേക്ക് നോക്കുന്തോറും ആളുകള്‍ വായുവിലൂടെ പറക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ എന്ന അടിക്കുറിപ്പും ആക്രമണങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന വീഡിയോക്ക് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ആഗോളതലത്തില്‍ പ്രചരിക്കുന്നുണ്ട്.

“അവര്‍ ഗസ്സയുടെ ആകാശത്ത് പറക്കുന്ന പക്ഷികളല്ല, അവ നൂറുകണക്കിന് മീറ്റര്‍ ആകാശത്തേക്ക് എറിയപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണെന്നായിരുന്നു വീഡിയോയോടൊപ്പമുള്ള മറ്റൊരു വൈറല്‍ പോസ്റ്റ്. ‘മിസൈല്‍ പതിച്ചപ്പോള്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവ എന്റെ നേരെ പറന്നുവന്നു. ആ സ്‌ഫോടനം വളരെ ശക്തമായിരുന്നു, എന്റെ സുഹൃത്ത് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പറക്കുന്നത് ഞാന്‍ കണ്ടു. വളരെ ശക്തനായ ഒരു വലിയ മനുഷ്യന്‍ നിങ്ങളുടെ മുന്നില്‍ പറക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന് ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിന്ന് അതിജീവിച്ച മുഹമ്മദ് ജിഹാദ് അല്‍-റവൈദ മാധ്യമങ്ങളോട് ചോദിച്ചു.

 

Latest